കാടുപിടിച്ച നിലയിൽ വള്ളക്കടവ് റോഡ്
വൈക്കം: ജില്ലയിലെ ഏക കായലോര ബീച്ച് നാശത്തോടടുക്കുമ്പോഴും അധികൃതർക്ക് മൗനം. വേമ്പനാട്ട് കായലിന് സമീപത്തെ വൈക്കം കായലോര ബീച്ചാണ് കാട് കയറിയും പരിചരണമില്ലാതെയും നാശോന്മുഖമാകുന്നത്. പകൽസമയത്ത് ഇഴജന്തുക്കളുടെ ഭീഷണിയെങ്കിൽ രാത്രിയായാൽ ലഹരിസംഘങ്ങളുടെ പ്രമുഖ കേന്ദ്രമാണിവിടം.
കായലോര സൗന്ദര്യം ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ കുടുംബങ്ങളുൾപ്പെടെ നിരവധിയാളുകൾ എത്തുന്നുണ്ടിവിടെ. ബീച്ചിന്റെ വള്ളക്കടവ് ഭാഗത്തുള്ള റോഡിനോട് ചേർന്ന കാടുപിടിച്ചുകിടക്കുന്ന പൊന്തപുല്ലിന്റെ മറവിലാണ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ. ഫിഷർമെൻ കോളനിയിൽനിന്ന് കായലിൽ മത്സ്യബന്ധനത്തിന് പോകാൻ നിർമിച്ച റോഡാണിത്. ഇഴജന്തുക്കളുടെ താവളം കൂടിയാണ് ഇവിടം.
കായലിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും വേലിയേറ്റ സമയത്തും ഒഴുകിയെത്തുന്ന ഇഴജന്തുക്കൾ കാടുകളിൽ സ്ഥിരവാസമാക്കുന്നു. കഴിഞ്ഞദിവസം കായലോര ബീച്ചിലെ കായലിനോട് ചേർന്ന് നിർമിച്ച നടപ്പാതയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത് സന്ദർശകരെ ഭീതിയിലാക്കിയിരുന്നു.
ഇവിടെ സ്ഥാപിച്ച ചാരുകസേരയിൽ ഇരിക്കുകയായിരുന്ന സന്ദർശകരുടെ സമീപത്തുകൂടെയാണ് പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങിയത്. ചാരുകസേരയുടെ പിൻഭാഗത്ത് തറയിൽ പുല്ലുകൾ വളർന്നുനിൽക്കുകയാണ്. ചൂട് ശക്തമായതോടെ കാടുകളിൽനിന്ന് ഇഴജന്തുക്കൾ പുറത്തേക്ക് കടക്കുന്ന സ്ഥിതിയാണ്.
ബീച്ചിന്റെ തൊട്ടടുത്താണ് വൈക്കം ഡിവൈ.എസ്.പിയുടെയും എക്സൈസിന്റെയും ഓഫിസുകൾ. ഇവിടെ പട്രോളിങ്ങും നടക്കുന്നുമുണ്ട്. എന്നാൽ, രാത്രികാലങ്ങളിൽ ബീച്ചിൽ വെളിച്ചമില്ലാത്തത് ലഹരിസംഘങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. ലഹരികൈമാറ്റത്തിനും ഉപയോഗത്തിനും ആളുകൾ കടന്നുചെല്ലാൻ മടിക്കുന്ന പ്രദേശങ്ങളാണ് ഇവർ തിരഞ്ഞെടുക്കുന്നത്.
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനബന്ധിച്ച് സർക്കാർ ചെലവിൽ ബീച്ച് വെട്ടിത്തെളിച്ച് മനോഹരമാക്കിയിരുന്നു. പിന്നിട് നഗരസഭ ബീച്ച് വികസനത്തിന് നേരേ കണ്ണടക്കുകയായിരുന്നു. വൈക്കം കായലോര ബീച്ചിന്റെ വികസനത്തിൽ നഗരസഭ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.