കോഴിക്കോട്: ഖത്തറിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ല കോയ മദനി പ്രസ്താവനയിൽ പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്തെ സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് ഈ ആക്രമണം. സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അവകാശങ്ങൾ ഹനിക്കുകയും അന്താരാഷ്ട്ര മര്യാദകൾ ലംഘിക്കുകയും ചെയ്ത ഇസ്രായേലിനെ നിലക്ക് നിർത്താൻ യു.എൻ തയ്യറാവണം.
ഫലസ്തീനിൽ പതിനായിരകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ, കുഞ്ഞുങ്ങൾ അടക്കമുള്ള പതിനായിരങ്ങളെ പട്ടിണികിട്ട് ഇല്ലാതാക്കുകയും ചെയ്യുന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ കൊടും ക്രൂരതയാണ് ഖത്തർ അക്രമണത്തിലൂടെ വ്യക്തമാകുന്നത്. ഖത്തറിലെ നിരപരാധികളായ മനുഷ്യരെ ഭയപ്പെടുത്തി ആ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ന്യതന്യാഹു നടത്തിയത്.
യുദ്ധ കുറ്റവാളിയായ ഇസ്രായേൽ പ്രധാനമന്ത്രി നതന്യാഹുവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ലോകത്തിന് മാതൃകയാകുന്ന ശിക്ഷ നൽകാൻ അന്താരാഷ്ട്ര കോടതിക്ക് സാധിക്കണമെന്നും മദനി കൂട്ടിച്ചേർത്തു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ദോഹയിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകീട്ട് 3.50 ഓടെയാണ് വൻ ശബ്ദത്തിൽ ലഗ്തൈഫിയ ഭാഗത്ത് ജനവാസ മേഖലയിൽ തുടർച്ചയായി സ്ഫോടനമുണ്ടായത്. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.