വീട്ടിൽ പൊതുദർശനം ഉണ്ടാകില്ലെന്ന അറിയിപ്പുകൾ മറികടന്നും തിങ്കളാഴ്ച രാത്രി മുതൽ തലസ്ഥാന നഗരിയിലെ മകന്റെ വീട്ടിലേക്ക് സന്ദർശകപ്രവാഹം
തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിൽനിന്ന് വിശ്രമത്തിന്റെ വേലിക്കെട്ടിലേക്കൊതുങ്ങിയ തലസ്ഥാനത്തെ ‘വേലിക്കകത്ത്’ വീട്ടിൽ അവസാന ഉറക്കത്തിലായിരുന്നു വി.എസ്. അന്ത്യദർശനത്തിനായി ആർത്തലച്ചെത്തിയ ജനസാഗരത്തിന് മുന്നിൽ, തൊണ്ട പൊട്ടുമാറ് അവർ വിളിച്ച മുദ്രാവാക്യങ്ങൾക്കിടയിൽ, തന്റെ സമരഭരിത ജീവിതത്തിന്റെ അവസാന അധ്യായവും എഴുതിച്ചേർത്ത് കേരളത്തിന്റെ സമര യൗവനം മിഴിയടച്ച് കിടന്നു. പാർട്ടി പതാക നെഞ്ചോട് ചേർത്ത്...
തിങ്കളാഴ്ച രാത്രി 11.40 ഓടെയാണ് പഴയ എ.കെ.ജി സെന്ററിൽനിന്ന് വി.എസിന്റെ ഭൗതികശരീരവുമായി ബാർട്ടൻഹില്ലിലെ മകൻ അരുൺകുമാറിന്റെ വീട്ടിലേക്ക് ആംബുലൻസ് യാത്രതിരിച്ചത്. വിവാഹം കഴിഞ്ഞ് പുന്നപ്രയിൽ വി.എസ് ആദ്യമായി വാങ്ങിയ ‘വേലിക്കകത്ത്’ വീടിന്റെ ഓർമക്ക് അതേ പേരിട്ട മകന്റെ വീട്ടിലേക്ക് അന്ത്യഭിവാദ്യം നിറഞ്ഞ വഴികളിലൂടെയായിരുന്നു അവസാനയാത്ര. റെഡ് വളന്റിയർമാരും പ്രവർത്തകരും നേതാക്കളുമടക്കം ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കുചേർന്നത്.
ആംബുലൻസ് 12.15ഓടെ വീട്ടിലെത്തി. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ വീട്ടിൽ അന്തിമോപചാരം അർപ്പിച്ചു. വീട്ടിൽ പൊതുദർശനം ഉണ്ടാകില്ലെന്നും ഇനിയുള്ള മണിക്കൂറുകൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമായി വി.എസിനെ വിട്ടുകൊടുക്കുകയാണെന്നും സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി പ്രവർത്തകരെ അറിയിച്ചു.
എന്നാൽ, പ്രിയ നേതാവിനെ കാണാൻ അപ്പോഴേക്കും ജനം അവിടെ നിറഞ്ഞുകഴിഞ്ഞിരുന്നു. ദൂരദേശങ്ങളിൽ നിന്നുള്ളവർപോലും വീട്ടിലെത്തി മണിക്കൂറുകൾ കാത്തുനിന്ന് തങ്ങളുടെ പ്രിയനേതാവിന് കണ്ണീരോടെ ലാൽസലാം ചൊല്ലി. പുലർച്ചെ അഞ്ചോടെയാണ് തിരക്കിന് അൽപം ശമനം വന്നത്. തുടർന്ന് ഒമ്പതോടെ ഭാര്യ വസുമതിയെ തനിച്ചാക്കി തലസ്ഥാനത്തെ വീട്ടിൽനിന്ന് വി.എസ് എന്നേക്കുമായി പടിയിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.