കോഴിക്കോട്: മാറാട് ഭർതൃഗൃഹത്തിൽ ഷിംന എന്ന 31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വഴക്കുണ്ടായ ശേഷം ഷിംന മുറിയിൽ പോയിട്ടും ആരും തടഞ്ഞില്ലെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
സമാന്യബുദ്ധിയുള്ള ആളുകൾ വീട്ടിൽ ഒരാൾ മുറിയിൽ കയറി ഇങ്ങനെ ചെയ്യുമ്പോൾ തടായൻ ശ്രമിക്കും. ആ വീട്ടിലെ ആരും തടഞ്ഞില്ല. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച ഷിംന വീണ്ടും ജീവനൊടുക്കാൻ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രശാന്തിന് അറിയാമായിരുന്നു. എന്നിട്ടും തടഞ്ഞില്ല. അവരുടെ വിവാഹത്തിന് പിന്തുണ നൽകിയത് താനായിരുന്നു. പെങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് തെളിയിക്കണമെന്നും സഹോദരൻ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ഷിംനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ മാറാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
ഗോതീശ്വരം സ്വദേശിയായ ഷിംനയുടെയും പ്രശാന്തിന്‍റെയും വിവാഹം പത്തുവർഷം മുമ്പായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എട്ടു വയസ്സുള്ള പെൺകുട്ടിയുണ്ട്.
പ്രശാന്ത് ഷിംനയെ ഉപദ്രവിച്ചിരുന്നുവെന്നും പണം ചോദിച്ച് വീട്ടിലേക്ക് അയച്ചിരുന്നുവെന്നും പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ചാലും ഇല്ലെങ്കിലും ഭയങ്കര ദേഷ്യമായിരുന്നു. പലതവണ മകളോട് തിരിച്ചുവരാൻ പറഞ്ഞിട്ടും അവൾ കേട്ടില്ല. എല്ലാം ശരിയായിക്കോളും എന്നുപറഞ്ഞ് അവിടെ പിടിച്ചുനിന്നു. ഒരിക്കൽ അവളെ കൂട്ടിക്കൊണ്ടുവന്ന് എട്ടുമാസത്തോളം വീട്ടില്‍ നിര്‍ത്തി. പിന്നീട് പ്രശാന്ത് വിളിച്ചതോടെ തിരിച്ചുപോയെന്നും പിതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.