ദേശീയപാതയിൽ കുത്തനെ മണ്ണ് വെട്ടിയിറക്കി അവിടെ സിമന്റ്‌ വാരിപ്പൊത്തുന്നു, ഈ രീതി സുരക്ഷിതമല്ല, കോൺക്രീറ്റ് മതിൽ നിർമിക്കണം -വി.ടി. ബൽറാം

പാലക്കാട്: ദേശീയപാതയിൽ കാസർകോട് ചെറുവത്തൂരിൽ കർണാടക ഷിരൂർ മാതൃകയിൽ മണ്ണിടിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കേരളത്തിലെ ദേശീയപാതയിൽ സോയിൽ നെയിലിങ് ചെയ്ത മുഴുവൻ ഭാഗങ്ങളും നല്ല നിലവാരത്തിലുള്ള കോൺക്രീറ്റ് മതിലുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കണമെന്ന് അദ്ദേഹം ആവ​ശ്യ​​പ്പെട്ടു.

‘ചെമ്മൺതിട്ടകളും ചെറുകുന്നുകളും കുത്തനെ മണ്ണ് വെട്ടിയിറക്കി അവിടെ സോയിൽ നെയിലിംഗ് എന്ന പേരിൽ സിമന്റ്‌ വാരിപ്പൊത്തുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. വർഷത്തിൽ ആറ് മാസത്തോളം മഴ പെയ്യുന്ന, അതിന്റേതായ ഉറവകളും നീരൊഴുക്കുമുള്ള കേരളത്തിൽ ഈ രീതി സുരക്ഷിതമല്ല എന്ന് തന്നെയാണ് മനസ്സിലാവുന്നത്. ഒന്നുകിൽ മതിയായ കനത്തിൽ കോൺക്രീറ്റ് മതിലുകൾ നിർമ്മിക്കുക, അല്ലെങ്കിൽ ഇരുവശങ്ങളിലും മതിയായ സ്ലോപ് ഉറപ്പുവരുത്തി മണ്ണ് തിട്ടകളായി വെട്ടിയിറക്കി വേണ്ടവിധം ബലപ്പെടുത്തുക. അടിയന്തരമായി ഇത് ചെയ്തില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനായി ഇരുവശങ്ങളിലും ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കണം. ദേശീയപാതാ അതോറിറ്റിയേക്കൊണ്ടും കേന്ദ്ര സർക്കാരിനേക്കൊണ്ടും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുപ്പിക്കാൻ സംസ്ഥാന സർക്കാരും ഇടപെടണം’ -അദ്ദേഹം ആവശ്യ​പ്പെട്ടു.

ഇന്നലെ രാവിലെ 10 മണിയോടെയാണ് ചെറുവത്തൂർ മയ്യിച്ചയിലെ ദേശീയപാതയിലേക്ക് വീരമലക്കുന്ന് കൂറ്റൻ ശബ്ദത്തിൽ ഇടിഞ്ഞുവീണത്.

ഇതിനിടയിൽപെട്ട കാർ യാത്രക്കാരിയായ അധ്യാപിക തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചളിയും മണ്ണും മൂടി ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നീലേശ്വരം ശ്രീനാരായണ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ അധ്യാപിക സിന്ധു ഹരീഷാണ് രക്ഷപ്പെട്ടത്. കൊടക്കാട് ഗവ. വെൽഫെയർ യു.പി സ്കൂളിൽ പരിശീലനം നടത്തുന്ന തന്റെ വിദ്യാർഥികളെ സന്ദർശിക്കാൻ കാറിൽ വരുന്നതിനിടെയാണ് മലയിടിഞ്ഞത്. അപകടം മുന്നിൽക്കണ്ട ഇവർ, കാർ പരമാവധി മറുഭാഗത്തേക്ക് ഓടിച്ചെങ്കിലും അമിതവേഗതയിലെത്തിയ മണ്ണ് കാറിനെ തള്ളിനീക്കി. സമീപത്തെ കുഴിയിൽ പതിക്കുമെന്നുറപ്പായപ്പോൾ കാറിന്റെ എൻജിൻ ഓഫാക്കി. മണ്ണ് കാറിനെ ഭാഗികമായി മൂടിയിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ഹോട്ടൽ തൊഴിലാളികളാണ് മണ്ണുനീക്കി കാറിൽനിന്ന് പുറത്തിറങ്ങാൻ സഹായിച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിലെ ദേശീയപാതയിൽ സോയിൽ നെയിലിംഗ് ചെയ്ത മുഴുവൻ ഭാഗങ്ങളും നല്ല നിലവാരത്തിലുള്ള കോൺക്രീറ്റ് മതിലുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കണം എന്ന് ശക്തമായി ആവശ്യപ്പെടുന്നു.

ചെമ്മൺതിട്ടകളും ചെറുകുന്നുകളും കുത്തനെ മണ്ണ് വെട്ടിയിറക്കി അവിടെ സോയിൽ നെയിലിംഗ് എന്ന പേരിൽ സിമന്റ്‌ വാരിപ്പൊത്തുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. വർഷത്തിൽ ആറ് മാസത്തോളം മഴ പെയ്യുന്ന, അതിന്റേതായ ഉറവകളും നീരൊഴുക്കുമുള്ള കേരളത്തിൽ ഈ രീതി സുരക്ഷിതമല്ല എന്ന് തന്നെയാണ് മനസ്സിലാവുന്നത്. ഒന്നുകിൽ മതിയായ കനത്തിൽ കോൺക്രീറ്റ് മതിലുകൾ നിർമ്മിക്കുക, അല്ലെങ്കിൽ ഇരുവശങ്ങളിലും മതിയായ സ്ലോപ് ഉറപ്പുവരുത്തി മണ്ണ് തിട്ടകളായി വെട്ടിയിറക്കി വേണ്ടവിധം ബലപ്പെടുത്തുക. അടിയന്തരമായി ഇത് ചെയ്തില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

ഇതിനായി ഇരുവശങ്ങളിലും ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കണം. ദേശീയപാതാ അതോറിറ്റിയേക്കൊണ്ടും കേന്ദ്ര സർക്കാരിനേക്കൊണ്ടും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുപ്പിക്കാൻ സംസ്ഥാന സർക്കാരും ഇടപെടണമെന്ന് ആവശ്യപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.