വടക്കഞ്ചേരി: ഓണച്ചെലവിന് പണം കണ്ടെത്താനായി റബർ വിൽക്കേണ്ടിവന്നത് കർഷകർക്ക് നഷ്ടമായി. റബർ വില കുത്തനെ ഇടിഞ്ഞതോടെ ഓണക്കാലം ദുരിതത്തിലായിരിക്കുകയാണ്. ഒരു കിലോ റബറിന് 184 രൂപയായി കുറഞ്ഞതാണ് കർഷകരെ വലക്കുന്നത്. ഓണം അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി കൂടുതൽ പേർ കൈവശമുള്ള റബർ ഷീറ്റുകൾ വിൽക്കാൻ എത്തിയതാണ് വിലയിടിവിന് പ്രധാന കാരണം. കഴിഞ്ഞ മാസം ആദ്യം 200 രൂപക്ക് മുകളിൽ വിലയുണ്ടായിരുന്ന റബറാണ് ഇപ്പോൾ കുത്തനെ ഇടിഞ്ഞത്. ഇതിനിടെ, അകാലിക ഇലകൊഴിച്ചിൽ രോഗവും അമിത മഴയും കാരണം ഉൽപാദനം പകുതിയായി കുറഞ്ഞതും കർഷകരുടെ ദുരിതം വർധിപ്പിച്ചു.
വിലയിടിവ് കാരണം റബർ ടാപ്പിങ് കൂലി നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. റബർ ടാപ്പിങ് കൂലിക്ക് പുറമെ ആസിഡ്, അനുബന്ധ സാമഗ്രികൾ, ഷീറ്റുകൾ പുകക്കാനുള്ള വിറക്, ചകിരി എന്നിവയുടെ വിലയും വർധിച്ചത് ഉൽപാദനച്ചെലവ് താങ്ങാനാവാത്ത നിലയിലേക്ക് എത്തിച്ചു. ഇതോടെ, ഭൂരിഭാഗം കർഷകരും തൊഴിലാളിയും ഉടമയും കിട്ടുന്നതിൽ പാതി തുല്യമായി പങ്കിട്ടെടുക്കുന്ന രീതിയിലേക്ക് മാറി.
താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യം ശക്തം കഴിഞ്ഞ മൂന്നുവർഷമായി റബറിന് സർക്കാർ നിശ്ചയിച്ച താങ്ങുവില 180 രൂപയിൽ മാറ്റമില്ലാത്തത് ചെറുകിട കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റബറിന് 250 രൂപ താങ്ങുവില വേണമെന്ന കർഷകരുടെ ദീർഘകാലമായുള്ള ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ക്രിസ്മസ് സീസണിലും സമാനമായ രീതിയിൽ വിലയിടിവ് കർഷകരെ ദുരിതത്തിലാക്കിയിരുന്നു.
ആഗോള വിപണിയിലെ തകർച്ച, യുദ്ധം തുടങ്ങിയ കാരണങ്ങളാണ് വിലയിടിവിന് പിന്നിലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, മറ്റു മേഖലകളിലെ കർഷകരെ സഹായിക്കുന്നതുപോലെ റബർ കർഷകരെയും സംരക്ഷിക്കാൻ താങ്ങുവില 250 രൂപയാക്കി ഉയർത്തണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.