തിരുവനന്തപുരം: രാഷ്ട്രീയ നേതാവുമായി ബന്ധപ്പെടുത്തി വനിത മാധ്യമ പ്രവർത്തകർക്ക് നേരെ ഇടത് സൈബർ പോരാളികൾ നടത്തുന്ന അപകീർത്തികരമായ സൈബർ ലിഞ്ചിങ്ങിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ). സൈബർ ഇടങ്ങളിൽ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവർത്തകർക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മർദ സാഹചര്യങ്ങളിലൂടെ തൊഴിൽ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ഈ സൈബർ ലിഞ്ചിങ് സ്വൈര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാൻ രാജ്യത്ത് നിയമസംവിധാനങ്ങൾ ഉണ്ടായിരിക്കെ മാധ്യമപ്രവർത്തകരെ സൈബർ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. പ്രമുഖരായ വനിത മാധ്യമപ്രവർത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബർ ലിഞ്ചിങ്ങിനുമാണ് സൈബർ ഗുണ്ടകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ സൈബർ ക്രിമിനലുകളെ വിലക്കാൻ ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങൾ ഇടപെടണം. ശക്തമായ നിയമ നടപടികളിലൂടെ ഈ സൈബർ ആക്രമണത്തിന് അറുതിവരുത്താനും സൈബർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.