കോട്ടയം: 25 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി അസമിൽ അറസ്റ്റിലായി. ഗുവാഹത്തിയിലെ ദിസ്പൂരിൽനിന്നുള്ള ആംഗോം സന്ദീപ് സിങ് എന്നയാളാണ് പിടിയിലായത്. അപ്സ്റ്റോക്ക് സെക്യൂരിറ്റീസ് എന്ന ഷെയർ ബ്രോക്കർ മുഖേന ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ആപ്പിന്റെ ലിങ്ക് അയച്ചു നൽകി യൂസർ നെയിമും പാസ്വേഡും നിർമിച്ച് ലോഗിൻ ചെയ്യിച്ച ശേഷം പരാതിക്കാരന്റെ പേരിലുള്ള കോട്ടയം ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികൾ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനായി 24,96,150 രൂപ അയപ്പിച്ചു. പരാതിക്കാരൻ നിക്ഷേപിച്ച തുക തിരികെ നൽകാതെ പ്രതികൾ വഞ്ചിച്ചു എന്നതാണ് കേസ്.
സംഭവത്തിൽ ജനുവരി 23ന് കൂരോപ്പട സ്വദേശിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം അസമിൽ പോയി പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനും എരുമേലി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജേഷ് ടി.ജി, അസിസ്റ്റന്റ് എസ്.ഐ രാജേഷ് ടി.ജി, സി.പി.ഒ സതീഷ്, എസ്.സി.പി.ഒ സന്തോഷ് കുമാർ എന്നിവരെ നിയോഗിച്ച് ഉത്തരവിറക്കി.
അസമിൽ എത്തിയ പൊലീസ് സംഘത്തിന് പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും നിരവധി തടസ്സങ്ങൾ നേരിട്ടു. എന്നാൽ, തന്ത്രപരമായ നീക്കത്തിൽ പ്രതി ഒളിവിൽ താമസിക്കുന്ന ആഢംബര ഫ്ലാറ്റ് കണ്ടെത്തി. അസം പൊലീസിന്റെ സഹായത്തോടെ രാത്രി 12 മണിയോടെ ഫ്ലാറ്റിലേക്ക് കയറിയ പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.