വിജയ് ഇന്ദുചൂഢൻ, ആർ. ഇന്ദുചൂഢൻ, മനോജ് എബ്രഹാം ഐ.പി.എസ്
കോഴിക്കോട്: കോൺഗ്രസ് നേതാവ് ആർ. ഇന്ദുചൂഢൻ അടക്കമുള്ളവരെ മർദിക്കാൻ നേതൃത്വം നൽകിയ അന്നത്തെ അടൂർ എ.എസ്.പി ഇന്ന് ഡി.ജി.പിയാണെന്ന മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഇന്ദുചൂഢന്‍റെ മകനും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന വിജയ്‌യുടെ എഫ്.ബി പോസ്റ്റ് പങ്കുവെച്ച് ചാണ്ടി ഉമ്മൻ. അടൂരിൽ ഇന്ദുചൂഢന്‍ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് മർദനത്തിന് നേതൃത്വം നൽകിയത് എ.സി.പിയായിരുന്ന മനോജ് എബ്രഹാം ഐ.പി.എസ് ആയിരുന്നുവെന്ന് വിജയ് പിതാവിന്‍റെ ഓർമകൾ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. പൊലീസ് മർദനത്തെ കുറിച്ച് ചിത്രങ്ങളും വാർത്തകളും വിജയ് എഫ്.ബിയിൽ പങ്കുവെച്ചു
'യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റായിരിക്കെ അടൂരിൽ നടന്ന ഭയാനകമായ ലാത്തിച്ചാർജ് ഒരുപക്ഷേ ഇന്നത്തെ ഒട്ടുമിക്ക നേതാക്കൾക്കും സുപരിചിതമാണ്. ഇന്നത്തെ പൊലീസ് മേൽ ഉദ്യോഗസ്ഥൻ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ആ ലാത്തിച്ചാർജ്. അച്ഛനെ ടാർഗറ്റ് ചെയ്ത് പൊതിരെ തല്ലി നട്ടെല്ലടിച്ചു പൊട്ടിക്കുന്നു. ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചെടുത്ത ചോരചീന്തിയ ഒരു വലിയ സമരം. അന്നുതന്നെ അച്ഛനെ ആശുപത്രിയിൽ മാറ്റി. പക്ഷെ തുടർന്നുണ്ടായ മൂന്നാമത്തെ ലാത്തിച്ചാർജിൽ അച്ഛന്റെ കഴുത്തിനും പെടലിക്കും കൂടി ഭീകരമായ ക്ഷതം സംഭവിച്ചു'. -വിജയ് ഇന്ദുചൂഢൻ വിവരിക്കുന്നു.
ഒരു കാലഘട്ടത്തിലെ തീക്ഷ്ണമായ സമരപോരാട്ടത്തിന്റെ നായകനായിരുന്നു ഇന്ദുചൂഢന്‍ എന്ന് ചാണ്ടി ഉമ്മനും എഫ്.ബി പോസ്റ്റിൽ കുറിച്ചു. കാലം എത്ര കഴിഞ്ഞാലും ചരിത്രം നിങ്ങളെ സ്മരിക്കപ്പെടും. ഇന്ദുചൂഢന്‍റെ മകൻ വിജയ് ഇന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റാണെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
ഒരു കാലഘട്ടത്തിലെ തീക്ഷ്ണമായ സമര പോരാട്ടത്തിന്റെ നായകനായിരുന്നു പ്രിയപ്പെട്ട ചൂഡൻ ചേട്ടൻ... ലാത്തിയുടെ പ്രഹരവും, ലാടത്തിന്റെ ചവിട്ടുമേറ്റ് ആ പോരാളി യുദ്ധ ഭൂമിയിൽ വീണപ്പോൾ അവിടെ വീണത് ഇന്ദുചൂഡൻ മാത്രമല്ല...രാഷ്ട്രീയഭേദമന്യേ ജനങ്ങൾക്ക് പ്രതീക്ഷയുള്ള ഒരു നേതാവിനെയും, ഒപ്പം യൂത്ത് കോൺഗ്രസിന്റെ ആവേശവുമാണ്...
കാലം എത്ര കഴിഞ്ഞാലും ചരിത്രം നിങ്ങളെ സ്മരിക്കപ്പെടും..അന്നത്തെ ലാത്തി ചാർജിൽ ഇന്ദുചൂഡന്റെ ചോര പുരണ്ട ഷർട്ടുമായി ഗവർണറുടെ വണ്ടിയുടെ മുന്നിലേക്ക് ചാടി വീണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ KC വേണുഗോപാൽ ചരിത്രം കുറിച്ചു ...
മകൻ വിജയ് ഇന്ദുചൂഡൻ ഇന്ന് യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്.അച്ഛനെ അടുത്തനുഭവിച്ചറിഞ്ഞ പ്രിയപെട്ടവന്, നീണ്ട 20 വർഷങ്ങൾക്ക് ശേഷം അതെ സ്ഥാനത്തിരുന്ന് നിലപാടുകൾ ചേർത്ത് പിടിക്കുവാൻ സാധിക്കട്ടെ...
വിജയുടെ വാക്കുകൾ...
ഈ വരുന്ന 10ആം തിയതി അച്ഛൻ മരിച്ചിട്ട് 9 വർഷങ്ങൾ തികയുകയാണ് .ഈ കഴിഞ്ഞ ദിവസങ്ങൾ അത്രയും പോലീസ് മർദ്ദനങ്ങളെ കുറിച്ചാണ് നമ്മൾ കേൾക്കുന്നത്,അതിന് നേതൃത്വം കൊടുക്കുന്ന ഭരണത്തിനെ കുറിച്ചാണ് നമ്മൾ തിരക്കുന്നതും.
അത്തരം ക്രൂര മർദനത്തിനിരയായി മരണത്തിലേക്ക് കടന്നുപോയ അച്ഛനെ കുറിച്ച് പലർക്കും അറിയാവുന്നതാണ്..
അതിന് മുൻപ്..
2016 ൽ പെമ്പിളൈ ഒരുമൈ സംഘടനയെ അവഹേളിച്ച മന്ത്രി എംഎം മണിയെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിക്കുന്നു ..മന്ത്രി വന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയും ചെയ്തു.അതിനു ശേഷം ജില്ലയിൽ പോലീസ് ഒരു മൂന്നാംമുറയ്ക്ക് ഉത്തരവിട്ടു അതും മണി മന്ത്രിയുടെ നിർദേശ പ്രകാരം. മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ചതച്ച് പിടിച്ചു കൊണ്ടുവരാൻ ആയിരുന്നു നീക്കം.
പരിപാടി കഴിഞ്ഞു വീട്ടിലേക്ക് പോകാൻ നിന്ന എന്നെ മുത്തൂറ്റ് ആശുപത്രിയുടെ മുൻപിലിട്ട് പോലീസ് പിടിച്ചു, താഴെവീണതും നിലത്തിട്ട് അതി ഭീകരമായി മർദിച്ച് ജീപ്പിലേക്ക് കയറ്റി, ഒരു പോലീസ് പുറകിൽ ഇരുന്ന് തല പിന്നിലോട്ട് വലിച്ചു പിടിച്ച്, ക്യാമ്പിൽ ഉണ്ടായിരുന്ന പോലീസുകാരായിരിക്കാം സൈഡിൽ ഇരുന്ന് കൈകൾ ബലമായി പിടിച്ച് വച്ചു,എന്റെ ഓർമ്മ ശരിയാണെങ്കിൽ ടോർച്ച് ആണെന്ന് തോന്നുന്നു അത് വെച്ച് മുഖത്ത് കൃത്യം കണ്ണിന് താഴെ 2 അടി.. ഒരിഞ്ച് മാറിയിരുന്നെങ്കിൽ കാഴ്ച പോലും നഷ്ടപ്പെട്ടേക്കാവുന്ന തരത്തിൽ അവരെന്നെ ഉപദ്രവിച്ചു...
സ്റ്റേഷനിൽ കൊണ്ടുപോകാമായിരുന്നിട്ടും അവിടെ കയറാതെ രണ്ട് തവണ ടൗണിലൂടെ ജീപ്പിൽ കറങ്ങി എന്നെ തല്ലി ചതച്ചു, കേവലം ഒരു പ്രതിഷേധത്തിന്റെ പേരിൽ..പരാതി ഒക്കെ മുറയ്ക്ക് പോയെങ്കിലും ഒന്നുമുണ്ടായില്ല.
പക്ഷേ ഞാൻ ഓർമ്മിച്ചതിതൊന്നുമല്ല... ജീവിതത്തിൽ അച്ഛൻ വലിയൊരു പ്രതീക്ഷയായിരുന്നു..എന്തുവന്നാലും സ്വന്തം വിൽപവർ കൊണ്ട് വേദനകളെ തള്ളിക്കളയാൻ ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്...
കെഎസ്‌യു ജില്ലാ പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും ഒക്കെയായി ജീവിച്ച ആർ.ഇന്ദുചൂഡനെ പഴയ കുടുംബത്തിന്റെ പരാധീനതകൾ ഒന്നും അലട്ടിയതായി എനിക്കറിയില്ല.. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയിലുള്ള അദ്ദേഹത്തിന്റെ അച്ഛനും അമ്മയും 2 സഹോദരങ്ങളും... 6അടി 2 ഇഞ്ച് ഉയരം, ആരോഗ്യപരമായും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആയിരിക്കെ അടൂരിൽ നടന്ന ഭയാനകമായ ലാത്തി ചാർജ് ഒരുപക്ഷേ ഇന്നത്തെ ഒട്ടുമിക്ക നേതാക്കൾക്കും സുപരിചിതമാണ്.. ഇന്നത്തെ പോലീസ് മേൽ ഉദ്യോഗസ്ഥൻ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ആ ലാത്തിച്ചാർജ്.. അച്ഛനെ ടാർഗറ്റ് ചെയ്ത് പൊതിരെ തല്ലി നട്ടെല്ലടിച്ചു പൊട്ടിക്കുന്നു.. ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചെടുത്ത ചോര ചീന്തിയ ഒരു വലിയ സമരം.. അന്നുതന്നെ അച്ഛനെ ആശുപത്രിയിൽ മാറ്റി .പക്ഷെ തുടർന്നുണ്ടായ മൂന്നാമത്തെ ലാത്തി ചാർജിൽ അച്ഛന്റെ കഴുത്തിനും പെടലിക്കും കൂടി ഭീകരമായ ക്ഷതം സംഭവിച്ചു..
അതിന് ശേഷം,
പിന്നീടങ്ങോട്ട് ഓർമ്മവച്ച ഒരു കാലം പോലും എന്റെ വീട്ടിൽ അച്ഛൻ വേദന കൊണ്ട് പുളഞ്ഞ് അലറി വിളിക്കാത്ത രാത്രികളോ പകലുകളോ ഉണ്ടായിരുന്നില്ല.. എണ്ണിയാലൊടുങ്ങാത്ത മരുന്നിന്റെയും, ആയുർവേദത്തിന്റെയുമൊക്കെ മണം എനിക്ക് സുപരിചിതമായത് അന്നാണ്.. ആശുപത്രിയിൽ പണം അടയ്ക്കാൻ നന്നേ ബുദ്ധിമുട്ടിയ നാളുകൾ. മിനിറ്റിന് മിനിറ്റിന് അടിച്ചുവരുന്ന ബില്ലുകളായിരുന്നു ആ കാലത്തെന്റെ അമ്മയുടെ ഏറ്റവും വലിയ പേടിസ്വപ്നം..
ആ ലാത്തി ചാർജ് കഴിഞ്ഞതിൽ പിന്നെ നല്ല ഉയരവും തൂക്കവും ഒക്കെ ഉള്ള ആർ. ഇന്ദുചൂഡൻ തലയോ പെടലിയോ ഒന്നനക്കുവാനോ, തിരിക്കുവാനോ വയ്യാതെ കൂനിപ്പോയീ...
അത് ഞങ്ങളെ പോറ്റുന്നതിന് വേണ്ടി വെറും ആയിരം രൂപ ശമ്പളത്തിൽ ജോലി ചെയ്ത് തുടങ്ങി ,ജീവിച്ചിരിക്കെ തന്നെ വിധവയാകേണ്ടി വന്ന എന്റെ അമ്മയുടെ 34ആം വയസ്സു മുതൽ....
വയ്യാതെ, വേദന തിന്ന് ജീവിച്ച നീണ്ട 10-16 വർഷങ്ങൾ ഞാൻ ഒരു കാര്യമേ ആഗ്രഹിച്ചിരുന്നുള്ളൂ..
ഒരു ദിവസമെങ്കിൽ ഒരു ദിവസം അച്ഛനെ പഴയതുപോലെ നിവർന്നു നിർത്താൻ പറ്റിയിട്ട് ഒന്ന് ചേർത്ത് പിടിക്കണമെന്ന്..
അടൂരിൽ നടന്ന ലാത്തി ചാർജിൽ പരി ക്കേറ്റവരുടെ കൂട്ടത്തിൽ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനും, ശ്രീ അടൂർ പ്രകാശും ഉണ്ട്.
സമാന ക്രൂരതകൾക്ക് ഇരയാക്കപ്പെട്ട പ്രിയപ്പെട്ട ശ്രീ ബാബുപ്രസാദും,പ്രതാപ വർമ തമ്പാനും ശാസ്താംകോട്ട സുധീറും, NG സുരേന്ദ്രനും,അനിൽ തോമസുമടക്കം നേതാക്കൾ. ശ്രീ KC വേണുഗോപാൽ സംസ്ഥാന യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനായിരുന്ന കാലഘട്ടമായിരുന്നു അത്..
അന്നുമുതൽ ഈ മൂന്നാംമുറയുടെ ഒരു സാക്ഷിയെന്ന നിലയിൽ.. ഇന്ദുചൂഡനടക്കം നമ്മൾ രണ്ട് ദിവസമായി സംസാരിക്കുന്ന സുജിത്തും സൈനികനമുൾപ്പടെ സമാനമായ സംഭവങ്ങളുടെ ഇരകളാണ്.... മാനസിക വൈകല്യമുള്ള ഒരുകൂട്ടമാളുകൾ ചതചില്ലാതാക്കുന്നത് ഞങ്ങളെ പോലുള്ള നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയാണ്.... അത്താണിയാണ്....
ഒരു കാര്യം പറയാം, എന്ത് വന്നാലും മരണം വരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് തന്നെ പോരാടും...എത്ര മർദ്ദനമുറകൾ ഏൽക്കേണ്ടി വന്നാലും...✊
ആർ. ഇന്ദുചൂഢന്‍റെ ചരമവാർഷികദിനത്തിൽ ഫേസ്ബുക്കിൽ എഴുതിയ അനുസ്മരണ കുറിപ്പിലാണ് പൊലീസ് അതിക്രമത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ രൂക്ഷമായി വിമർശിച്ചത്. 1996-97 കാലത്ത് അടൂർ സബ് ഡിവിഷനിൽ എ.എസ്.പിയായിരുന്ന നിലവിലെ ഡി.ജി.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അടിച്ചമർത്തൽ നയമാണ് സ്വീകരിച്ചതെന്ന് തിരുവഞ്ചൂർ എഫ്.ബി. പോസ്റ്റിൽ കുറിച്ചു.
പാർട്ടി പ്രവർത്തകരെ പിടിച്ചു കൊണ്ടുപോയി കസ്റ്റഡിയിൽവെക്കുന്നത് അടക്കമുള്ള നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടൂർ എ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചു. ലാത്തിച്ചാർജ് നടത്തിയ പൊലീസ് രാവിലെ മുതൽ ഭീകാരാന്തരീക്ഷമാണ് അടൂർ ടൗണിൽ സൃഷ്ടിച്ചത്. ഗാന്ധി പാർക്ക് മൈതാനിയിൽ താൻ സത്യാഗ്രഹം കിടന്നു. സംഭവം അറിഞ്ഞ് കോന്നി എം.എൽ.എയായിരുന്ന അടൂർ പ്രകാശും സത്യാഗ്രഹ പന്തലിലേക്ക് എത്തിയിരുന്നു.
വൈകുന്നേരമായപ്പോൾ എ.എസ്.പിയുടെ നേതൃത്വത്തിൽ മൂന്നാം റൗണ്ട് ലാത്തിചാർജ് സത്യാഗ്രഹ പന്തലിൽ കിടന്നവർക്ക് നേരേയായിരുന്നു. മൂന്നുതവണയും അടിയേറ്റ ഇന്ദുചൂഢന് അതിഗുരുതരമായ ശാരീരികക്ഷതമാണ് സംഭവിച്ചത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്തലിൽ ഉണ്ടായിരുന്ന അടൂർ പ്രകാശിനും മർദനമേറ്റു. അടൂരിലെ പൊലീസ് മർദനത്തിൽ ശാരീരിക അവശതയിലായ ഇന്ദുചൂഢന് പിന്നീട് ഒരിക്കലും ആരോഗ്യം തിരിച്ചു കിട്ടിയില്ലെന്നും തിരുവഞ്ചൂർ വിവരിക്കുന്നു. താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അടൂരിൽ മർദനം അഴിച്ചുവിട്ട ഓഫിസറടക്കം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ജനാധിപത്യപരമായി സമരം ചെയ്യുന്നവരോടും കസ്റ്റഡിയിലെടുക്കുന്നവരോടും മാന്യമായി മാത്രമേ പെരുമാറാവൂ എന്നാണ് താൻ നിർദേശിച്ചതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇന്ദുചൂഢന് മർദനമേറ്റ കാലയളവിലെ അടൂരിലെ എ.സി.പി ആരാണെന്ന് തിരുവഞ്ചൂരിന്‍റെ എഫ്.ബി പോസ്റ്റിന് പാർട്ടി പ്രവർത്തകർ കമന്‍റായി നൽകുന്നുണ്ട്.
ഇന്ദുചൂഡൻ പോലീസ് ഭീകരതക്ക് ഇരയായ രക്തസാക്ഷി...
സെപ്റ്റംബർ 10 പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റായിരുന്ന പ്രിയ സുഹൃത്ത് ആർ ഇന്ദുചൂഡൻ്റെ ഓർമ്മ ദിനമാണ്.
58ാം വയസിൽ 2016 ലാണ് ഇന്ദുചൂഡൻ മരണപ്പെട്ടത്. പത്തനംതിട്ട ജില്ലയിൽ KSU, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രസ്ഥാനങ്ങളെ വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുകയും നിരവധി പോരാട്ടങ്ങൾ മുന്നിൽ നിന്നു നയിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.
ഓമല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന കോട്ടൂരത്ത് രാഘവൻ നായരുടെ മകൻ ഇന്ദുചുഡനായിരുന്നു പത്തനംതിട്ട ജില്ല രൂപീകൃതമാകുമ്പോൾ ആദ്യ കെ എസ് യു ജില്ലാ പ്രസിഡന്റ്.
1987 മുതൽ ഒരു ദശാബ്ദത്തിലേറെ ജില്ലയിൽ യൂത്ത് കോൺഗ്രസിനെ നയിച്ചു...
അദ്ദേഹത്തിൻ്റെ മകൻ വിജയ് ഇന്ദുചൂഡൻ ഇപ്പോൾ പത്തനംതിട്ട ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡന്റാണ്. അച്ഛൻ്റെ അതേ പോരാട്ട വീര്യമുള്ള മകൻ .
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പെമ്പിളൈ ഒരുമയി സമരക്കാരെ അക്ഷേപിച്ചതിൽ പ്രതിഷധിച്ചു മന്ത്രി എം എം മണിയെ കരിങ്കൊടി കാണിച്ചു എന്നതിൻ്റെ പേരിൽ വിജയ് ഇന്ദു ചൂഡനെയും മറ്റും പിടിച്ചു കൊണ്ട് പോയ പോലിസ് ജീപ്പിൽ വെച്ചും സ്റ്റേഷനിൽ വെച്ചും ക്രൂരമായി മർദ്ദിച്ചത്, കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ചതിനു സമാനമായിട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്. തൻ്റെ പിതാവിന് പോലിസ് മർദനമേറ്റതിനെ കുറിച്ച് വിജയ് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് അന്നത്തെ സംഭവങ്ങൾ വീണ്ടും ഓർമ്മിക്കാനിടയാക്കി.
ഞാൻ അടൂരിൽ രണ്ടാം ടേം എം എൽ എ ആയിരിക്കുമ്പോഴാണ് ആ സംഭവങ്ങൾ. ഇന്ന് ഡിജിപി പദവിയിലുള്ള ഒരു പോലിസ് ഉദ്യോഗസ്ഥൻ , ഐ പി എസ് ലഭിച്ച് ആദ്യമായി സർവ്വിസിൽ പ്രവർത്തിക്കുന്നത് 1996-97 കാലത്ത് അടൂർ സബ്ബ് ഡിവിഷനിൽ എ എസ് പി ആയാണ്. ചെറുപ്പത്തിൻ്റെ ആവേശം കൊണ്ടാണോ തുടക്കത്തിലേ സർക്കാരിൻ്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കാനായിരുന്നോ എന്നറിയില്ല, അന്നു പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കെല്ലാമെതിരെ വളരെ അസഹിഷ്ണതയോടെയുള്ള അടിച്ചമർത്തൽ നയമാണ് പോലീസ് അന്ന് അടൂരിൽ സ്വീകരിച്ചത്.
കോൺഗ്രസ് പ്രവർത്തകരെ പിടിച്ചു കൊണ്ട് പോയി കസ്റ്റഡിയിൽ വെക്കുന്ന തടക്കമുള്ള നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലിസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടായി. പോലീസ് രൂക്ഷമായ ലാത്തിച്ചാർജ് നടത്തി.
രാവിലെ മുതൽ തന്നെ ഭീകാരാന്തരീക്ഷമാണ് അടൂർ ടൗണിൽ പോലീസ് സൃഷ്ടിച്ചത്. ഗാന്ധി പാർക്ക് മൈതാനിയിൽ ഞാൻ സത്യാഗ്രഹം കിടന്നു. സംഭവം അറിഞ്ഞ് എത്തിയ കോന്നി എം എൽ എ യായിരുന്ന അടൂർ പ്രകാശും സത്യാഗ്രഹ പന്തലിലേക്ക് എത്തിയിരുന്നു.
വൈകുന്നേരമായപ്പോൾ മൂന്നാം റൗണ്ട് ലാത്തിചാർജ് എ എസ് പി യുടെ നേതൃത്വത്തിൽ സത്യാഗ്രഹ പന്തലിൽ കിടന്നവർക്ക് നേരേയായിരുന്നു.
മൂന്നുതവണയും അടിയേറ്റ ഇന്ദുചൂഡന് അതിഗുരുതരമായ ശാരീരിക ക്ഷതമാണ് സംഭവിച്ചത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്തലിൽ ഉണ്ടായിരുന്ന അടൂർ പ്രകാശ് എംഎൽഎക്ക് മർദ്ദനമേറ്റു.
സത്യാഗ്രഹ സമരം ഒരു കുറ്റമല്ലാത്തതുകൊണ്ട്അറസ്റ്റിനു വഴങ്ങാൻ മടിച്ച എനിക്ക് പോലിസിൻ്റെ ബലപ്രയോഗത്തിൽ കൈക്ക് ഒടിവു സംഭവിച്ചു.
നിരവധി കോൺഗ്രസ് യു ഡിഎഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു...
അടുത്ത ദിവസം ഞാനും അടൂർ പ്രകാശും പ്ലാസ്റ്റർ ഇട്ടാണ് നിയമസഭയിലേക്ക് പോയത്...
2012 ഏപ്രിൽ 13 മുതൽ 2014 ജനുവരി 1 വരെ ഞാൻ മന്ത്രിയെന്ന നിലയിൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതല വഹിച്ചിരുന്നപ്പോൾ ഈ ഓഫീസറടക്കം ഉയർന്ന പോലിസ് ഉദ്യോഗസ്ഥരോട് ഞാൻ നിർദ്ദേശിച്ചിരുന്നത് ജനാധിപത്യപരമായി സമരം ചെയ്യുന്നവരോടും കസ്റ്റഡിയിലെടുക്കുന്നവരോടും മാന്യമായി മാത്രമേ പെരുമാറാവൂ എന്നാണ്.
അടൂരിലെ പോലിസ് മർദ്ദനത്തിൽ ശാരീരികമായി അവശതയിലായ ഇന്ദുചൂഡന് പിന്നീട് ഒരിക്കലും ആരോഗ്യം തിരിച്ചു കിട്ടിയില്ല.
കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഇന്ദുചൂഡൻ്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.