തിരുവനന്തപുരം: പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ കേരളത്തിലെ ഇടതു സർക്കാറിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം. രാജ്യത്ത് കേരളത്തിൽ മാത്രമാണ് പാർട്ടി അധികാരത്തിലുള്ളത്. എന്നിട്ടും സർക്കാറിനെ സംബന്ധിച്ച് ഗൗരവമായി പ്രതിപാദിക്കാത്തത് പോരായ്മയാണെന്ന് വിലയിരുത്തിയ യോഗം, കേരള സർക്കാറിന്റെ പ്രവർത്തനം സംബന്ധിച്ച് ഒരു ഖണ്ഡിക പ്രത്യേകമായി ഉൾപ്പെടുത്താൻ നിർദേശിച്ചു.
സാമ്രാജ്യത്വ, ഫാഷിസ്റ്റ് ശക്തികൾക്ക് വിധേയമായി നിലകൊള്ളുന്ന ഭരണകൂടമുള്ള രാജ്യത്ത് ഇടതു സർക്കാർ മുന്നോട്ടുവെക്കുന്ന ജനകീയ ബദലുകൾ ഉൾപ്പെടുത്തിയാണ് ഈ ഖണ്ഡിക തയാറാക്കുക. പാർട്ടി കോൺഗ്രസിലേക്കുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശമായി ഇത് തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടിവിനെ യോഗം ചുമതലപ്പെടുത്തി. രാഷ്ട്രീയ പ്രമേയ കരടിൽ സംസ്ഥാന സർക്കാറിന്റെ പ്രവർത്തത്തിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന് മുതിർന്ന നേതാവ് കെ.പി. രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ഇതോടെ സെക്രട്ടറി ബിനോയ് വിശ്വമാണ് ഇത്തരത്തിലൊരു നടപടി നിർദേശം മുന്നോട്ടുവെച്ചത്. നിലവിലെ കരട് തന്നെയാണ് സംസ്ഥാന സമ്മേളനത്തിലും അവതരിപ്പിച്ച് പാർട്ടി ചർച്ച ചെയ്യുക. ഇവിടെയും നേതാക്കൾക്ക് ഭേദഗതികൾ എഴുതി നൽകാൻ അവസരമുണ്ടാകും. മാത്രമല്ല കരട് പ്രസിദ്ധീകരിക്കുന്നതിനു പിന്നാലെ പാർട്ടിയുടെ മുഴുവൻ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ഭേദഗതി സമർപ്പിക്കാം. ഇവ ക്രോഡീകരിച്ച് പാർട്ടി കോൺഗ്രസാണ് അംഗീകരിക്കണോ എന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. സംസ്ഥാന കൗൺസിൽ യോഗ ശേഷം എക്സിക്യൂട്ടിവ് ചേർന്ന് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പാർട്ടി അന്തിമമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.