കൊച്ചി: കുംഭമേള സാധ്യമെങ്കിൽ അയ്യപ്പസംഗമം നടത്താനാകില്ലേയെന്ന സർക്കാറിന്‍റെ ചോദ്യം ഏറ്റുപിടിച്ച് ഹൈകോടതി. കുംഭമേളക്ക് 7000 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇവിടെ നാല് കോടിയല്ലേ ചെലവഴിക്കുന്നുള്ളൂവെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വാക്കാൽ ചോദിച്ചു. അയ്യപ്പസംഗമത്തിനായി സർക്കാർ ഖജനാവിൽനിന്നോ ദേവസ്വം ബോർഡിൽനിന്നോ പണം ചെലവഴിക്കാനാകില്ലെന്ന് ഹരജിക്കാർ വാദിച്ചപ്പോഴാണ് സർക്കാറിന്‍റെ ചോദ്യം കോടതി ആവർത്തിച്ചത്. ഹരജികളിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റി.
പമ്പാ തീരത്ത് 20ന് നടത്താനിരിക്കുന്ന അയ്യപ്പസംഗമത്തിന്റെ പേരിൽ ദേവസ്വം ഫണ്ട് ദുർവിനിയോഗം ആരോപിച്ച് ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തിൽ ഗോപി തുടങ്ങിയവർ ഫയൽ ചെയ്ത ഹരജികളാണ് കോടതി പരിഗണിച്ചത്. മതേതര സ്ഥാപനമായ സർക്കാറിന് ദേവസ്വത്തിന്‍റെ പേരിൽ ഇത്തരമൊരു പരിപാടി നടത്താനാകില്ലെന്നും അയ്യപ്പസംഗമം എന്ന പേര് പോലും ഉപയോഗിക്കുന്നത് തെറ്റാണെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാൽ, കുംഭമേളയുടെ നടത്തിപ്പിന് കേന്ദ്രസർക്കാർ അടക്കം പണം ചെലവഴിക്കുന്നത് സർക്കാറിനായി ഹാജരായ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി.
അയ്യപ്പസംഗമത്തിന് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുന്നതടക്കം വിഷയങ്ങളിൽ കോടതി ഒട്ടേറെ ചോദ്യങ്ങളുന്നയിച്ചു. ദേവസ്വം ബോർഡിനെ സഹായിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണുള്ളതെന്ന് കോടതിയുടെ ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞു. സ്വമേധയാ മുന്നോട്ടുവരുന്ന സ്പോൺസർമാരിൽനിന്നാണ് പണം സ്വീകരിക്കുന്നതെന്നും ഇതിനായി പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അയ്യപ്പന്റെ പേരിൽ ഫണ്ട് സ്വീകരിക്കാനാകുമോയെന്ന ചോദ്യത്തിന് മറുപടിയായി സർക്കാർ വ്യക്തമാക്കി. ദേവസ്വം ബോർഡും സർക്കാറും ഫണ്ട് ചെലവഴിക്കുന്നില്ല. ദക്ഷിണ സംസ്ഥാനങ്ങളിൽനിന്നുള്ള മൂവായിരത്തോളം പേരാണ് പ്രധാന ക്ഷണിതാക്കൾ. ശബരിമലയുടെ വികസനകാര്യത്തിൽ അവരിൽനിന്ന് അഭിപ്രായം തേടും. പദ്ധതിയിലുള്ള റോപ് വേ നിർമിച്ച് നൽകാൻ ആരെങ്കിലും തയാറായാൽ സ്വീകരിക്കും. ശബരിമല മാസ്റ്റർ പ്ലാനിനായി 1300 കോടി കണ്ടെത്താൻ ശ്രമമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അയ്യപ്പസംഗമത്തിനായി പമ്പയിൽ താൽക്കാലിക പന്തലാണ് ഒരുക്കുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എ.സി സംവിധാനങ്ങളൊന്നുമില്ല. സാധാരണ ഭക്തരുടെ അവകാശങ്ങൾ നിഷേധിക്കില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.