ആത്മഹത്യ ചെയ്ത സോണയും കസ്റ്റഡിയിലായ റമീസും

ടി.ടി.സി വിദ്യാർഥിനി സോനയുടെ ആത്മഹത്യയിൽ സുഹൃത്ത് റമീസ് അറസ്റ്റിൽ; മതം മാറാൻ നിർബന്ധിച്ചെന്ന് ആത്മഹത്യാക്കുറിപ്പ്

കൊച്ചി: കോതമംഗലത്ത് ടി.ടി.സി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സുഹൃത്തായ യുവാവ് അറസ്റ്റിൽ. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് റമീസിനെ അറസ്റ്റ് ചെയ്തത്. സോനയുടെ മരണവുമായി ബന്ധപ്പെട്ട് റമീസിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ താൽകാലിക ജീവനക്കാരനാണ് റമീസ്.

ശനിയാഴ്ച ഉച്ചക്കാണ് സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തു. ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചെന്നും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും അടക്കമുള്ള ആരോപണങ്ങൾ കുറിപ്പിലുണ്ട്.

മതംമാറാന്‍ നിര്‍ബന്ധിക്കുന്നതിനിടെ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സോനയുടെ പിതാവ് എല്‍ദോസ് മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു. ബിന്ദു എല്‍ദോസ് ആണ് മാതാവ്. സഹോദരന്‍: ബേസില്‍.

സോന എൽദോസിന്‍റെ ആത്മഹത്യയിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ബേസിൽ രംഗത്തെത്തി. റമീസിന്‍റെ ബന്ധുക്കൾ വീട്ടിൽ വന്ന് വിവാഹം ആലോചിച്ചപ്പോൾ മതം മാറാൻ സമ്മതിച്ചിരുന്നുവെന്നും എന്നാൽ ലോഡ്ജിൽ നിന്ന് അനാശാസ്യത്തിന് റമീസിനെ പിടിച്ചതോടെ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്നും ബേസിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

റമീസിന്‍റെ ബന്ധുക്കൾ വീട്ടിൽ വന്ന് വിവാഹം ആലോചിച്ചപ്പോൾ മതം മാറാൻ സമ്മതിച്ചിരുന്നു. പിന്നീട് റമീസിനെ ലോഡ്ജിൽ നിന്ന് അനാശാസ്യത്തിന് പിടിച്ചു. ഇക്കാര്യം വീട്ടുകാർ മറച്ചുവെച്ചു. എന്നാൽ, സംഭവം സോന അറിഞ്ഞു. ഇതോടെ മതം മാറില്ലെന്ന നിലപാടിലേക്ക് സോന മാറി. അത് അവരെ പ്രകോപിപ്പിച്ചിരിക്കാം. മതം മാറിയേ പറ്റൂവെന്ന നിലപാട് അവർ സ്വീകരിച്ചു.

പൊന്നാനിയിൽ പോയി രണ്ട് മാസം നിൽകണമെന്നും പറഞ്ഞു. മതം മാറിയില്ലെങ്കിൽ പള്ളിയിൽ നിന്ന് റമീസിനെ പുറത്തുമെന്നും സഹോദരിയോട് പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് സോന വീട്ടിൽ നിന്ന് പോയത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് റമീസ് കൂട്ടിക്കൊണ്ടുപോയി.

ആലുവയിലെ വീട്ടിലെത്തിച്ച് പൂട്ടിയിടുകയായിരുന്നു. റമീസും ബന്ധുക്കളും കൂട്ടുകാരും സോനയെ ഉപദ്രവിച്ചു. സോന ശരീരത്തിൽ മർദനമേറ്റ പാട് കൂട്ടുകാരി കണ്ടിരുന്നു. സോനയുടെ സംകാരത്തിന് ശേഷമാണ് കൂട്ടുകാരി ഇക്കാര്യം തന്നെ അറിയിച്ചതെന്നും സഹോദരൻ ബേസിൽ വ്യക്തമാക്കി.

ആലുവയിലെ രജിസ്റ്റർ ഓഫിസിൽ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് സോനയെ റമീസ് കൂട്ടിക്കൊണ്ടു പോയത്. പൊന്നാനിയിൽ നിന്ന് വണ്ടി കാത്തുനിൽക്കുന്നുവെന്നും അതിൽ കയറാനല്ലാതെ മുറിയിൽ നിന്ന് പുറത്തിറക്കില്ലെന്ന് സഹോദരിയോട് പറഞ്ഞു. മുറിയിൽ പൂട്ടിയിട്ടപ്പോൾ സോന കൂട്ടുകാരിയെ വിളിച്ചിരുന്നു. അത് റമീസിന്‍റെ വീട്ടുകാർ കേട്ടു.

അതോടെയാണ് വീട്ടിൽ തിരികെ കൊണ്ടുവിട്ടത്. എന്നാൽ, കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് വന്നതാണെന്ന് താൻ കരുതി. രജിസ്റ്റർ ചെയ്യാൻ പോകുന്നത് അമ്മയോട് പറഞ്ഞിരുന്നു. അമ്മ തന്നോട് ആ വിവരം പറഞ്ഞില്ല. നീ പോയി മരിക്കൂ എന്നാണ് റമീസ് അവസാനം പറഞ്ഞതെന്നും ബേസിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക (ടോൾ ഫ്രീ നമ്പർ) 1056, 0471-2552056)
Tags:    
News Summary - TTC student Sona's friend Rameez in custody over suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.