തിരുവല്ല: എം.സി റോഡിലെ ഇടിഞ്ഞില്ലം ജങ്ഷനിൽ അപകടങ്ങൾ വർധിക്കുന്നു. കാവുംഭാഗം-ഇടിഞ്ഞില്ലം, നാലുകോടി-ഇടിഞ്ഞില്ലം എന്നീ പാതകൾ എം.സി റോഡുമായി സംഗമിക്കുന്ന ജങ്ഷനാണിത്. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിൽനിന്ന് എം.സി റോഡിലേക്ക് പ്രവേശിക്കുന്നവയും കാവുംഭാഗം റോഡിലേക്ക് പോകുന്നതുമായ വാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്.
മൂന്നു വർഷത്തിനിടെ ഇവിടെയുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് ജീവനാണ് നഷ്ടമായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അനേകം കാൽനടക്കാർക്കും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. സിഗ്നൽ സംവിധാനമോ വേഗനിയന്ത്രണ ഉപാധികളോ ഇല്ലാത്തത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് ഒരുകിലോമീറ്ററോളം ദൂരത്തിൽ വളവും തിരിവും ഇല്ലാത്തതിനാൽ അമിത വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു. രാത്രിയിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്.
പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശംകൂടി ആയതിനാൽ അപകടങ്ങൾ സംഭവിക്കുമ്പോൾ പൊലീസും അഗ്നിരക്ഷാ സേനയും എത്താൻ വൈകുന്നതായും ആക്ഷേപമുണ്ട്. ഏത് ജില്ലയുടെ പരിധിയിലാണ് അപകടമെന്ന ആശയക്കുഴപ്പമാണ് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.