വീണ്ടും അധിക്ഷേപ പോസ്റ്റുമായി നടൻ വിനായകന്‍; ഗാന്ധി, നെഹ്റു, വി.എസ്, ഉമ്മൻ ചാണ്ടി, ജോർജ് ഈഡൻ അടക്കമുള്ളവർക്കെതിരെ

കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അധിക്ഷേപ വിഡിയോയുമായി രംഗത്തെത്തിയ നടൻ വിനായകൻ, മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിന് പിന്നാലെ സമാനരീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. എന്‍റെ അച്ഛനും ചത്തുവെന്നും വി.എസും ചത്തുവെന്നും വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൂടാതെ, ഗാന്ധിയും നെഹ്റുവും ഇന്ദിരയും രാജീവും കരുണാകരനും ചത്തുവെന്ന് പോസ്റ്റിട്ട വിനായകൻ, ഹൈബിയുടെ തന്ത ജോർജ് ഈഡൻ ചത്തുവെന്നും നിന്‍റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തുവെന്നും എഫ്.ബി പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വിനായകൻ 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ഞങ്ങടെ വി.എസ് മരിക്കുന്നില്ല' എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. വി.എസിന് ആദരാഞ്ജലി അർപ്പിച്ച് എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് വിനായകൻ പങ്കെടുത്തത്. വിനായകൻ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന് പിന്നാലെ വിലാപയാത്ര നടക്കുന്ന സമയത്ത് അധിക്ഷേപ വിഡിയോയുമായി വിനായകൻ രംഗത്തെത്തിയിരുന്നു. 'ആരാണ് ഈ ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.

'എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നും വിനായകൻ വിഡിയോയിൽ പറഞ്ഞിരുന്നു.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വി​ഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിനായകനെതിരെ രൂക്ഷ വിമർശനമാണ് സംസ്ഥാനത്താകെ ഉയർന്നത്. മോശം പരാമർശത്തിൽ വിനായകനെതിരെ പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിനായകനെതിരെ കേസ് പാടില്ലെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Actor Vinayakan posts abusive post against Chandy Oommen and Hibi Eden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.