തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിന് പ്രവേശന പരീക്ഷ നടത്തുന്നത് സർക്കാറിന്‍റെ പരിഗണനയിലെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും വാർത്താക്കുറിപ്പും. പ്രഖ്യാപനത്തിൽ വിവാദം മണത്തതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചും വാർത്താക്കുറിപ്പ് തിരുത്തിയും മന്ത്രിയുടെ മലക്കംമറിച്ചിൽ. സംസ്ഥാന അധ്യാപക അവാർഡ് വിതരണച്ചടങ്ങിലേക്ക് തയാറാക്കിയ പ്രസംഗത്തിലാണ് ‘എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകൾക്കാണെങ്കിലും അപ്പോയിന്റ്മെന്റിന് മുമ്പ് പ്രവേശന പരീക്ഷ നടത്തുന്നത് സംബന്ധിച്ച കാര്യം സർക്കാരിന്റെ പരിഗണനയിലാണ്’ എന്ന ഭാഗം ഉൾപ്പെടുത്തിയിരുന്നത്.
അവാർഡ്ദാന വേദിയിൽ ഈ ഭാഗം മന്ത്രി വായിക്കാതെ വിട്ടെങ്കിലും മന്ത്രിയുടെ ഓഫിസ് ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പ് വഴി പങ്കുവെച്ച പ്രസംഗത്തിന്‍റെ പകർപ്പിൽ ഈ ഭാഗം ഉൾപ്പെട്ടു. മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ഈ നടപടിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നുകൂടി പോസ്റ്റിൽ ചേർത്തിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം ചാനലുകളിൽ വാർത്തയായതോടെ വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് പ്രസംഗത്തിന്‍റെ പകർപ്പും ഫെയ്സ്ബുക്ക് പോസ്റ്റും പിൻവലിച്ചു. പിന്നീട് എയ്ഡഡ് നിയമനം സംബന്ധിച്ച ഭാഗം ഒഴിവാക്കിയ പ്രസംഗം ഗ്രൂപ്പ് വഴി പങ്കുവെക്കുകയായിരുന്നു.
എയ്ഡഡ് സ്കൂൾ നിയമനത്തിന് പ്രത്യേക പരീക്ഷയല്ല, അധ്യാപക യോഗ്യതാപരീക്ഷയായ കെ.ടെറ്റാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അതേസമയം, സർക്കാറിന്‍റെ ഉള്ളിലിരിപ്പാണ് മന്ത്രിയുടെ പിൻവലിച്ച പ്രഖ്യാപനത്തിലൂടെ പുറത്തുവന്നതെന്ന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ പറയുന്നു. എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടുകയോ പ്രത്യേക റിക്രൂട്മെന്‍റ് ബോർഡ് വഴി നടത്തുകയോ ചെയ്യുന്നത് പരിശോധിക്കണമെന്ന്, 2022ൽ സർക്കാറിന് സമർപ്പിക്കുകയും 2024ൽ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ രണ്ടാം ഭാഗത്തിൽ ശിപാർശയുണ്ടായിരുന്നു. സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാക്കണമെന്ന ശിപാർശയും ഈ റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.