ബൈക്കുകളിൽ അഭ്യാസപ്രകടനം, വീഡിയോ പകർത്തുന്നത് കണ്ടതോടെ നമ്പർപ്ലേറ്റ് മറച്ചു; കേസെടുത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും

തിരുവല്ല: നമ്പർ പ്ലേറ്റ് മറച്ച് സ്പോർട്സ് ബൈക്കുകളിൽ യുവാക്കൾ അഭ്യാസം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. തിരുവല്ല പൊലീസും നടപടികൾ ആരംഭിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റ് മറച്ചതും ഇല്ലാത്തതുമായ രണ്ട് ബൈക്കുകളിലായി ഹെൽമറ്റ് ഹെൽമെറ്റ് പോലും ധരിക്കാതെ ആറംഗ സംഘം എം.സി റോഡിലെ കുറ്റൂർ മുതൽ കല്ലിശ്ശേരി വരെ നടത്തിയ അഭ്യാസപ്രകടനം വാർത്തയായതിന് പിന്നാലെയാണ് നടപടി.

ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കുറ്റൂർ മുതൽ യുവാക്കൾ ബൈക്കിൽ അഭ്യാസപ്രകടനം തുടങ്ങി. എതിരെ വരുന്ന വാഹനങ്ങളെ വരെ അപകടപ്പെടുത്തും വിധം അമിതവേഗത്തിൽ ആയിരുന്നു സഞ്ചാരം. പ്രാവിൻ കൂടിന് സമീപത്തുവച്ച് പിന്നാലെയെത്തിയ കാർ യാത്രികൻ മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് യുവാക്കൾ പിൻവശം പേപ്പറും കൈകളും കൊണ്ട് മറയ്ക്കാൻ ശ്രമിച്ചത്.

രണ്ടാമത്തെ ബൈക്കിന്റെ പിൻവശത്ത് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. രണ്ട് ബൈക്കുകളിൽ ഒന്നിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹന ഉടമയായ കുറ്റൂർ വെൺപാല നീലിമ ഭവനിൽ സ്മിത പി.ആർ എന്ന ആൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഈ ബൈക്ക് കേന്ദ്രീകരിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. സൈബർ പെട്രോളിങ് സെല്ലിന്റെ നിർദ്ദേശപ്രകാരമാണ് തിരുവല്ല പൊലീസ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.

Tags:    
News Summary - bike stunt in Thiruvalla; case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.