കോട്ടയം നഗരസഭയിൽ തെളിവെടുപ്പ് നടത്തുന്നു
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി. വർഗീസിനെ കോട്ടയം നഗരസഭയിൽ എത്തിച്ച് തെളിവെടുത്തു. ബുധൻ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനായ അഖിലിനെ വിജിലൻസ് അന്വേഷണ സംഘം നഗരസഭ ഓഫിസിൽ എത്തിച്ച് തെളിവെടുത്തത്.
അഖിൽ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകൾ, ഇമെയിൽ വിവരങ്ങൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
തെളിവെടുപ്പ് അടക്കമുള്ള തുടർ നടപടികൾക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലൻസ് കോടതി 5 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് നഗരസഭ ഓഫിസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടിൽ നിന്നു തട്ടിപ്പ് നടത്തി 2.39 കോടി രൂപ അമ്മയുടെ അക്കൗണ്ടിലേക്കാണ് അയച്ചത്. 2020 മാർച്ച് മുതൽ 2023 കാലയളവിൽ ക്ലാർക്കായി ജോലിയിലിരിക്കെയായിരുന്നു തട്ടിപ്പ്.
തട്ടിപ്പ് വ്യക്തമായതോടെ ഒരുവർഷമായി ഇയാൾ മുങ്ങി നടക്കുകയായിരുന്നു. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ ഒളിവിൽ കഴിഞ്ഞ അഖിലിനെ സ്വദേശമായ കൊല്ലത്തെ കൈലാസ് റസിഡൻസി ലോഡ്‌ജിൽനിന്നാണ് കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.