തിരുവിഴാംകുന്നിലെ കോളജ് ഒാഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റ്
അലനല്ലൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലക്ക് കീഴിൽ തിരുവിഴാംകുന്നിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിൽനിന്ന് പഠിച്ചിറങ്ങിയ മുഴുവൻ കുട്ടികൾക്കും ജോലി ലഭിച്ചു. ഒമ്പത് ബാച്ചുകളാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്. 44 കുട്ടികൾക്കാണ് ഓരോ വർഷവും പ്രവേശനം എൻട്രൻസിലൂടെ ലഭിക്കുന്നത്. ഇത്തവണ മൂന്ന് വർഷത്തെ കോഴ്സ് നാല് വർഷമാക്കിയതോടെ ഓരോ വർഷം പഠനം പൂർത്തീകരിക്കുന്ന മുറക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്ന രീതിക്ക് തുടക്കമാവുകയാണ്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ അല്ലാതെയോ കോഴ്സ് പൂർത്തിയാക്കാതെ പുറത്ത് പോകുന്ന വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ കോളജിൽ വീണ്ടും പ്രവേശനം ലഭിക്കും എന്നതും സർവകലാശാലയുടെ ഇപ്പോഴത്തെ തീരുമാനമാണ്. കോഴ്സ് മുഴുവൻ പൂർത്തിയായവർക്ക് വിദേശ രാജ്യങ്ങളിൽ തുടർന്ന് പഠിക്കാനുള്ള സൗകര്യവും ഉണ്ട്. മുമ്പ് ഇത് ഉണ്ടായിരുന്നില്ല. പാഠ്യപദ്ധതിയുടെ ഭാഗമായി പ്രമുഖ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രി ഇന്റേൺഷിപ് പൂർത്തിയാക്കാനും അവസരമൊരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് നാലാം വർഷം ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവസരമുണ്ട്.
ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ, കോളജിനുള്ള ഗ്രൗണ്ട് എന്നിവ നിർമിക്കേണ്ടതുണ്ട്. വാഹനം നൽകാൻ എം.എൽ.എ. ഉറപ്പ് നൽകിയിട്ടുണ്ട്. ഗ്രീൻ ഹൈവെ റോഡ് എക്സ്പ്രസ് ഹൈവേ ആക്കുന്നതിന്റെ ഭാഗമായി എടത്തനാട്ടുകരയിൽ പ്രവേശനം കവാടം ലഭിക്കുകയാണങ്കിൽ കന്നുകാലി ഗവേഷണ കേന്ദ്രത്തിനും, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളജിന് വളരെ ഉപകാരപ്രദമാകുമെന്നും അതിന് എം.എൽ.എ. മുന്നിട്ട് ഇറങ്ങണമെന്നും കോളജ് അധികാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.