കരിയാർ സ്പിൽവേ
വൈക്കം: കരിയാർ സ്പിൽവേയുടെ ഷട്ടർ ഉയർത്തണമെന്ന ആവശ്യം ശക്തം. മൂവാറ്റുപുഴയാറും ഗ്രാമീണ ജലാശയങ്ങളും പോളയും പായലും തിങ്ങി വളർന്ന് ജലഗതാഗതം സാധ്യമല്ലാതായി മാറിയ അവസ്ഥയിലാണ് ബണ്ടിന്റെ ഷട്ടർ തുറക്കുന്നതിനോടനുബന്ധിച്ച് കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ തുറക്കേണ്ടതാണ്. വൈക്കം താലൂക്കിലെ നിരവധി ഓരുമുട്ടുകൾ ഇതുവരെ നീക്കംചെയ്യാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മത്തുങ്ക, ആമയിട, തോട്ടുവക്കം, വടയാർ, അഞ്ചുമന മഴുഞ്ചേരി, ഉദയനാപുരം, ടി.വി പുരം, വെച്ചൂർ, തലയാഴം തുടങ്ങിയ പ്രദേശങ്ങളിലെ ഓരുമുട്ടുകൾ നീക്കംചെയ്തിട്ടില്ല. ജലാശയങ്ങളിൽ നീരൊഴുക്കില്ലാതെ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ജലം മലിനമായി ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. ഇത് പ്രദേശവാസികളെ ദുരിതത്തിലാക്കി. ചൂട് കൂടിയതും മലിനീകരണത്തോത് ഉയർന്നു നിൽക്കുന്നതും മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്.
മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ നീരൊഴുക്ക് വർധിപ്പിച്ച് ജലഗതാഗതം പുനഃസ്ഥാപിക്കാനും മത്സ്യ ഉൽപാദനം വർധിപ്പിക്കാൻ അടിയന്തരമായി കരിയാർ സ്പിൽവേ ഷട്ടറുകളും ഓരുമുട്ടുകളും നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി. ബാബു ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കലക്ടർക്ക് നിവേദനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.