മംഗളൂരു: ധർമസ്ഥല പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കൂടുതൽ തെളിവുകൾ തേടി ധർമസ്ഥല ഗ്രാമത്തിലെ ബോളിയാർ വനമേഖലയിൽ വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചു. പരാതിക്കാരനായ സാക്ഷിയും അന്വേഷണത്തിലെ മറ്റുള്ളവരും ചേർന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പുത്തൂർ അസി.കമീഷണർ സ്റ്റെല്ല വർഗീസ്, എസ്.ഐ.ടി എസ്.പി. ജിതേന്ദ്ര കുമാർ ദയാമ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സാക്ഷിയോടൊപ്പം ഉണ്ടായിരുന്നു.
കുറച്ച് തൊഴിലാളികളും സംഘത്തോടൊപ്പം കാട്ടിലേക്ക് പ്രവേശിച്ചു. ഇതുവരെ 14 സ്ഥലങ്ങളിൽ മൃതദേഹം പുറത്തെടുക്കൽ നടപടികൾ നടത്തിയിട്ടുണ്ട്. സാക്ഷി തുടക്കത്തിൽ 13 സ്ഥലങ്ങൾ എസ്.ഐ.ടി സംഘത്തിന് കാണിച്ചുകൊടുത്തിരുന്നു. പിന്നീട് രണ്ടു സ്ഥലങ്ങളിൽ കൂടി മൃതദേഹം പുറത്തെടുക്കൽ നടത്തി. എന്നാൽ, സൈറ്റ് നമ്പർ 13ൽ തിരച്ചിൽ നടത്തിയിട്ടില്ല.
ഇതുവരെ ആറാമത്തെ സ്ഥലത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങളും കാണിച്ച 11ാം സ്ഥലത്തിനു സമീപമുള്ള വനത്തിനുള്ളിൽ അധികം പഴക്കമില്ലാത്ത തലയോട്ടി ഉൾപ്പെടെ 100ൽ അധികം അസ്ഥികളും എസ്.ഐ.ടി സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.