സി.​പി.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് എ​സ്.​കെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്റെ ദീ​പ​ശി​ഖ തെ​ളി​ക്കു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ചുവപ്പൻ തുടക്കം

ആലപ്പുഴ: ചുടുചോരയുടെ ചങ്കൂറ്റത്താൽ അധ്വാനവർഗം വീരേതിഹാസം രചിച്ച പുന്നപ്ര-വയലാറിന്‍റെ മണ്ണിൽ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം. ജന്മശതാബ്ദി ആഘോഷിക്കുന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് 43 വർഷത്തിനുശേഷമാണ് ആലപ്പുഴ വേദിയാകുന്നത്. പ്രതിനിധി സമ്മേളനം കളർകോട് എസ്.കെ കൺവെൻഷൻ സെന്‍ററിൽ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു.

വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച് വലിയചുടുകാട്ടിൽ നൂറ് വനിത അത്‌ലറ്റുകളുടെ നേതൃത്വത്തിലെത്തിച്ച ദീപശിഖ കാനം രാജേന്ദ്രൻ നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി പ്രോജ്വലിപ്പിച്ചു. മുതിർന്ന അംഗം ആർ. ചന്ദ്രമോഹൻ പതാക ഉയർത്തി. പിന്നാലെ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെ ദേശീയ നേതാക്കൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ആർ. രാജേന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ.കെ. അഷ്റഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പാർട്ടിയുടെ യൂട്യൂബ് ചാനൽ ‘കനൽ’ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ. നാരായണ ഉദ്ഘാടനം ചെയ്തു.

സത്യൻ മൊകേരി, ടി.ടി. ജിസ് മോൻ, കെ.പി. സുരേഷ് രാജ്, കെ. സലിൻ കുമാർ, ഷാജിറ മനാഫ്, സാം കെ. ഡാനിയൽ, സി.കെ. ആശ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സംഘാടകസമിതി ജനറൽ കൺവീനർ ടി.ജെ. ആഞ്ചലോസ് സ്വാഗതം പറഞ്ഞു. 528 പേരാണ് പ്രതിനിധി സമ്മേളനത്തിലുള്ളത്. ഉച്ചതിരിഞ്ഞ് രാഷ്ട്രീയ-പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ചു. വരവുചെലവ് കണക്ക് കെ.ആർ. ചന്ദ്രമോഹനും ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് എസ്. രാമകൃഷ്ണനും അവതരിപ്പിച്ചു. രാമകൃഷ്ണ പാണ്ഡെ, കെ.പി. രാജേന്ദ്രൻ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.

പ്രതിനിധി സമ്മേളനത്തിന് ഇടവേള നൽകി നടന്ന ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായിരുന്നു. രാത്രിയോടെ രാഷ്ട്രീയ-പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ച തുടങ്ങി. പൊതുചർച്ച വ്യാഴാഴ്ച തുടങ്ങും. രാഷ്ട്രീയ റിപ്പോർട്ടിന്‍റെ ചർച്ചക്ക് ദേശീയ എക്സിക്യൂട്ടിവ് അംഗം കെ. പ്രകാശ് ബാബുവും പ്രവർത്തന റിപ്പോർട്ടിന്‍റെ ചർച്ചക്ക് വെള്ളിയാഴ്ച സെക്രട്ടറി ബിനോയ് വിശ്വവും മറുപടി നൽകും. തുടർന്ന് പുതിയ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്ത്, റെഡ് വളന്‍റിയർ മാർച്ചിന്‍റെ അകമ്പടിയോടെ ആലപ്പുഴ ബീച്ചിൽ പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.

Tags:    
News Summary - CPI state conference begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.