പത്തനാപുരം: പട്ടാഴി മൈലാടുംപ്പാറ കുളപ്പാറയിൽ റവന്യൂ ഭൂമിയിൽ നിന്നും മരം മുറിച്ചുകടത്തിയ സംഭവത്തിൽ കരാറുകാരനെയും, ഭൂവുടമയെയും പ്രതിയാക്കാൻ പൊലീസിന് ഭൂരേഖ തഹസീൽദാറുടെ കത്ത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ മറവിൽ, ഇതോടുചേർന്നുകിടന്ന റവന്യൂ ഭൂമിയിൽ നിന്നും വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയ വാർത്ത ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന്, ഭൂരേഖ തഹസീൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും മരങ്ങൾ മുറിച്ചുകടത്തിയതായി ബോധ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പട്ടാഴി വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ മഹസർ തയാറാക്കി, റിപ്പോർട്ട് ഭൂരേഖ തഹസിൽദാർക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്മേലാണ് പൊലീസ് നടപടിക്ക് ഭൂരേഖ തഹസിൽദാർ ജി.കെ. ഉമ കുന്നിക്കോട് പൊലീസിന് കത്ത് നൽകിയത്.
റവന്യൂ ഭൂമിയിൽ നിന്നും ഏഴു മരങ്ങൾ മുറിച്ചുകടത്തിയതായാണ് കണ്ടെത്തിയത്. എന്നാൽ, കുളപ്പുപാറയിലെ റവന്യൂ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടി ഇനിയും പൂർത്തിയായിട്ടില്ല. പൂർണമായും ഭൂമി അളന്നു തിട്ടപ്പെടുത്തിയാൽ മാത്രമേ എത്ര മരങ്ങൾ മുറിച്ചുകടത്തിയെന്ന് കണ്ടെത്താനാകൂ. രണ്ടര ഏക്കറോളം വരുന്ന റവന്യൂ ഭൂമിയുടെ ഒരുഭാഗം ഇനിയും അളന്നുതിട്ടപ്പെടുത്താൻ വൈകുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഭൂമി പൂർണമായും അളന്നു തിട്ടപ്പെടുത്താൻ കഴിയാത്തത് കാരണം വനംവകുപ്പ് നടപടികളും വൈകുകയാണ്. തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുകടത്തിയതിനാൽ വനം വകുപ്പിന് കേസെടുക്കണമെങ്കിൽ ആദ്യം റവന്യൂ ഭൂമിയുടെ അളവ് പൂർത്തീകരിക്കേണ്ടതായുണ്ട്. തേക്ക് മുറിക്കുന്നതിന് ആവശ്യമായ പാസ് ഭൂവുടമ നേടിയിട്ടില്ലെന്നാണ് വിവരം. മൂന്നുമാസം മുമ്പ് നടന്ന ‘മരംമുറി’ മാധ്യമം വാർത്തയെ തുടർന്നാണ് ചർച്ചയാകുന്നതും നടപടിയിലേക്ക് നീങ്ങുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.