തിരുവനന്തപുരം: മുൻ നിശ്ചയപ്രകാരം ആഗസ്റ്റ് 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം കഴിഞ്ഞാൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പൂര്‍ണ ഒരുക്കത്തിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ കടക്കും. വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളുടെ ക്രമീകരണം, സംവരണ മണ്ഡലങ്ങളുടെയും അധ്യക്ഷരുടെയും നറുക്കെടുപ്പ് തുടങ്ങിയവയാണ് 30നുശേഷം നടക്കേണ്ടത്. പേര് ചേര്ക്കുന്നതിനുള്പ്പെടെ 35.98 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ഏഴ് ലക്ഷത്തിലേറെ അപേക്ഷ അംഗീകരിച്ചു. ബാക്കിയുള്ളവയുടെ പരിശോധനയും ഹിയറിങ്ങും തുടരുകയാണ്. പരാതികള്‍ തീര്‍പ്പാക്കി അന്തിമപട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ഒഴിവാക്കുന്നതിന് ഫോറം എട്ടില്‍ അപേക്ഷ സ്വീകരിക്കും.
ഇതിന്റെ വിജ്ഞാപനം പിന്നീടുണ്ടാകും. തെരഞ്ഞെടുപ്പിനു മുമ്പ് പേര് ചേര്‍ക്കാന്‍ വീണ്ടും സമയം അനുവദിക്കും. സ്ത്രീ, പട്ടികജാതി, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗം, പട്ടികവര്‍ഗ സ്ത്രീ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് സംവരണം നിശ്ചയിക്കേണ്ടത്. സ്ത്രീകള്‍ക്ക് ഓരോ തദ്ദേശ സ്ഥാപനത്തിലും 50 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികവുമായാണ് സംവരണം. സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങൾവഴി പ്രചരിക്കുന്ന മാനദണ്ഡങ്ങള്‍ ശരിയല്ലെന്ന് കമീഷന് അറിയിച്ചു.
ഇപ്പോഴത്തെ കണക്കനുസരിച്ച് 30,759 ബൂത്തുകളാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ വോട്ടർപട്ടികയില്‍ 18 മുതല്‍ 22 ലക്ഷം വരെ പുതിയ വോട്ടര്‍മാര്‍ വന്നേക്കുമെന്നതിനാല്‍ ആവശ്യമെങ്കില്‍ ബൂത്തുകളുടെ എണ്ണം കൂട്ടും.
ഗ്രാമപഞ്ചായത്തുകള്‍ക്ക് 1300, നഗരസഭകള്‍ക്ക് 1600 എന്നിങ്ങനെയാണ് പരമാവധി വോട്ടര്‍മാരുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. ഇത് മാറാനും സാധ്യതയുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലകളില്‍ 20നകം പൂര്‍ത്തിയാകും. 51,551 കണ്ട്രോള് യൂനിറ്റുകളും 1,39,053 ബാലറ്റ് യൂനിറ്റുകളുടെയും പരിശോധനയാണ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.