തിരുവനന്തപുരം: ഇടുക്കിയടക്കം ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതോൽപാദനം വർധിപ്പിച്ച് കെ.എസ്.ഇ.ബി. ഇടുക്കിയിലെ ജലനിരപ്പ് സംഭരണശേഷിയുടെ 73 ശതമാനത്തിലേക്ക് എത്തി. വെള്ളിയാഴ്ച 71 ശതമാനമായിരുന്നു. പമ്പ (81 ശതമാനം), ഷോളയാർ (99 ശതമാനം), ഇടമലയാർ (79 ശതമാനം) എന്നിങ്ങനെയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ജലനിരപ്പ് വലിയതോതിൽ ഉയരാൻ ഇടയാക്കുന്നത്.
മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിലും വലിയ കുറവ് വന്നിട്ടുണ്ട്. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന പ്രതിദിന ഉപയോഗം 82 ദശലക്ഷം യൂനിറ്റാണ്. കഴിഞ്ഞ ദിവസത്തെ ഉപയോഗം 76.8122 ദശലക്ഷം യൂനിറ്റായിരുന്നു. ഇതിൽ 38.6854 ദശലക്ഷം യൂനിറ്റും ആഭ്യന്തരമായി ഉൽപാദിപ്പിച്ചതാണ്. 38.1268 ദശലക്ഷം യൂനിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയേക്കാൾ കുറച്ച് പുറത്തുനിന്നും വില കൊടുത്ത് വാങ്ങേണ്ട സാഹചര്യം ഉണ്ടാവുക അപൂർവമായാണ്.
ആഭ്യന്തര വൈദ്യുതിയിൽ 35.6854 ദശലക്ഷം യൂനിറ്റും ജലവൈദ്യുത പദ്ധതികളിൽ നിന്നായിരുന്നു. ഇടുക്കിയിൽനിന്ന് 7.748 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചപ്പോൾ ശബരിഗിരിയിൽ ഉൽപാദിപ്പിച്ചത് 5.8879 ദശലക്ഷം യൂനിറ്റാണ്. മറ്റ് ഡാമുകളിലും റൂൾകർവ് പാലിച്ച് ഉൽപാദനം ക്രമീകരിക്കുന്നുണ്ട്.
നിലവിൽ പീക്ക് സമയ പ്രതിദിന ആവശ്യകത 4000 മെഗാവാട്ടിൽ താഴെയാണ്. ശനിയാഴ്ച ഇത് 3800 മെഗാവാട്ട് ആയിരുന്നു. മഴമാറിയാൽ ഡാമുകളിലെ വൈദ്യുതോൽപാദനവും കുറക്കേണ്ടിവരും. ഈ സാഹചര്യം മുന്നിൽകണ്ട് കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരമുള്ള ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് റെഗുലേറ്ററി കമീഷൻ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.