ബംഗളൂരുവിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ

ബംഗളൂരു: വിദ്യാർഥിനിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബംഗളൂരുവിലെ സ്വകാര്യ കോളജിലെ രണ്ട് അധ്യാപകരടക്കം മംഗളൂരു സ്വദേശികളായ മൂന്നുപേർ അറസ്റ്റിലായി. ഫിസിക്സ് ലെക്ചററായ നരേന്ദ്ര, ബയോളജി ലെക്ചററായ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പലതവണ താൻ പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി സംസ്ഥാന വനിതാ കമീഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. പീഡനത്തിന്റെ വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കാണിച്ച് വിദ്യാർഥിനിയെ പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു.

പഠനാവശ്യത്തിനുള്ള നോട്ടുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് നരേന്ദ്രയാണ് ആദ്യം വിദ്യാർഥിനിയെ ബംഗളൂരുവിലെ അനുവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. നരേന്ദ്ര പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സന്ദീപും വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി. വിദ്യാർഥിനി വീട്ടിൽ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അനൂപും പീഡിപ്പിച്ചു. ഒരു മാസം മുമ്പാണ് ഈ സംഭവങ്ങൾ നടന്നതെന്നാണ് വിവരം.

എന്നാൽ, അടുത്തിടെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ കർണാടക വനിതാ കമീഷനിൽ പരാതി നൽകുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. വനിതാ കമീഷന്റെ നിർദേശ പ്രകാരം മാറത്ത ഹള്ളി പൊലീസ് ജൂലൈ അഞ്ചിന് കേസ് രജിസ്റ്റർ ചെയ്യുകയും ഇരയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ബംഗളൂരു ഈസ്റ്റ് ഡിവിഷൻ ജോയന്റ് കമീഷണർ രമേഷ് ബാണോത്ത് പറഞ്ഞു.

Tags:    
News Summary - Student gang-raped in Bengaluru; three people including teachers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.