ബംഗളൂരു: വനം വകുപ്പിന്റെ അവകാശ ലംഘനങ്ങള്‍ക്കെതിരെ ആദിവാസി ജമ്മുപാളെ ഹക്കു സ്ഥാപന സമിതി(എന്‍.എ.ജെ.എച്ച്.എസ്.എസ്) നാഗർഹോളെയിൽ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. ലോക ആദിവാസി ദിനമായ ശനിയാഴ്ച രാവിലെ 10ന് നാഗര്‍ഹോളെ നാനാച്ചി ഫോറസ്റ്റ് ഗേറ്റില്‍ നടക്കുന്ന സമരത്തിൽ ആദിവാസി സമൂഹ കൂട്ടായ്മയായ എന്‍.എ.ജെ.എച്ച്.എസ്.എസിന് പുറമെ, സിവിൽ സൊസൈറ്റി സംഘടനകൾ, വനാവകാശ സംരക്ഷക ഗ്രൂപ്പുകൾ എന്നിവ അണിചേരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ആദിവാസി സംഘടനകൾ തുടർച്ചയായി സമരത്തിലാണ്. 2006ലെ വനാവകാശ നിയമം അനുശാസിക്കുന്ന വനത്തിന്റെയും ആവാസ വ്യവസ്ഥയുടെയും ലംഘനവും ആദിവാസികളുടെ ജീവനും ഉപജീവന മാര്ഗങ്ങള്ക്കുമെതിരെയുള്ള അക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന്റെ ഗോത്രകാര്യ മന്ത്രാലയം നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും കര്‍ണാടക സര്‍ക്കാറും കുടക്, മൈസൂരു ജില്ല ഭരണകൂടവും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഭരണഘടനാപരമായ നിയമങ്ങളുടെ അവകാശ ലംഘനമാണിതെന്നും നേതാക്കൾ പറഞ്ഞു. നാഗര്‍ഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള അധികാരികള്‍ ആദിവാസികളുടെ അവകാശങ്ങള്‍ നിരസിക്കുകയും നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടത്തുകയും ചെയ്യുകയാണ്. കരടിക്കല്ലു ആറ്റുരു കോളി ഗ്രാമത്തിലെ ജെനു കുറുബ കുടുംബങ്ങളിലെ നേതാക്കളെയും കുടുംബാംഗങ്ങളെയും നിരവധി കള്ളക്കേസുകളില്‍ കുടുക്കി കുറ്റവാളികളാക്കുകയും ചെയ്യുന്നതായും ആദിവാസി നേതാക്കൾ ആരോപിക്കുന്നു. വനാവകാശങ്ങള്‍ നിരസിക്കുന്നതോടൊപ്പം ‘ആദിവാസികൾ അതിക്രമിച്ചു കയറിയ പ്രദേശങ്ങള്‍’ എന്ന് മുദ്ര കുത്തുന്ന സ്ഥലങ്ങളില്‍ തന്നെയാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ സഫാരികള്‍ നടത്തുന്നത്. നഗര്‍ഹോളെ വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം മേഖല ആദിവാസി ഭൂമിയിലേക്ക് അതിക്രമിച്ചു കയറുന്നു.
ആദിവാസി സമൂഹം തലമുറകളായി സംരക്ഷിച്ചു പോരുന്ന വനങ്ങളുടെ മേലുള്ള അവകാശങ്ങളുടെ നിഷേധം കൂടിയാണിത്. സംസ്ഥാന സർക്കാർ ആദിവാസികളുടെ അനുമതിയില്ലാതെ എ.ഐ അധിഷ്ടിത നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും അർധ സൈനിക എൻഫോഴ്സ്മെന്റ് യൂനിറ്റുകൾ വിന്യസിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സേനാവിന്യാസം ദൈനംദിന ജീവിതത്തിൽ ദുരിതമുണ്ടാക്കുന്നുവെന്ന് ആദിവാസി സമൂഹം പരാതിപ്പെടുന്നു. വനത്തെയോ വന്യജീവികളുടെ സംരക്ഷണത്തിനോ വേണ്ടിയല്ല ഈ സൈനിക നടപടികളെന്നും മറിച്ച് ആദിവാസികളുടെ ചെറുത്തു നില്പ് തടയുകയും അവരെ ഭീഷണിപ്പെടുത്തുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുകയും ഉപജീവനത്തിനായി വനവിഭവങ്ങള്‍ ശേഖരിക്കുന്നത് നിയന്ത്രിക്കുകയുമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
വനം അധികൃതര്‍ ഉന്നയിക്കുന്ന കുടകിലുള്ള മനുഷ്യ-വന്യജീവി സംഘര്‍ഷം ആദിവാസികളുടെ യഥാർഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനായി വനംവകുപ്പ് അധികൃതർ തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് ആദിവാസികളുടെ ആരോപണം. തലമുറകളായി വനവുമായും വന്യജീവികളുമായും ഐക്യത്തോടെയാണ് ആദിവാസികൾ ജീവിക്കുന്നതെന്നും യഥാർഥത്തില്‍ മനുഷ്യ-വന്യമൃൃഗ സംഘര്‍ഷങ്ങളുടെ പ്രേരക ശക്തികള്‍ ആദിവാസി സമൂഹങ്ങളല്ലെന്നും നാഗര്‍ ഹോളെക്കു ചുറ്റുമുള്ള വ്യാപക വന നശീകരണമാണെന്നും അവർ പറഞ്ഞു.
വനാവകാശ നിയമ പ്രകാരം (എഫ്.ആർ.എ) പ്രകാരം വനത്തിന്റെയും ആവാസ വ്യവസ്ഥയുടെയും അവകാശങ്ങൾ അംഗീകരിക്കൽ, പി.വി.ടി.ജിയുടെ ആവാസ വ്യവസ്ഥ അവകാശങ്ങളെക്കുറിച്ചുള്ള മോട്ട (എം.ഒ.ടി.എ) നിർദേശങ്ങൾ നടപ്പിലാക്കൽ, ആദിവാസി സമൂഹങ്ങളെ കുടിയൊഴിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ക്രിമിനൽവത്കരണം എന്നിവ അവസാനിപ്പിക്കുക, വനങ്ങളുടെ സൈനികവത്കരണവും ആദിവാസി സമൂഹങ്ങളുടെ മേലുള്ള നിരീക്ഷണവും അവസാനിപ്പിക്കുക, വന്യജീവി സഫാരി ഉൾപ്പെടെയുള്ള എല്ലാത്തരം ടൂറിസം പ്രവർത്തനങ്ങളും അവസാനിപ്പിക്കുക, വാണിജ്യ കാപ്പിത്തോട്ടങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശം തടയുക തുടങ്ങിയ നിർദേശങ്ങള്‍ സംഘടന മുന്നോട്ടുവെക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.