തിരുവനന്തപുരം: നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ കത്ത് പോളിറ്റ്ബ്യൂറോയിൽ നിന്ന് ചോർന്നത് സി.പി.എമ്മിനുള്ളിൽ കത്തുന്നു. ചെന്നൈ കേന്ദ്രീകരിച്ച് വ്യവസായം നടത്തുന്ന കണ്ണൂർ ന്യൂ മാഹി സ്വദേശിയും പാർട്ടി ബന്ധമുള്ളയാളുമായ ബി. ഷർഷാദ് യു.കെയിലെ വ്യവസായി രാജേഷ് കൃഷ്ണക്കെതിരെ നൽകിയ 22 പേജുള്ള കത്താണ് ചോർന്നത്. കത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി വ്യവസായി ഷർഷാദിന് നോട്ടീസ് അയച്ചതോടെയാണ് തന്‍റെ കത്ത് സ്വകാര്യ അന്യായത്തിന്‍റെ ഭാഗമായി കോടതി രേഖയാവുകയും പരസ്യപ്പെടുകയും ചെയ്തതായി ബോധ്യപ്പെട്ടത്.
പിന്നാലെ താൻ സ്വകാര്യമായി പി.ബിക്ക് നൽകിയ കത്ത് ചോരാനിടയായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് ഷർഷാദ് ആഗസ്റ്റ് 12ന് പരാതി നൽകി. കത്ത് ചോർച്ചക്ക് പിന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മകൻ ശ്യാമിന്‍റെ പങ്ക് സംശയിക്കുന്നതായാണ് ഈ പരാതിയിലെ ആരോപണം.
കത്തിലെ ഉള്ളടക്കം ആരോപണങ്ങളെന്ന നിലയിൽ തള്ളാമെങ്കിലും പാർട്ടിയുടെ ഉന്നത ഘടകത്തിന് നൽകിയ കത്ത് എതിരാളികൾക്കടക്കം ഉപയോഗിക്കാൻ കഴിയും വിധം ചോർന്നതാണ് സി.പി.എമ്മിനെ കുഴപ്പിക്കുന്നത്. ഇതിനിടെ 2022ൽ ചെന്നൈയിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ താൻ നൽകിയ പരാതി പോളിറ്റ് ബ്യൂറോ നടപടികൾക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയിരുന്നുവെന്നും ഇവിടെ നിന്നാണ് കത്ത് ചോർന്നതെന്നുമുള്ള വെളിപ്പെടുത്തലുമായി ഷർഷാദ് ഞായറാഴ്ച രംഗത്തെത്തി.
ഇതോടെ കത്ത് വിവാദം പാർട്ടിയെ പിടിച്ചുകുലുക്കും വിധം പുതിയ മാനങ്ങളിലേക്ക് വഴിമാറുകയാണ്. വിവാദത്തിന് പിന്നിൽ പാർട്ടിക്കുള്ളിൽ നിന്നുള്ള അസ്വാഭാവിക നീക്കങ്ങളാണോ എന്ന സംശയവും ഉയരുന്നുണ്ട്. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ സി.പി.എം നേതാക്കളാരും തയാറായിട്ടില്ല.
വിദേശത്തെ കടലാസ് സ്ഥാപനങ്ങളുമായി ചേർന്ന് സർക്കാർ പദ്ധതികളിൽ പങ്കുചേരാൻ ശ്രമിച്ചു, ചെന്നൈയിൽ രജിസ്റ്റർ ചെയ്ത കമ്പനി വഴി വിദേശത്തുനിന്ന് പണം എത്തിച്ച് ചില നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് കൈമാറി, സംസ്ഥാനത്തെ പ്രമുഖരായ പാർട്ടി നേതാക്കളുമായി സാമ്പത്തിക ഇടപാട്, തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ പണത്തിന് പുറമെ കണ്‍സൽട്ടന്‍സി, മറ്റു സേവനങ്ങള്‍ എന്നീ പേരുകളിൽ പണം നൽകി’ എന്നിങ്ങനെയാണ് കത്തിലെ ആരോപണങ്ങൾ. പാർട്ടി നേതാക്കൾ യു.കെയിലെ വ്യവസായിയുമായി നടത്തിയ പണമിടപാടിലടക്കം അന്വേഷണം വേണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.