ബംഗളൂരു: കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോ യെല്ലോ ലൈനിൽ മെട്രോ ഓടിത്തുടങ്ങുന്നു. യെല്ലോ ലൈനിലെ സർവിസിന്റെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിൽ നിർവഹിക്കും.
ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ നീളുന്ന 19.15 കി.മീ. മെട്രോ പാതയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിക്കുക. ബംഗളൂരുവിൽനിന്ന് ബെളഗാവിയിലേക്കുള വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
രാവിലെ 10.30ഓടെ എച്ച്.എ.എൽ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന മോദി, നേരെ കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിലേക്കാണെത്തുക. ബംഗളൂരു-ബെളഗാവി വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. തുടർന്ന് അമൃത് സർ- ശ്രീമാതാ വൈഷ്ണോ ദേവി കത്രി, അജ്നി- പുണെ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം വെർച്വലായി നിർവഹിക്കും.
തുടർന്ന് റോഡ് മാർഗം ആർ.വി റോഡ് മെട്രോ സ്റ്റേഷനിലെത്തും. രാവിലെ 11.45നും 12.50നും ഇടയിൽ മെട്രോ യാത്രയാണ് ഷെഡ്യൂളിലുള്ളത്. ഇലക്ട്രോണിക് സിറ്റി സ്റ്റേഷൻ വരെ പ്രധാനമന്ത്രി യെല്ലോ ലൈനിൽ മെട്രോയിൽ യാത്ര ചെയ്യും.
തുടർന്ന് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) ബംഗളൂരുവിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബാംഗ്ലൂർ മെട്രോയുടെ മൂന്നാം ഘട്ടമായ ഓറഞ്ച് ലൈനിന്റെ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും യെല്ലോ ലൈനിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കും. ഉച്ചക്ക് 2.45ഓടെ മോദി ഹെലികോപ്ടറിൽ എച്ച്.എ.എല്ലിൽ എത്തി ഡൽഹിയിലേക്ക് വിമാനത്തിൽ തിരിക്കും.
19.15 കിലോമീറ്റർ ദൈർഘ്യത്തിൽ പുർണമായും ആകാശപാതയായാണ് യെല്ലോ ലൈൻ നിർമിച്ചിട്ടുള്ളത്. ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡിൽനിന്ന് (ആർ.വി റോഡ്) ആരംഭിച്ച് റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുട്ലുഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബരതീന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇൻഫോസിസ് ഫൗണ്ടേഷൻ കോനപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ബയോകോൺ ഹെബ്ബഗൊഡി, ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് ബംഗളൂരുവിലെ ചില റോഡുകളിൽ ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെ ഗതാഗതം വഴിതിരിച്ചുവിടും. രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെ ചില റോഡുകളിൽ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
മാരനഹള്ളി രാജലക്ഷ്മി ജങ്ഷൻ മുതൽ അരവിന്ദ് ജങ്ഷൻ വരെയുള്ള 18ാം മെയിൻ റോഡ്, ഈസ്റ്റ് എൻഡ് ജങ്ഷൻ, ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഫ്ലൈഓവർ, ഹൊസൂരിൽനിന്ന് നഗരത്തിലേക്ക് വരുന്ന റോഡ്, ഇൻഫോസിസ് അവന്യൂ, വേളാങ്കണ്ണി റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അതേസമയം ചില പാതകളിൽ രാവിലെ 9.30 മുതൽ ഉച്ച 2.30 വരെ ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
രാവിലെ 8.30 മുതൽ ഉച്ച 12 വരെ ഗതാഗത നിയന്ത്രണമുള്ള റോഡുകൾ: മാരേനഹള്ളി മെയിൻ റോഡിലെ രാജലക്ഷ്മി ജങ്ഷനിൽനിന്ന് മാരേനഹള്ളി 18ാം മെയിൻ റോഡിലേക്ക്, മാരേനഹള്ളി ഈസ്റ്റ് എൻഡ് മെയിൻ റോഡ് ജങ്ഷൻ മുതൽ അരവിന്ദ ജങ്ഷൻ വരെ. രാവിലെ 9.30 മുതൽ ഉച്ച 2.30 വരെ അടച്ചിടുന്ന റോഡുകൾ: സിൽക്ക് ബോർഡ് ഭാഗത്തു നിന്ന്, ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഫ്ലൈഓവർ, ഹൊസൂർ റോഡ് വഴി ഹൊസൂരിലേക്ക്.
ഹൊസൂരിൽനിന്ന് ബംഗളൂരു നഗരത്തിലേക്ക് ഇലക്ട്രോണിക് സിറ്റി ഫേസ് ഒന്നിലെ ഇൻഫോസിസ് അവന്യൂ, വേളാങ്കാനി റോഡ്, എച്ച്.പി അവന്യൂ റോഡുകളിലും നിയന്ത്രണങ്ങൾ ഉണ്ടാകും. നിയന്ത്രിത ഗതാഗതത്തിനുള്ള ഇതര വഴികൾ: രാജലക്ഷ്മി ജങ്ഷനിൽനിന്ന് മാരേനഹള്ളി മെയിൻ റോഡിൽ മാരേനഹള്ളി 18ാം മെയിൻ റോഡ് വഴി ജയദേവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബനശങ്കരി ബസ് സ്റ്റാൻഡിൽനിന്ന് സാരക്കി മാർക്കറ്റ് റോഡ് / ഒമ്പതാം ക്രോസ് റോഡ് വഴി ഇടത്തേക്ക് തിരിഞ്ഞ് ഐ.ജി സർക്കിൾ വഴി ജയദേവ ഭാഗത്തേക്ക് പോകാം . എട്ടാം മെയിൻ റോഡ് / ഒമ്പതാം ക്രോസ് റോഡ് ജങ്ഷൻ വഴി ആർ.വി. ഡെന്റൽ ജങ്ഷൻ, സരക്കി ജങ്ഷൻ ഔട്ടർ റിങ് റോഡ് വഴി ബന്നാർഘട്ട റോഡിലേക്ക് പോകാം.
നാലാമത്തെ മെയിൻ റോഡിൽനിന്ന് ജയദേവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് രാജലക്ഷ്മി ജങ്ഷനിൽ വലത്തേക്ക് തിരിഞ്ഞ്, സാരക്കി മെയിൻ റോഡിൽ ഇടത്തേക്ക് തിരിഞ്ഞ്, ഐ.ജി. സർക്കിൾ ആർ.വി. ഡെന്റൽ വഴി എട്ടാമത്തെ മെയിൻ റോഡ് ഒമ്പതാം ക്രോസ് റോഡ് ജങ്ഷൻവഴി ജയദേവ / ബന്നാർഘട്ട റോഡിലേക്ക് പോകാം .
ഈസ്റ്റ് എൻഡ് സർക്കിളിൽനിന്ന് ബനശങ്കരിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് 29ാമത് മെയിൻ റോഡ്, 28ാമത് മെയിൻ റോഡ്, എട്ടാമത്, ഒമ്പതാമത് ക്രോസ് ജങ്ഷൻ വഴി ഇടത്തേക്ക് തിരിഞ്ഞ് ഡാലിയ ജങ്ഷനിൽ വലത്തേക്ക് തിരിഞ്ഞ് ഔട്ടർ റിങ് റോഡ്, സരക്കി ജങ്ഷനിൽ വലത്തേക്ക് തിരിഞ്ഞ് കനകപുര റോഡിലേക്കും ബനശങ്കരിയിലേക്കും പോകാം. ഹൊസൂർ റോഡിൽനിന്ന് കനകപുര റോഡ്, മൈസൂരു റോഡ്, തുംകൂർ റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഹൊസൂർ റോഡ് ബൊമ്മസാന്ദ്ര ജങ്ഷനിൽനിന്ന് ജിഗാനി റോഡ് വഴി ബന്നാർഘട്ട റോഡിലേക്ക് പോയി നൈസ് റോഡിൽ എത്തണം.
നൈസ് റോഡിൽനിന്ന് ഹൊസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബന്നാർഘട്ട ജങ്ഷനിൽ ഇറങ്ങി ജിഗാനി റോഡ് വഴി ബൊമ്മസാന്ദ്ര ജങ്ഷനിലേക്കും ഹൊസൂർ റോഡിലേക്കും പോകണം. ഹൊസൂർ റോഡിൽനിന്ന് സർജാപുർ റോഡ്, വർത്തൂർ, വൈറ്റ്ഫീൽഡ്, ഹോസ്കോട്ടെ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ചന്ദപുര ജങ്ഷനിൽനിന്ന് ദൊമ്മസാന്ദ്ര റോഡ് വഴി സർജാപുർ റോഡിൽ എത്തണം .
എച്ച്.എസ്.ആർ ലേഔട്ട്, കോറമംഗല, ബെല്ലന്ദൂർ, വൈറ്റ്ഫീൽഡ്, നഗരം എന്നിവിടങ്ങളിൽനിന്ന് ഹൊസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സർജാപുർ റോഡ് വഴി ചന്ദപൂരിലെത്തി ഹൊസൂരിലേക്ക് പോകണം.ഇലക്ട്രോണിക് സിറ്റി ഫേസ് ഒന്നിൽ ഓടുന്ന വാഹനങ്ങൾ രണ്ടാം ക്രോസ് റോഡ്, ശിക്കാരിപാളയ റോഡ്, ഹുളിമംഗല റോഡ്, ഗൊല്ലഹള്ളി റോഡ് എന്നിവയിലൂടെ സഞ്ചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.