തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണം ദേശീയ തലത്തിൽ തള്ളിയ ബി.ജെ.പി, സംസ്ഥാനത്തെ സമാന ആവശ്യത്തിൽ ഹൈകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിൽ. വോട്ട് കൊള്ളയിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതിഷേധം കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷനെ പിന്തുണക്കുകയാണ് പാർട്ടി ദേശീയ നേതൃത്വം.
എന്നാൽ കേരളത്തിൽ രണ്ടേമുക്കാൽ ലക്ഷത്തിൽപരം ഇരട്ട വോട്ടുണ്ടെന്നും അവ നീക്കം ചെയ്യണമെന്നുമാണ് പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് സ്വരം കടുപ്പിച്ച് പറയുന്നത്. ഇക്കാര്യത്തിൽ നേരത്തെ നൽകിയ കത്തുകളടക്കം കമീഷൻ മുഖവിലക്കെടുക്കാത്തതോടെ തെളിവുകൾ പുറത്തുവിട്ട സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയാണ് വോട്ടർപട്ടിക കുറ്റമറ്റതാക്കിയില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്.
ഒരു ഐ.ഡി കാർഡ് നമ്പറിൽ ഒന്നിലേറെ പേർക്ക് വോട്ട്, ഒരാൾക്ക് ഒരു ഐ.ഡി നമ്പറിൽ ഒന്നിലേറെ വാർഡുകളിൽ വോട്ട്, ഒരാൾക്ക് വ്യത്യസ്ത വോട്ടർ ഐ.ഡി നമ്പറിൽ ഒന്നിലേറെ വാർഡുകളിൽ വോട്ട് എന്നിങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പട്ടികയിൽ 2,76,799 ഇരട്ട വോട്ടുണ്ടെന്നാണ് ബി.ജെ.പി കണ്ടെത്തിയത്. ഉറച്ച വിജയം ലക്ഷ്യമിടുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ വോട്ടുകളാണ് ബി.ജെ.പി ആദ്യം പരിശോധിച്ചത്. ഇവിടെ മാത്രം 7,000ത്തിൽപരം ഇരട്ട വോട്ടാണ് കണ്ടെത്തിയത്.
ദേശീയ തലത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതിനോട് സാമ്യമുള്ള തരത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വോട്ടർപട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്തണമെന്നും ബോധപൂർവമാണ് ഇത്തരമൊരു കുറ്റകൃത്യം നടന്നതെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. കേരളത്തിലെ വോട്ടിരട്ടിപ്പ് ദേശീയ തലത്തിൽ ചർച്ചയാക്കാൻ കേന്ദ്ര മന്ത്രിയെക്കൊണ്ട് ഡൽഹിയിൽ വാർത്തസമ്മേളനവും ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിച്ചിരുന്നു. അതേസമയം, തൃശൂർ ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട് ഇടതു മുന്നണി സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ ബി.ജെ.പിക്കെതിരെ ഉയർത്തിയ വോട്ട് വിവാദത്തിൽ നേതാക്കൾ മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.