വൈക്കം: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ 2024-25 സാമ്പത്തികവർഷത്തെ റെയിൽവേ സ്റ്റേഷനുകളുടെ വരുമാനത്തിന്റെ കണക്ക് പുറത്ത് വന്നപ്പോൾ വരുമാനത്തിലും റാങ്കിങ്ങിലും മുന്നേറ്റം നടത്തി വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ. മുൻവർഷത്തെ 70,16379 രൂപയിൽനിന്ന് 92,49,047 രൂപയിലേക്കും റാങ്കിങ്ങിൽ കഴിഞ്ഞവർഷത്തെ 45ാംറാങ്കിൽനിന്ന് 37ലേക്കും വൈക്കം റോഡ് സ്റ്റേഷൻ മുന്നേറി.
തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകളിൽ വരുമാനം ഇടിയുമ്പോഴാണ് പുതിയ ട്രെയിൻ സ്റ്റോപ്പുകൾ ലഭിക്കാത്ത വൈക്കത്തിന്റെ ഈ നേട്ടം. വരുമാനത്തിൽ മികച്ച മുന്നേറ്റം നടത്തുമ്പോഴും വേണാട്, വഞ്ചിനാട്, പരശുറാം എക്സ്പ്രസുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് ഇപ്പോഴും മുഖംതിരിഞ്ഞ് നിൽക്കുകയാണ് റെയിൽവേ.
വൈക്കം റോഡിന്റെ തൊട്ടടുത്ത പ്രധാന റെയിൽവേ സ്റ്റേഷനായ പിറവം റോഡ് സ്റ്റേഷനിൽ മുൻവർഷത്തെക്കാളും 38,25,901 രൂപയുടെ വരുമാനനഷ്ടമാണ് റെയിൽവേക്ക്. മുൻവർഷത്തെ 3,56,39843ൽനിന്ന് 3,18,13942 ലേക്കാണ് വരുമാനം ഇടിഞ്ഞത്. മറ്റൊരു പ്രധാന സ്റ്റേഷനായ ഏറ്റുമാനൂരിൽ മൂന്ന് മാസത്തോളം ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാനസ്റ്റേഷനുകളിൽ നിന്നുമുള്ള ശബരിമല സ്പെഷൽ ട്രെയിനുകൾ അടക്കം നിർത്തിയിട്ടും വരുമാനത്തിൽ 16,21,632 രൂപയുടെ വർധന മാത്രമേയുള്ളൂ.
വൈക്കം റോഡ് സ്റ്റേഷനെക്കാളും 6,11,036 രൂപയുടെ കുറവ്. വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രം, ആദിത്യപുരം സൂര്യദേവക്ഷേത്രം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം എന്നിവക്ക് സമീപമുള്ള സ്റ്റേഷനായിട്ടും ശബരിമല തീർഥാടനകാലത്ത് ഒരു സ്പെഷൽ ട്രെയിനും വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കാൻ റെയിൽവേ തയാറായിരുന്നില്ല.
നിലവിൽ ഈവർഷത്തെ റാങ്കിങ് പ്രകാരം പിറവം റോഡ് സ്റ്റേഷൻ 31ാം റാങ്കിലും ഏറ്റുമാനൂർ സ്റ്റേഷൻ 35ാം റാങ്കിലും വൈക്കം റോഡ് 37ാംറാങ്കിലുമാണ്. പക്ഷേ, പിറവം റോഡ് സ്റ്റേഷനിൽ 30 ട്രെയിനുകളും ഏറ്റുമാനൂരിൽ 21 ട്രെയിനുകളും നിർത്തുമ്പോൾ വൈക്കത്ത് 19 ട്രെയിൻ മാത്രമാണ് നിർത്തുന്നത്.
വൈക്കം, കടുത്തുരുത്തി, പാലാ നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദവും മെയിൻലൈനിൽ ഐലൻഡ് പ്ലാറ്റ്ഫോമുകൾ അടക്കം മൂന്ന് പ്ലാറ്റ്ഫോമുകളുമുള്ള കോട്ടയം-എറണാകുളം മെയിൻ റോഡിനോട് ചേർന്ന ഏകസ്റ്റേഷനായ നിരവധി തീർഥാടന കേന്ദ്രങ്ങൾക്കും ടൂറിസം കേന്ദ്രങ്ങൾക്കും അടുത്ത സ്റ്റേഷനായ വൈക്കം റോഡ് സ്റ്റേഷനോടുള്ള റെയിൽവേ അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മണ്ഡലത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ട് എത്രയും വേഗത്തിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.