മലപ്പുറം: ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്‌വീട്ടിൽ അജയ് (24) ആണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം ചെണ്ണയിൽ വീട്ടിൽ സുന്ദരനാണ് പരാതി നൽകിയത്. മുൻവൈരാഗ്യം തീർക്കാനാണ് കട്ടൻ ചായയിൽ വിഷം കലർത്തിയതെന്ന് പൊലീസ് പറഞ്ഞു.
ടാപ്പിങ് തൊഴിലാളിയായ സുന്ദരൻ പുലർച്ചെ ജോലിക്കു പോകുമ്പോൾ ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോകാറുണ്ടായിരുന്നു. ഫ്ലാസ്ക് ബൈക്കിൽ വെച്ചതിനുശേഷം ഇടക്കിടെ പോയി ചായ കുടിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ചായ കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നി. അതിനുശേഷം സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു കട്ടൻചായ കൊണ്ടുപോയത്. അടുത്ത ദിവസം ചായകുടിച്ചപ്പോഴും രുചിയിൽ വ്യത്യാസം ഉണ്ടായിരുന്നു. മാത്രമല്ല, നിറത്തിലും വ്യത്യാസം കണ്ടു.
തുടർന്ന് സുന്ദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിൽ അജയും സുന്ദരനും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് അജയിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.