തിരുവനന്തപുരം: ഛത്തിസ്ഗഢിലെ ക്രൈസ്തവ വേട്ടക്കെതിരെ കേരളത്തിലെ ക്രിസ്ത്യൻ സഭകൾ പ്രതിഷേധവുമായി തെരുവിലേക്ക്. ബുധനാഴ്ച വിവിധ സഭകളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. നീതിനിഷേധം തുടരുന്ന സാഹചര്യത്തിൽ വിശ്വാസികളെകൂടി അണിനിരത്തി സഭാ നേതൃത്വം തെരുവിലിറങ്ങുന്നതോടെ സംസ്ഥാനത്തെ ബി.ജെ.പി കൂടുതൽ പ്രതിരോധത്തിലാകും. ബി.ജെ.പി സംസ്ഥാന നേതൃത്വം ഛത്തിസ്ഗഢിലേക്ക് ദൗത്യസംഘത്തെ അയച്ച് അനുനയനീക്കം നടത്തുന്നതിടെയാണ് സഭാനേതൃത്വം കേന്ദ്രത്തിനെതിരെ തെരുവിലിറങ്ങുന്നത്. മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി തടവിലാക്കിയ നടപടി സഭാനേതൃത്വവും വിശ്വാസികളും വൈകാരികമായാണ് കാണുന്നത്.
പൊതുസമൂഹത്തിന്റെ വലിയ പിന്തുണയും പ്രതിഷേധങ്ങൾക്കുണ്ട്. വൈകീട്ട് നാലിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മൂന്ന് കത്തോലിക്ക സഭാ വിഭാഗങ്ങൾക്ക് പുറമേ മറ്റ് സഭകളും പങ്കെടുക്കും. സഹോദര സമുദായ നേതാക്കളും സാംസ്കാരിക പ്രമുഖരും ഐക്യദാഢ്യവുമായെത്തും. ഇതിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് മൂന്ന് കത്തോലിക്ക വിഭാഗങ്ങളുടെ പ്രതിനിധികൾ തലസ്ഥാനത്ത് ചൊവ്വാഴ്ച യോഗം ചേർന്നു. കന്യാസ്ത്രീകളുടെ അറസ്റ്റ് നിഗൂഢവും ആസൂത്രിതവുമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. കന്യാസ്ത്രീകളെ സന്ദർശിക്കാൻ പ്രതിപക്ഷ എം.പിമാരെ അനുവദിക്കാത്ത നടപടിയിലും പ്രതിഷേധമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.