വി.എ. അരുൺകുമാർ

വലിയ ചുടുകാട് വരെയുള്ള യാത്രയിൽ അച്ഛനോടൊപ്പം ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു; നന്ദി പറഞ്ഞ് വി.എസിന്റെ മകൻ

ആലപ്പുഴ: ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേത് കൂടിയാണെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. ഇന്ന് രാവിലെ അരുൺകുമാറും കുടുംബവും വി.എസ് ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ എത്തിയിരുന്നു. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും സമയമെടുത്തെന്നും പിന്നീടങ്ങ​ോട്ട് നടന്നതെല്ലാം ഒരു സ്വപ്നം പോലെ മാ​ത്രമേ ഓർത്തെടുക്കാനാവുന്നുള്ളൂവെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

അച്ഛന്റെ പെ​ട്ടെന്നുള്ള വിയോഗം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛനെ വീട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാൻ പറ്റുമെന്ന വിശ്വാസത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. അച്ഛനൊപ്പം നിന്ന ജനക്കൂട്ടത്തിനും ഡോക്ടർമാർക്കും ആശ്വസിപ്പിച്ചവർക്കും പാർട്ടിക്കും അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിൽ നന്ദി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്....


Full View


Tags:    
News Summary - VA Arun Kumar expresses gratitude after VS Achuthanandan’s funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.