കോഴിക്കോട്: സമസ്ത മുശാവറ അംഗവും പണ്ഡിതനുമായ ഡോ. ബഹാഉദ്ദീൻ നദ്വിയെ അധിക്ഷേപിച്ച് സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നദ്വിയെ തള്ളി സമസ്ത. ബഹാഉദ്ദീൻ നദ്‌വി പറഞ്ഞത് സമസ്തയുടെ നയമല്ലെന്ന് പ്രസിഡന്‍റ് ജിഫ്രി തങ്ങൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. സ്വകാര്യ ജീവിതത്തിലെ ദോഷങ്ങൾ പരിശോധിക്കലല്ല സമസ്തയുടെ ജോലി. സത് സമസ്തയുടെ നയവുമല്ല. അക്കാര്യം സമസ്ത ചർച്ച ചെയ്യേണ്ട കാര്യവുമില്ല. സ്വകാര്യ ജീവിതത്തിൽ പാളിനോക്കൽ ഞങ്ങളുടെ പണിയല്ല. മറ്റു കാര്യങ്ങൾ അത് പറഞ്ഞ ബഹാഉദ്ദീൻ നദ്വിയോടാണ് ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
മറ്റൊരു മുശാവറ അംഗം മുക്കം ഉമർ ഫൈസിയും ബഹാഉദ്ദീൻ നദ്വിയെ തള്ളി രംഗത്തെത്തിയിരുന്നു. ബഹുഭാര്യത്വ വിഷയത്തിലും ശൈശവ വിവാഹ വിഷയത്തിലും ബഹാഉദ്ദീൻ നദ്‌വി പറഞ്ഞ ശൈലി ശരിയായില്ലെന്ന് ഉമർ ഫൈസി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുശാവറ അംഗമെന്ന നിലയിൽ നദ്‌വി സൂക്ഷ്മത പുലർത്തിയില്ല. സമസ്തക്ക് മൊത്തത്തിൽ മോശമാണത്. അദ്ദേഹം എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് അറിയില്ല. പറഞ്ഞ കാര്യങ്ങളിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണെങ്കിൽ ഇനി നിങ്ങൾ കൈകാര്യം ചെയതോളൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മടവൂർ സി.എം മഖാം ബസാറിൽ കുറച്ചുദിവസം മുമ്പ് സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ബഹുഭാര്യത്വവും ശൈശവ വിവാഹവുമായ ബന്ധപ്പെട്ട് ബഹാഉദ്ദീൻ നദ്‌വി നടത്തിയ പരാമർശങ്ങളാണ് സി.പി.എം പ്രതിഷേധത്തിന് കാരണം. ബഹുഭാര്യത്വത്തെ എതിർക്കുന്ന പലർക്കും ഭാര്യക്കു പുറമെ ഔദ്യോഗികമല്ലാത്ത ഭാര്യമാരു ഉണ്ടെന്നും ഇ.എം.എസിന്‍റെ മതാവ് വിവാഹം കഴിച്ചത് 11ാം വയസ്സിലായിരുന്നുവെന്ന് ആറാം നൂറ്റാണ്ടിലെ ശൈശവ വിവാഹത്തെ എതിർക്കുന്നവർ മനസ്സിലാക്കണമെന്നുമായിരുന്നു ബഹാഉദ്ദീൻ നദ്‌വിയുടെ പരാമർശം. ഇതിനെതിരെ സൈബറിടത്തിൽ സി.പി.എം പ്രവർത്തകർ മോശം ഭാഷയിൽ നദ്വിയെ വിമർശിച്ച് രംഗത്തുവന്നിരുന്നു. തുടർന്നാണ് മടവൂരിൽ സി.പി.എം പ്രവർത്തകർ നദ്‌വിക്കെതിരെ പ്രകടനം നടത്തിയത്.
‘‘ബഹാഉദ്ദീൻ ഉസ്താദല്ല, നാക്ക് പഴുത്തൊരു പരനാറി’’ തുടങ്ങിയ തെറിയഭിഷേകമാണ് പ്രകടനത്തിൽ നദ്‌വിക്കെതിരെ സി.പി.എം ഉയർത്തിയത്. സി.പി.എം അധിക്ഷേപത്തിനെതിരെ വ്യാഴാഴ്ച വൈകുന്നേരം നാലിന് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷന്‍റെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെ, ബഹാഉദ്ദീൻ നദ്‌വിക്കെതിരെ സമൂഹ മാധ്യമത്തിൽ വിമർശനമുയർത്തിയ മാധ്യമ പ്രവർത്തക ഭാവന രാധകൃഷ്ണന് മറുപടിയുമായി വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷാഹിന നിയാസി രംഗത്തെത്തി.ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷാഹിന നിയാസി ബഹാഉദ്ദീൻ നദ്വിയെ പിന്തുണച്ചത്.
പോസ്റ്റിന്‍റെ പൂർണ രൂപം: ‘‘ബഹുമാന്യ പണ്ഡിതൻ ബഹാഉദ്ദീൻ നദ്‌വിക്കെതിരെ മടവൂരിൽ സിപിഎം നടത്തിയ പ്രതിഷേധം ഒരു രാഷ്ട്രീയ നാടകം അല്ലാതെ മറ്റെന്താണ്? ബഹുഭാര്യത്വത്തിന്റെ പേര് പറഞ്ഞാണ് പ്രതിഷേധമെങ്കിലും, യഥാർത്ഥത്തിൽ അവരെ പ്രകോപിപ്പിച്ചത് നദ്‌വി നടത്തിയ ഒരു നിരീക്ഷണമാണ് - "വൈഫ് ഇൻ ചാർജ്" എന്ന പ്രയോഗത്തിലൂടെ അദ്ദേഹം തുറന്നുകാട്ടിയ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇരട്ടത്താപ്പ്....എന്താണ് നദ്‌വി പറഞ്ഞതിന്റെ പൊരുൾ?മുസ്‌ലിം സമുദായത്തിലെ വ്യക്തിനിയമങ്ങളെയും ബഹുഭാര്യത്വത്തെയും നിരന്തരം വിമർശിക്കുകയും അപരിഷ്കൃതമെന്ന് മുദ്രകുത്തുകയും ചെയ്യുന്ന സിപിഎം, തങ്ങളുടെ പാർട്ടിയിലെയും അനുഭാവികളിലെയും അസാന്മാർഗ്ഗികവും സമാനവുമായ ബന്ധങ്ങളെ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നു.
പുരോഗമനത്തിന്റെ ലേബലിൽ നടക്കുന്ന പല അവിഹിത ബന്ധങ്ങളെയും 'വ്യക്തിസ്വാതന്ത്ര്യ'മായി ന്യായീകരിക്കുന്നവർക്ക്, മതപരമായ നിയമങ്ങളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ജീവിതരീതികളെ അംഗീകരിക്കാൻ കഴിയുന്നില്ല. ഈ കപട മനോഭാവത്തെയാണ് നദ്‌വി വിമർശിച്ചത്.സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പാർട്ടി, സ്വന്തം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉയരുമ്പോൾ പലപ്പോഴും മൗനം പാലിക്കുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. അപ്പോൾ തോന്നാത്ത സ്ത്രീ സ്നേഹം, ഒരു പണ്ഡിതന്റെ വാക്കുകളെ വളച്ചൊടിച്ച് പ്രതിഷേധിക്കാൻ എവിടെ നിന്ന് വരുന്നു? നദ്‌വിയുടെ വിമർശനം കൊണ്ടത് പാർട്ടിയിലെ ചിലരുടെ നെഞ്ചത്ത് തന്നെയാണ്. തങ്ങളുടെ ഉള്ളിലെ ജീർണ്ണതകൾ ചർച്ചയാവാതിരിക്കാൻ, വിഷയത്തെ ബഹുഭാര്യത്വത്തിലേക്ക് മാത്രം ചുരുക്കി, അദ്ദേഹത്തെ ഒരു സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണിത്.തങ്ങളെ വിമർശിക്കുന്നവരെ ആശയപരമായി നേരിടാൻ സാധിക്കാതെ വരുമ്പോൾ, തെരുവിൽ കോലം കത്തിച്ചും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ഭയപ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎമ്മിന്റെ ഒരു സ്ഥിരം ശൈലിയാണ്. ഇവിടെയും അതുതന്നെയാണ് ആവർത്തിക്കുന്നത്. ബഹാഉദ്ദീൻ നദ്‌വി ഒരു മതപണ്ഡിതനാണ്. അദ്ദേഹം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വിശ്വാസികൾക്കിടയിലാണ്, അവരുടെ മതപരമായ നിയമങ്ങളെക്കുറിച്ചാണ്. അതിനെ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ആ വിമർശനത്തിന്റെ മറവിൽ സ്വന്തം കപടമുഖം മറച്ചുപിടിക്കാനും, വിമർശിക്കുന്നവരുടെ വായടപ്പിക്കാനും ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല.പുരോഗമനം എന്നാൽ സ്വന്തം സൗകര്യത്തിനനുസരിച്ച് നിർവചിക്കാനുള്ള ഒന്നല്ല. അത് സുതാര്യവും ആത്മാർത്ഥവുമാകണം. 'വൈഫ് ഇൻ ചാർജ്' എന്ന ഒരു പ്രയോഗത്തിൽ വിറളിപൂണ്ട് പ്രതിഷേധിക്കുന്നവർ, ആദ്യം സ്വന്തം അകങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.