കോട്ടമൈതാനത്ത് നടന്ന കുടുംബശ്രീ ഓണം മേളയിൽ ജലജ ഉണ്ടാക്കിയ കരകൗശല വസ്തുക്കളുടെ സ്റ്റാൾ
പാലക്കാട്: ഒഴിവുസമയത്തെ വിരസത അകറ്റാൻ തുടങ്ങിയ കരകൗശല വസ്തു നിർമാണത്തിലൂടെ മികച്ച വരുമാനം നേടി വിജയഗാഥ രചിക്കുകയാണ് കൊല്ലങ്കോട് സ്വദേശിനി ജലജ എന്ന വീട്ടമ്മ. ജലജ നിർമിക്കുന്ന നെറ്റിപട്ടം, തിടമ്പ് എന്നിവക്ക് ആവശ്യക്കാരേറെയാണ്. പത്തുവർഷം മുമ്പാണ് കൊല്ലങ്കോട് ഊട്ടറ ശിവം വീട്ടിൽ ജലജ (50) നെറ്റിപട്ടം നിർമാണം തുടങ്ങിയത്.
പരിശീലനം നേടിയ ശേഷമായിരുന്നു തുടക്കം. പ്ലാസ്റ്റിക്കിൽ ഒന്നര അടി മുതൽ മൂന്നര അടി വരെയുള്ള നെറ്റിപട്ടങ്ങളും ഒരടി മുതൽ രണ്ടര അടി വരെയുള്ള തിടമ്പുകളുമാണ് നിർമിക്കുന്നത്. നവഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ചന്ദ്രക്കല തുടങ്ങി നെറ്റിപട്ടത്തിൽ വെക്കുന്ന എല്ലാ സാമഗ്രികളും തൃശൂരിൽനിന്നുമാണ് വാങ്ങുന്നത്. ശാസ്ത്ര പ്രകാരമാണ് നിർമാണം. വലുപ്പം അനുസരിച്ച് പരമാവധി മൂന്നുദിവസത്തിനുള്ളിലാണ് ഒരു നെറ്റിപട്ടം നിർമിക്കുക. മത്സ്യമാംസാദികൾ ഒഴിവാക്കിയാണ് നെറ്റിപട്ടം ഉണ്ടാക്കുക.
ചെറുപ്പം മുതൽ മ്യൂറൽ പെയിന്റിങ്ങിൽ താൽപര്യമുണ്ടായിരുന്ന ജലജ മക്കളുടെ വിദ്യാഭ്യാസമെല്ലാം പൂർത്തിയായശേഷം തിരക്കുകൾ കുറഞ്ഞപ്പോഴാണ് പഴയ ഇഷ്ടങ്ങളെല്ലാം വീണ്ടും പൊടിതട്ടിയെടുത്തത്. വീടുകളിൽ അലങ്കാരത്തിനായാണ് മിക്കവരും നെറ്റിപട്ടവും തിടമ്പുമെല്ലാം വാങ്ങുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമാണ് ആദ്യം നിർമിച്ചു നൽകിയിരുന്നത്.
കേരളത്തിനുപുറമേ ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ആവശ്യക്കാർ വിളിക്കാറുണ്ട്. കൊറിയർ വഴിയാണ് അയച്ചുകൊടുക്കുക. ജർമനി, അമേരിക്ക എന്നിവിടങ്ങളിലേക്കും താൻ നിർമിച്ച നെറ്റിപട്ടം പോയിട്ടുണ്ടെന്ന് ജലജ പറയുന്നു. ഒന്നര അടിയുടെ നെറ്റിപട്ടത്തിന് 1500 രൂപയാണ് വില.
രണ്ടര അടി-3500 രൂപ, മൂന്നര അടി-5500 രൂപ എന്നിങ്ങനെയാണ് നിരക്ക്. നെറ്റിപട്ടത്തിന് ചുറ്റും നൂലിന് പകരം മയിൽപീലി കൊണ്ട് അലങ്കരിക്കുന്നതിന് 4500 രൂപയാണ് വില. നെറ്റിപട്ടം, തിടമ്പ് നിർമാണത്തിന് പുറമേ മ്യൂറൽ പെയിന്റിങ്, ഗ്ലാസ് പെയിന്റിങ്, ആഭരണ നിർമാണം, പോട്ട് പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, കേക്ക് നിർമാണം എന്നിവയും ജലജ ചെയ്യാറുണ്ട്.
ഇതിനെല്ലാം പുറമേ നെറ്റിപട്ടം നിർമാണം പഠിപ്പിക്കുന്നുമുണ്ട്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് ഷർട്ടും മുണ്ടും മ്യൂറൽ പെയിന്റിൽ ചെയ്തു നൽകിയിട്ടുണ്ട്. സമ്മാനമായി നൽകാനായി അദ്ദേഹത്തിന്റെ സുഹൃത്താണ് ഓർഡർ നൽകിയിരുന്നത്. സാരികളിലും മ്യൂറൽ പെയിന്റ് ചെയ്യാറുണ്ട്. ഭർത്താവ് രവിശങ്കറും മക്കളായ രഞ്ജിതയും ഋതികയുമെല്ലാം ജലജക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.