കൊല്ലം: ജലസേചന വകുപ്പിൽ സ്ഥലം മാറ്റത്തിന്റെ മറവിൽ കൈക്കൂലി കൊള്ള നടക്കുന്നതായി ആക്ഷേപം. വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടി നേതാക്കളുടെ അറിവോടെ നടത്തുന്ന ‘സ്ഥലംമാറ്റ കച്ചവടം’ നിയന്ത്രിക്കുന്നത് തൃശൂർ സ്വദേശിയായ സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണന്നാണ് പരാതി. സ്ഥലം മാറ്റം ഉത്തരവിറങ്ങുകയും രണ്ട് ദിവസം കഴിഞ്ഞ് അത് റദ്ദാക്കുകയും ചെയ്യുന്നതിനിടെ എവിടെ ജോലിയിൽ പ്രവേശിക്കുമെന്നറിയാതെ കുഴയുന്ന ജീവനക്കാരിൽ നിന്ന് പ്രതിഫലം വാങ്ങി ഇഷ്ടമുള്ളിടത്ത് നിയമിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ബഹുമുഖ വരുമാനമാണ് ബന്ധപെട്ടവർ ലക്ഷ്യമിടുന്നത്.
കൊല്ലത്ത് വിവിധ ഓഫീസുകളിൽ ക്ലാർക്കുമാരെ സ്ഥലം മാറ്റി ജൂലൈ 31ന് ഉത്തരവ് ഇറങ്ങുകയും ഓഗസ്റ്റ് രണ്ടിന് അത് റദ്ദാക്കുകയും ചെയ്തു. ഇതോടെ നിലവിലെ ജോലിയിൽനിന്ന് വിടുതൽ വാങ്ങി രണ്ടു ദിവസത്തിനകം സ്ഥലംമാറ്റം ലഭിച്ച തസ്തികയിൽ ചേരാനാകാതെ വഴിയാധാരമായ നിരവധിപേരാണുള്ളത്. വിടുതൽ നേടിയവർക്ക് താല്ക്കാലികമായി ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകുകയോ അവരെ എവിടെ നിലനിർത്തണമെന്ന് വ്യക്തമാക്കുകയോ ചെയ്യാതെ ഇറങ്ങുന്ന ഈ ഉത്തരവിന്റെ മറവിലാണ് ആവശ്യമുള്ളിടത്തേക്ക് സ്ഥലംമാറ്റം നൽകി കച്ചവടമുറപ്പിക്കുന്നത്.
ആദ്യം പുറപ്പെടുവിക്കുന്ന ഉത്തരവിൽ പിശകുകൾ വരുത്തും , അതിന്റെ പേരിൽ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറപെടുവിക്കും. എന്നാൽ ആദ്യ ഉത്തരവിൽ സ്ഥലം മാറ്റം ലഭിച്ച പലർക്കും പുതിയ ഉത്തരവിൽ സ്ഥലം മാറ്റം ഉണ്ടാവില്ല. ഇതൊരു പതിവ് പരിപാടിയാക്കി ഇതിനായി ഒരു ലോബിതന്നെ വകുപ്പിൽ പ്രവർത്തിക്കുന്നുണ്ടന്നാണ് ആക്ഷേപം. പല ഉത്തരവുകളും ഇത്തരത്തിൽ തെറ്റുകൾ വരുത്തുകയും പിന്നീട് പുതുക്കി ഇറക്കുകയുമാണ് ചെയ്തിട്ടുണ്ട്. ഇല്ലാത്ത തസ്തികയിലേക്കടക്കം ഇത്തരത്തിൽ സ്ഥലം മാറ്റം നൽകാറുണ്ട്.
ജലസേചന വകുപ്പിൽ ഈ വർഷം മാത്രം പുറത്തിറങ്ങിയ ഡ്രൈവർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, ഡ്രാഫ്റ്റ്മാൻ, ഓഫീസ് അറ്റൻഡന്റ് തസ്തികളിൽ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയശേഷം പുതുക്കി പുറപ്പെടുവിച്ചു. ഇതിന്റെ എല്ലാം പിന്നിൽ പണം വാങ്ങി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നു. കൊല്ലം കനാൽ ഓഫീസിൽ ക്ലറിക്കൽ ജീവനക്കാരനായ വ്യക്തിക്ക് കോല്ലം കോസ്റ്റൽ എൻജിനീയറിംങ് സബ് ഡിവിഷനിലേക്കും മറ്റൊരാളെ അവിടനിന്ന് തിരിച്ചും സ്ഥലം മാറ്റി ഉത്തരവിറങ്ങുകയും ഒരാൾ മാത്രം ജോയിൻ ചെയ്തെങ്കിലും അടുത്ത ദിവസം തന്നെ ഉത്തരവ് റദ്ദാക്കുകയും ചെയ്തത് വിജിലൻസ് ഡയറക്ടർ അടക്കമുള്ളവർക്ക് പരാതിയായി എത്തിയിട്ടുണ്ട്. വിചിത്ര ഉത്തരവ് കാരണം ഈ മാസം രണ്ട് മുതൽ ഒരാഴ്ചയായി ജോലിചെയ്യാൻ ലാവണമില്ലാത്ത അവസ്ഥയിലാണ് താനെന്ന് ചൂണ്ടികാട്ടിയാണ് പരാതി ചെന്നിരിക്കുന്നത്.ഇതിന് പിന്നിലെ കള്ളകളികൾ പുറത്ത് കൊണ്ടുവരണമെന്നാവശ്യപെട്ടാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.