ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കൂട്ടിയിടിച്ച കെ.എസ്.ആർ.ടി.സി ബസും ഥാർ ജീപ്പും (ഉൾച്ചിത്രത്തിൽ മരിച്ച പ്രിൻസ് തോമസ്, മക്കളായ അൽക്ക, അതുൽ)
ഓച്ചിറ (കൊല്ലം): ദേശീയപാതയിൽ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്ന് നിഗമനം. വ്യാഴാഴ്ച രാവിലെ 6.10നാണ് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കുടുംബം സഞ്ചരിച്ച ഥാർ ജീപ്പും കൂട്ടിയിടിച്ച് പിതാവും രണ്ട് മക്കളും ദാരുണമായി കൊല്ലപ്പെട്ടത്.
ചവറ തേവലക്കര പടിഞ്ഞാറ്റക്കര പ്രിൻസ് വില്ലയിൽ തോമസിന്റെ മകൻ പ്രിൻസ് തോമസ് (44), മക്കളായ അതുൽ (15), അൽക്ക (ഏഴ്) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൾ ഐശ്വര്യയെ (17) അതീവ ഗുരുതരാവസ്ഥയിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ഭാര്യ വിന്ധ്യയെ (40) നിസ്സാര പരിക്കുകളോടെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ 20ഓളം പേർക്കും പരിക്കേറ്റു.
അമേരിക്കയിലേക്ക് പോകുന്ന വിന്ധ്യയുടെ സഹോദരപുത്രനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് മടങ്ങുംവഴിയാണ് അപകടം. അഞ്ച് പേരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പ് ഓടിച്ച പ്രിൻസ് ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് നിഗമനം. കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് ചേർത്തലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് വലിയകുളങ്ങര സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റി മുന്നോട്ട് നീങ്ങുന്നതിനിടയിൽ വടക്കുനിന്ന് അതിവേഗത്തിൽ വന്ന ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു.
തേവലക്കരയിലും മാരാരിത്തോട്ടത്തും കൈരളി ഫൈനാൻസ് എന്ന സ്ഥാപനം നടത്തുകയാണ് പ്രിൻസ്. അതുൽ കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും അൽക്ക തേവലക്കര സ്ട്രാറ്റ്ഫോർഡ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമാണ്.
ഓച്ചിറ പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം തേവലക്കര മാർ ആബോ തിരുമേനി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.