‘അസഹിഷ്ണുത ഭാരതത്തിന്‍റെ ശോഭ കെടുത്തും; തീവ്രമതവാദികൾക്കെതിരെ നടപടി വേണം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ അപലപിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയാണ് ഭാരതത്തെ ലോകത്തിന് മുന്നിൽ വേറിട്ട് നിർത്തുന്നത്. ദൗർഭാ​ഗ്യവശാൽ ഛത്തീസ്​ഗഡ് സംഭവം ലോകരാജ്യങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചിരിക്കുന്നുവെന്നും സുന്നഹദോസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഛത്തീസ്​ഗഡിലെ ​ദുർ​ഗിൽ പൊലീസിന്റെ കൺമുന്നിൽവെച്ചാണ് മതഭ്രാന്തരുടെ ചോദ്യമുനകളാൽ രണ്ട് കന്യാസ്ത്രീകൾക്ക് മുറിവേറ്റത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോ​ഗം രാജ്യവ്യാപകമായി നടക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഛത്തീസ്​ഗഡ് സംഭവം. രാജ്യത്ത് മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുകയാണെന്നും സുന്നഹദോസ് വിലയിരുത്തി.

അശരണരെയും ആലംബഹീനരെയും കൈപിടിച്ചുയർത്തുക എന്നത് ക്രൈസ്തവ ധർമമാണ്. ആദിവാസി-ദലിത് സമൂഹങ്ങൾക്കിടയിൽ സമാനതകളില്ലാത്ത മിഷൻ പ്രവർത്തനമാണ് സഭകൾ നടത്തുന്നത്. വിദ്യാഭ്യാസം, ആരോ​ഗ്യപരിപാലനം തുടങ്ങി നിരവധി മേഖലകളിൽ ക്രൈസ്തവ സമൂഹം ശ്രദ്ധേയമായ ദൗത്യം നിർവഹിക്കുന്നു. ഇതിനെയെല്ലാം വിദ്വേഷ മനോഭാവത്തോടെ കാണുന്നവർ ഈ രാജ്യത്തിന്റെ പുരോ​ഗതിക്ക് തുരങ്കം വെക്കുകയാണ്.

ഇത്തരം തീവ്രമതവാദികൾക്കെതിരെ നടപടിയെടുക്കാൻ ഭരണകർത്താക്കൾ തയാറാകണം. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രൈസ്തവ പീഡനങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ സുന്നഹദോസ്, ഛത്തീസ്​ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Orthodox Church condemns arrest of nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.