കോട്ടയം: നഗരസഭ നാട്ടകം സോണൽ ഓഫിസിലെ ഫ്യൂസ് വീണ്ടും ഊരി കെ.എസ്.ഇബി. തുടർച്ചയായ മൂന്നാം തവണയാണ് വൈദ്യുതി ബിൽ അടക്കാത്തിനാൽ കെ.എസ്.ഇ.ബി പള്ളം സെക്ഷൻ അധികൃതർ നാട്ടകം സോണൽ ഓഫിസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓൺലൈൻ ബിൽ സംവിധാനത്തിലേക്കു മാറുന്നതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണെന്നും പൂർത്തിയായാൽ ബിൽ അടക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
ജൂൺവരെ ചെക്ക് മുഖേനയാണ് ബിൽ അടച്ചിരുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങളിലും സമാന രീതിയിൽ കെ.എസ്.ഇ.ബി ഓഫിസ് അധികൃതർ നാട്ടകം സോണൽ ഓഫിസിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസവും ഫ്യൂസ് ഊരിയത്. ജൂലൈ 11 നാണ് പള്ളം സെക്ഷൻ ഓഫിസ് അധികൃതർ നാട്ടകം സോണൽ ഓഫിസിൽ വൈദ്യുതി ബിൽ നൽകിയത്. 26 നായിരുന്നു ബിൽ അടക്കേണ്ട അവസാന തീയതി.
ബിൽ അടച്ചില്ലെങ്കിൽ 27ന് ഫ്യൂസ് ഊരുമെന്ന് മുന്നറിയിപ്പും നൽകി. 17ന് തന്നെ നാട്ടകം സോണൽ ഓഫിസിൽനിന്ന് കോട്ടയം ഹെഡ് ഓഫിസിലേക്ക് വൈദ്യുതി ബിൽ അയച്ചു നൽകുകയും ചെയ്തിരുന്നു. എന്നാൽ, പത്തു ദിവസം കഴിഞ്ഞിട്ടും ബിൽ അടക്കാൻ നഗരസഭക്ക് സാധിച്ചില്ല. തിങ്കളാഴ്ച രാവിലെ ഓഫിസിൽ എത്തിയ കെ.എസ്.ഇ.ബി അധികൃതർ ഫ്യൂസ് ഊരി. ഇതോടെ നാട്ടകം സോണൽ ഓഫിസിലെ പ്രവർത്തനം തടസ്സപ്പെട്ടു.
ജനപ്രതിനിധികൾ അടക്കമുള്ളവർ സ്ഥലത്ത് എത്തിയെങ്കിലും ബിൽ അടക്കാനോ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനോ സാധിച്ചില്ല. സി.പി.എം പ്രവർത്തകർ നാട്ടകം ഒഫിസിലെത്തി പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ ബിൽ അടച്ചതായും വൈദ്യുതി പുനഃസ്ഥാപിച്ചതായും ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.