ഗോവിന്ദച്ചാമിയെ ചൊല്ലി കെ. സുരേന്ദ്രനും പി. ജയരാജനും വാക്പോര്

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയതിനെ ചൊല്ലി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സി.പി.എം നേതാവും ജയിൽ ഉപദേശക സമിതി അംഗവുമായ പി. ജയരാജനും തമ്മിൽ വാക്പോര്. ജയിൽ ഉപദേശക സമിതിയിൽ പി. ജയരാജനും തൃക്കരിപ്പൂർ എം.എൽ.എയുമുണ്ടെന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയതാണോ ചാടിച്ചതാണോ എന്നുമായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്.

‘കൊടും ക്രിമിനൽ ഗോവിന്ദച്ചാമി ജയിൽ ചാടിയത് രാത്രി ഒന്നേ കാലിന്. ജയിൽ അധികൃതർ അതറിയുന്നത് പുലർച്ചെ അഞ്ചേ കാലിന്. പൊലീസിൽ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലിൽ വൈദ്യുതി ഫെൻസിംഗ്. ജയിൽ ചാടുമ്പോൾ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സർവ്വത്ര ദുരൂഹത. ജയിൽ ചാടിയതോ ചാടിച്ചതോ? ജയിൽ ഉപദേശക സമിതിയിൽ പി. ജയരാജനും തൃക്കരിപ്പൂർ എം.എൽ.എയും’ -സുരേന്ദ്രൻ ആരോപിച്ചു.

എന്നാൽ, സു​രേന്ദ്രന്റെ നാടായ കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രമായ കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണെന്നും ബിജെപി പ്രവർത്തകർ അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണമെന്നും ജയരാജൻ പരിഹസിച്ചു. ‘ഈ ജയിൽ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ട്. അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഈ ജയിൽ ചാട്ടത്തെ തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും താല്പര്യപ്പെടുന്നു’ -ജയരാജൻ കുറിച്ചു.

സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ 1.15 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത്. പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്ത് വെച്ചുതന്നെയാണ് പിടികൂടിയത്. കറുത്ത പാൻ്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന് സമീപത്തെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാൾ ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Tags:    
News Summary - k surendran and p jayarajan War of words on govindachamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.