തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽനിന്ന് പുറത്തേക്ക് നീക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽനിന്ന് തിരിച്ചടിയേറ്റതിന് പിന്നാലെ അവധി റദ്ദാക്കി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്ത് ബി. അശോക്. കെ.ടി.ഡി.എഫ്.സി സി.എം.ഡിയായി നിയമിച്ച ഉത്തരവ് തടഞ്ഞുള്ള ചൊവ്വാഴ്ചയിലെ ട്രൈബ്യൂണൽ നടപടിക്ക് പിന്നാലെ ബുധനാഴ്ച രാവിലെ തന്നെ സെക്രട്ടേറിയറ്റിലെത്തി അശോക് ജോലിയിൽ പ്രവേശിച്ചു. ഈ മാസം 15 വരെ അവധിയെടുത്തിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചതോടെയാണ് സർക്കാറിന് പ്രഹരമാകുന്ന അശോകിന്‍റെ നീക്കം. ഉന്നത ഉദ്യോഗസ്ഥ തലത്തിലെ അസ്വസ്ഥതകൾക്കും പുകച്ചിലുകൾക്കുമിടെ ട്രൈബ്യൂണൽ വിധി ഐ.എ.എസ് തലത്തിൽ കടുത്ത ചേരിപ്പോരിന് കൂടിയാണ് അരങ്ങൊരുക്കുന്നത്.
ജോയന്‍റ് സെക്രട്ടറിമാർ ചുമതല വഹിച്ചിരുന്നതും പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്കും സർക്കാറും നേരത്തെ തീരുമാനിച്ചിരുന്നതുമായ കെ.ടി.ഡി.എഫ്.സിയുടെ സി.എം.ഡി പദവിയിലേക്ക് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ബി. അശോകിനെ മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായിരുന്നെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. കേര പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് നേർക്ക് ചോദ്യങ്ങളുന്നയിച്ചതാണ് ഏറ്റവും ഒടുവിൽ സർക്കാറിനുണ്ടായ പ്രകോപനം.
സെക്രട്ടേറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റിയെങ്കിലും ഉത്തരവ് നേരിട്ട് അശോകിന് നൽകിയിരുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഉത്തരവ് കണ്ടപ്പോഴാണ് അശോക് വിവരമറിയുന്നത്. 30ന് രാവിലെ 11.23ന് സ്ഥലംമാറ്റ ഉത്തരവിറങ്ങുകയും 37 മിനിറ്റിനുള്ളിൽ പകരം ഉദ്യോഗസ്ഥ കൃഷി സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തു. അശോക് ചുമതലയിലുണ്ടായിരിക്കെയാണ് ധൃതിപിടിച്ച് മറ്റൊരാൾ കസേരയിലെത്തിയത്. ഇതിന് പിന്നിൽ ചീഫ്സെക്രട്ടറിയുടെ ഇടപെടലാണെന്നാണ് ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ അശോക് ആരോപിക്കുന്നത്.
അശോകിനെ സെക്രട്ടേറിയറ്റിന് പുറത്തേക്ക് നീക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് ഇത് രണ്ടാം തവണയാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽനിന്ന് തിരിച്ചടിയേൽക്കുന്നത്. കൃഷി സെക്രട്ടറിയായിരുന്ന അശോകിനെ കഴിഞ്ഞ ജനുവരിയിൽ, അതുവരെ രൂപവത്കരിക്കുകയോ പരിഗണന വിഷയങ്ങൾ നിർണയിക്കുകയോ ചെയ്തിട്ടില്ലാത്ത തദ്ദേശഭരണ പരിഷ്കാര കമീഷൻ അധ്യക്ഷനായി നിയമിച്ചത് ജൂണിൽ ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.
ഐ.എ.എസ്, ഐ.പി.എസ് അസോസിയേഷനുകളുടെ പ്രസിഡന്റുമാർ സർക്കാറിനെതിരെ ഒരേസമയം നിയമപോരാട്ടം നടത്തുന്നുവെന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളത്. കേന്ദ്ര നിയമനത്തിനുള്ള വിജിലൻസ് റിപ്പോർട്ട് തടഞ്ഞുവെച്ചതിനെതിരെ ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റും ഫയർഫോഴ്സ് മേധാവിയുമായ യോഗേഷ് ഗുപ്ത നിയമപോരാട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.