'സംഘികളെക്കാൾ വലിയ വിഷവിത്തുകളാണ് ഇടതുപക്ഷത്ത് വളർന്ന് വരുന്നത്, മനോനില തെറ്റിയ ചിലർ തെരുവുകളിൽ അലറുന്നു'; കേരളത്തിലെ യൂനിവേഴ്സിറ്റികൾ ആരുടെയും തറവാട് സ്വത്തല്ലെന്ന് പി.എം.എ. സലാം

തിരുവനന്തപുരം: എം.എസ്.എഫിനെതിരായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.

സംഘികളെക്കാൾ വലിയ വിഷവിത്തുകളാണ് ഇടതുപക്ഷത്ത് വളർന്ന് വരുന്നതെന്ന സത്യം സഞ്ജീവിന്റെ പ്രസ്താവനയിലൂടെ മലയാളികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞുവെന്നും കേരളത്തിലെ യൂനിവേഴ്സിറ്റികൾ ആരുടെയും തറവാട് സ്വത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു യൂനിയൻ തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും സലാം ഫേസ്ബുക്കിൽ കുറിച്ചു.

അക്രമ-വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള പ്രബുദ്ധ വിദ്യാർഥികളുടെ പ്രതികരണമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടമായത്. ഇതിൽ വിറളിപ്പൂണ്ട ചിലർ മനോനില തെറ്റി കഴിഞ്ഞ ദിവസങ്ങളിൽ തെരുവുകളിൽ അലറുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും സ്വന്തം തട്ടകങ്ങൾ തന്നെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഭ്രാന്തായിട്ടാണ് ഇതിനെ കാണേണ്ടതെന്നും സലാം തുറന്നടിച്ചു.

ഏൽപ്പിക്കപ്പെട്ട ദൗത്യമെല്ലാം പി.കെ. നവാസും സഹപ്രവർത്തകരും ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. വർഗീയത എന്ന ഉമ്മാക്കി കാട്ടി വിരട്ടിയാലൊന്നും പേടിച്ചു മാളത്തിൽ ഒളിക്കുന്നവരല്ല ഞങ്ങളുടെ കുട്ടികളെന്ന് ഇത്തരം ആളുകളെ ഓർമ്മപ്പെടുത്തുന്നുവെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പാലക്കാട് മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് എം.എസ്.എഫിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി രൂക്ഷ വിമർശനം നടത്തിയത്.

എം.എസ്.എഫ് ജമാഅത്തെ ഇസ് ലാമിക്കും കാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുകയാണ്. ഒന്നുമറിയാത്ത ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എം.എസ്.എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മത വർഗീയത വാദം മാത്രം കൈമുതലായിട്ടുള്ള സംഘടനയാണ് എം.എസ്.എഫ്. പി.കെ. നവാസ് ഒന്നാം നമ്പർ വർഗീയവാദിയാണ്. ഇത് ഞങ്ങൾ എവിടെയും പറയും, അതിന് നവാസിന്‍റെ ലൈസൻസ് വേണ്ട. തെറ്റായ രാഷ്ട്രീയമാണ് എം.എസ്.എഫ് കൈകാര്യം ചെയ്യുന്നത്.

ലീഗ് മാനേജ്‌മെന്റുള്ള കോളജുകളിൽ തെരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളജുകളിലെയും യു.യു.സിമാരെ ഉപയോഗിച്ചാണ് എം.എസ്.എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നത്. മതേതരത്വം നിലനിൽക്കുന്ന കാമ്പസിൽ എത്തുമ്പോൾ എം.എസ്.എഫ്, യു.ഡി.എസ്.എഫ് ആകും. കെ.എസ്‌.യുവിനെ പൂർണമായും എം.എസ്.എഫ് വിഴുങ്ങി. എം.എസ്.എഫിനെ എസ്.ഡി.പി.ഐയും കാമ്പസ് ഫ്രണ്ടും വിഴുങ്ങി. അതിന്റെ ഭാഗമായാണ് പി.കെ. നവാസിനെ പോലുള്ള വർഗീയവാദികൾ എം.എസ്.എഫ് നേതൃത്വത്തിൽ വന്നതെന്നും സഞ്ജീവ് ആരോപിച്ചിരുന്നു.

പി.എം.എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"കേരളത്തിലെ യൂണിവേഴ്സിറ്റികൾ ആരുടെയും തറവാട് സ്വത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ. അക്രമ-വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള പ്രബുദ്ധ വിദ്യാർത്ഥികളുടെ പ്രതികരണമാണ് ഇലക്ഷൻ റിസൽറ്റിലൂടെ പ്രകടമായത്. ഇതിൽ വിറളിപ്പൂണ്ട ചിലർ മനോനില തെറ്റി കഴിഞ്ഞ ദിവസങ്ങളിൽ തെരുവുകളിൽ അലറുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്വന്തം തട്ടകങ്ങൾ തന്നെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഭ്രാന്തായിട്ടാണ് ഇതിനെ കാണേണ്ടത്. സംഘികളെക്കാൾ വലിയ വിഷവിത്തുകളാണ് ഇടതുപക്ഷത്ത് വളർന്ന് വരുന്നതെന്ന സത്യം മലയാളികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

വർഗീയത എന്ന ഉമ്മാക്കി കാട്ടി വിരട്ടിയാലൊന്നും പേടിച്ചു മാളത്തിൽ ഒളിക്കുന്നവരല്ല ഞങ്ങളുടെ കുട്ടികളെന്ന് ഇത്തരം ആളുകളെ ഓർമ്മപ്പെടുത്തുന്നു.

ഏൽപ്പിക്കപ്പെട്ട ദൗത്യമെല്ലാം പി.കെ. നവാസും സഹപ്രവർത്തകരും ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. അന്യായങ്ങൾക്കെതിരെയും വിദ്യാർത്ഥി അവകാശങ്ങൾക്കുമായി ഇനിയും പോരാട്ടം തുടരും. കൂടെതന്നെയുണ്ട്." 

Full View


Tags:    
News Summary - PMA Salam's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.