നെഹ്റുവിനെയും കുടുംബത്തെയും സ്വീകരിക്കാൻ കുട്ടനാട്ടുകാർ തിമിർത്ത ആഘോഷമാണ് ഒരുക്കിയത്. അതിെ ഭാഗമായി വേമ്പനാട്ടുകായലിലെ മൺറോ വിളക്കുമാടത്തിനുസമീപമായിരുന്നു ചുണ്ടൻ വള്ളങ്ങളുടെ മത്സരം
1952 ഡിസംബറിലാണ്, അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തിരു-കൊച്ചി സന്ദർശിക്കാനെത്തിയത്. കോട്ടയത്തെ സന്ദർശനം കഴിഞ്ഞ് കുട്ടനാട് കണ്ട് ആലപ്പുഴയിലേക്ക് വേമ്പനാട്ട് കായലിലൂടെ എത്തുന്ന പ്രധാനമന്ത്രിയെ രാജകീയമായി സ്വീകരിക്കാൻ അന്നത്തെ ഭരണനേതൃത്വം തീരുമാനിച്ചു. നെഹ്റുവിനെയും കുടുംബത്തെയും സ്വീകരിക്കാൻ കുട്ടനാട്ടുകാർ തിമിർത്ത ആഘോഷമാണ് ഒരുക്കിയത്. അതിന്റെ ഭാഗമായി വേമ്പനാട്ടുകായലിലെ മൺറോ വിളക്കുമാടത്തിനുസമീപമായിരുന്നു ചുണ്ടൻ വള്ളങ്ങളുടെ മത്സരം.
ത്രിവർണക്കൊടികൾ കൊണ്ട് അലങ്കരിച്ച കളിവള്ളങ്ങൾ കണ്ട് നെഹ്റു അത്ഭുതം കൂറി. കായൽ തീരങ്ങളിലാകെ പുരുഷാരം കാത്തുനിന്നു. കുട്ടനാട് അന്നോളം കാണാത്ത വരവേൽപ്പായിരുന്നു അത്.
ഒരു നാടിന്റെ കാർഷിക തനിമക്ക് വേറിട്ട കായികവിനോദം മാറ്റ് പകരുന്ന കാഴ്ച നേരിൽ കണ്ട ചാച്ചാ നെഹ്റുവിന് സന്തോഷം അണപൊട്ടി. മുരിക്കൻ ജോസഫിന്റെ ‘മാർഷൽ’ എന്ന ബോട്ടിന്റെ മുകൾത്തട്ടിലിരുന്നാണ് നെഹ്റുജലോത്സവം കണ്ടത്. അന്ന് 63 വയസ്സുണ്ടായിരുന്ന നെഹ്റുവിനെ 63 ആചാരവെടി മുഴക്കിയാണ് കുട്ടനാട്ടുകാർ സ്വീകരിച്ചത്. ഒമ്പത് ചുണ്ടൻവള്ളങ്ങൾ ഒന്നരക്കിലോമീറ്റർ ദൂരത്തിൽ തുഴഞ്ഞെത്തി.
കേവലം 10 മിനിറ്റ് മാത്രമേ അന്ന് വള്ളംകളി ഉണ്ടായിരുന്നുള്ളൂ. നടുഭാഗം, നെൽസൺ, ഗോപാലകൃഷ്ണൻ, പാർഥസാരഥി, നെപ്പോളിയൻ, കാവാലം, ചമ്പക്കുളം, നേതാജി, ഗിയർഗോസ് എന്നീ ചുണ്ടൻവള്ളങ്ങളാണ് പങ്കെടുത്തത്.
ഒന്നാംട്രാക്കിൽ തുഴഞ്ഞ നടുഭാഗം ചുണ്ടൻ വിജയിയായി. ഒരേ താളത്തിൽ ഒരേവേഗത്തിൽ യന്ത്രങ്ങളെ അതിശയിപ്പിക്കുംവിധം തുഴച്ചിലുകാർ കൈയും മെയ്യും മറന്ന് പ്രവർത്തിക്കുന്ന കാഴ്ച നെഹ്റുവിനെ തെല്ലൊന്നുമല്ല അതിശയപ്പെടുത്തിയത്.
തിരികെ പോയ നെഹ്റു സ്വന്തം കൈയൊപ്പോടെ ട്രോഫി തയാറാക്കി കൊല്ലം പേഷ്ക്കാറായിരുന്ന (കലക്ർ) എൻ.പി. ചെല്ലപ്പൻ നായർക്ക് അയച്ചുകൊടുത്തു. തൊട്ടടുത്തവർഷം വള്ളംകളിയുണ്ടായില്ല.
എന്നാൽ, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കുട്ടനാടൻ ചുണ്ടൻവള്ളങ്ങൾ പങ്കാളികളായി. ആലപ്പുഴ അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. തൊട്ടടുത്തവർഷം കൊല്ലം ജില്ല കലക്ടർ സംഘാടക സമിതി രൂപവത്കരിച്ച്, കൈനകരി വട്ടക്കായലിൽ മത്സരം നടത്തി. നെഹ്റു അയച്ചുതന്ന ‘പ്രൈം മിനിസ്റ്റേഴ്സ്’ ട്രോഫി ജേതാക്കൾക്ക് സമ്മാനിച്ചു.
മത്സരത്തിന് വട്ടക്കായൽ യോജിച്ചതല്ലെന്ന് കണ്ടതിനെത്തുടർന്ന് 1955 മുതൽ മത്സരം പുന്നമടയിലേക്ക് മാറ്റി. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി നെഹ്റുവിന്റെ മരണശേഷം നെഹ്റുട്രോഫിയായി. ആലപ്പുഴ ജില്ല പിറന്നത് 1957 ആഗസ്റ്റ് 17നാണ് അന്ന് വൈകീട്ടായിരുന്നു ആ വർഷത്തെ വള്ളംകളി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.