ബംഗളൂരു: കർണാടകയിലെ മൈസൂരു, ബെളഗാവി, ഹുബ്ബള്ളി, കലബുറഗി വിമാനത്താവളങ്ങൾ നഷ്ടത്തിലെന്ന് കണക്കുകൾ. രാജ്യസഭയിൽ കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പി ജെ.ബി. മേത്തറിന്റെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ നൽകിയ മറുപടിയാണിത്.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുടെ വിശദാംശങ്ങൾ, കമീഷൻ ചെയ്തതു മുതലുള്ള സാമ്പത്തിക ക്രയവിക്രയം രേഖപ്പെടുത്തുന്നതിനോ വിമാന സർവിസുകൾ കുറവായ വിമാനത്താവളങ്ങൾ അടച്ചുപൂട്ടുന്നതിനോ പുനർനിർമിക്കുന്നതിനോ അവക്ക് സാമ്പത്തിക സഹായം നൽകാനോ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടോ എന്നിവയുടെ വിശദാംശമാണ് എം.പി തേടിയത്.
2024-2025ലെ കണക്കുകള്‍ പ്രകാരം 81 വിമാനത്താവളങ്ങൾ നഷ്ടത്തിലാണെന്നും കഴിഞ്ഞ ദശകത്തിൽ ആകെ 10,852.9 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മോഹോൾ മറുപടിയിൽ പറഞ്ഞു. ഇതിൽ കർണാടകയിലെ നാല് വിമാനത്താവളങ്ങളായ ബെളഗാവി, ഹുബ്ബള്ളി, കലബുറഗി, മൈസൂരു എന്നിവ 2015നും 25നും ഇടയിൽ ആകെ 560.26 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്.
സംസ്ഥാനത്ത് ഹുബ്ബള്ളിയിലാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് - 226.45 കോടി രൂപ. തൊട്ടുപിന്നിൽ ബെളഗാവിയിലാണ്- 212.24 കോടി രൂപ. മൈസൂരു വിമാനത്താവളത്തിൽനിന്ന് 73.03 കോടി രൂപ.
കലബുറഗിയിൽനിന്ന് 48.54 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം സംഭവിച്ചത്. നിലവിൽ രാജ്യത്തുടനീളം 162 വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാണ്. നഷ്ടത്തിലായ 81 വിമാനത്താവളങ്ങളിൽ 22 എണ്ണം നിലവിൽ പ്രവർത്തനരഹിതമാണെന്നും മന്ത്രി മോഹോൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.