വയനാട്: ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ വ്യക്തതയില്ലാതെ വീണ്ടും കേന്ദ്രം

കൊച്ചി: വയനാട് ഉരുൾദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ വീണ്ടും അവ്യക്ത മറുപടിയുമായി കേന്ദ്ര സർക്കാർ. തീരുമാനമെടുക്കേണ്ടത് ഏത് മന്ത്രാലയമാണെന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് കേന്ദ്ര സർക്കാറിന് വേണ്ടി ബുധനാഴ്ച അഡീ. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.

ബാങ്ക് വായ്പ എഴുതിത്തള്ളുന്ന വകുപ്പ് ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കിയതിനാൽ സാധ്യമാകില്ലെന്ന് മുമ്പ് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്രത്തിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്. ഇതിലാണ് ഇപ്പോഴും തീരുമാനം അറിയിക്കാത്തത്. ദുരന്തബാധിതരുടെ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളിയത് ചൂണ്ടിക്കാട്ടി സമാന നിലപാട് സ്വീകരിക്കണമെന്ന നിർദേശം കോടതി മുമ്പ് നൽകിയിരുന്നു. പലതവണ കേസ് പരിഗണിച്ചിട്ടും വ്യക്തമായ തീരുമാനം കേന്ദ്രത്തിൽനിന്നുണ്ടായില്ല. സെപ്റ്റംബർ പത്തിനകം തീരുമാനം അറിയിക്കാൻ കോടതി അന്ത്യശാസന നൽകുകയും ചെയ്തു.

എന്നാൽ, ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോഴും അവ്യക്ത നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. മറുപടി നൽകാൻ വീണ്ടും മൂന്നാഴ്ച കൂടി ആവശ്യപ്പെടുകയും ചെയ്തു. മൂന്നാഴ്ചക്കകം തീരുമാനം അറിയിക്കാൻ നിർദേശിച്ച ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി മാറ്റുകയും ചെയ്തു. ഹരജി ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കും.

ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വത്തിന്‍റെ താൽപര്യംകൂടി ഉൾപ്പെടുന്ന കേസാണിതെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. കേരള ബാങ്ക് വായ്പ എഴുതിത്തള്ളിയത് വീണ്ടും ഓർമിപ്പിക്കുകയും ചെയ്തു. 12 ദേശസാത്കൃത ബാങ്കുകളിൽനിന്നായി 35.30 കോടി രൂപയാണ് ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതർ എടുത്തിട്ടുളളത്.

Tags:    
News Summary - Wayanad: The Center is unclear about the bank loan waiver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.