കോഴിക്കോട്: വീടിന്‍റെ ദയനീയാവസ്ഥയും ജപ്തി ഭീഷണിയും സി.പി.ഐ നേതാവും നാട്ടിക എം.എൽ.എയുമായ സി.സി. മുകുന്ദൻ നേരിടുന്നുവെന്ന മാധ്യമ വാർത്തയോട് പ്രതികരിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. സാധാരണക്കാരൻ മാസം 20,000 രൂപ വരുമാനത്തിൽ അന്തസായി കുടുംബം നോക്കുന്നുണ്ടെന്നും എന്നിട്ടും കേരളത്തിൽ ഒരു എം.എൽ.എക്ക് ദാരിദ്ര്യമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ ഒരു നിയമസഭ സാമാജികന് പ്രതിമാസം 70,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ചേർത്ത് ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ ലഭിക്കുന്നുവെന്നാണ് അറിവ്. ഇത്രയും പണം മാസം ലഭിച്ചിട്ടും വീട്ടിലെ പൊട്ടിയ ഓട് പോലും മാറ്റിയിടാൻ കഴിയാത്ത എം.എൽ.എ നാട്ടിലെ തകർന്നു കിടക്കുന്ന റോഡുകൾ എങ്ങനെ നന്നാക്കാനാണ്. അതുകൊണ്ട് മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്യാൻ തയാറാവണമെന്നും സന്ദീപ് വാര്യർ എഫ്.ബി. പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ ഒരു നിയമസഭ സാമാജികന് പ്രതിമാസം 70000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ എല്ലാം ചേർത്ത് ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയും ലഭിക്കുന്നു എന്നാണ് അറിവ്. അതിനുപുറമേ 10 ലക്ഷം രൂപ വരെ പലിശയില്ലാത്ത കാർ വായ്പ, 20 ലക്ഷം രൂപ വരെ മിതമായ നിരക്കിൽ ഭവന വായ്പ എന്നിവയും ലഭിക്കുന്നുണ്ട്. കൂടാതെ ഡീസൽ, ഫോൺ, അതിനുപുറമേ ട്രെയിൻ ബസ് യാത്ര ഇതെല്ലാം സർക്കാർ നൽകും. അതിനും പുറമേ ചികിത്സാ ചെലവുകൾ എല്ലാം സർക്കാർ റീ ഇമ്പേഴ്സ്മെൻറ് ചെയ്യും.
ഈ സൗകര്യങ്ങൾ ഒന്നുമില്ലാത്ത കേരളത്തിലെ സാധാരണക്കാരൻ മാസം ഇരുപതിനായിരം രൂപ വരുമാനത്തിൽ അന്തസായി കുടുംബം നോക്കുന്നുണ്ട്. എന്നിട്ടും കേരളത്തിൽ ഒരു എംഎൽഎക്ക് ദാരിദ്ര്യമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്. അതുകൊണ്ട് മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്യാൻ തയ്യാറാവണം.
NB: ഇത്രയും പണം മാസം ലഭിച്ചിട്ടും വീട്ടിലെ പൊട്ടിയ ഓട് പോലും മാറ്റിയിടാൻ കഴിയാത്ത എംഎൽഎ നാട്ടിലെ തകർന്നു കിടക്കുന്ന റോഡുകൾ എങ്ങനെ നന്നാക്കാനാണ്.
ബാങ്ക് വായ്പയെടുത്ത് 18 ലക്ഷത്തിലധികം രൂപയുടെ ബാധ്യത കാരണം വീട് ജപ്തിഭീഷണിയിലാണ് എം.എൽ.എയായ സി.സി. മുകുന്ദൻ. കാലപ്പഴക്കമുള്ള വീട് ശക്തിയായ കാറ്റോ മഴയോ വന്നാൽ ഇടിയുന്ന നിലയിലാണ്. മകളുടെ വിവാഹാവശ്യത്തിന് സഹകരണ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് എടുത്ത ആറു ലക്ഷം രൂപ വായ്പയാണിപ്പോൾ ഇത്രയും വലിയ കുടിശ്ശികയിൽ എത്തിയത്.
പലതവണ ബാങ്ക് നോട്ടീസ് അയച്ചിട്ടും അടക്കാൻ നിർവാഹമില്ല. കാർ വാങ്ങാൻ സർക്കാർ അനുവദിച്ച വായ്പയുടെ തിരിച്ചടവ് മാസം 28,000 രൂപയാണ്. മറ്റൊരു ബാങ്ക് വായ്പയെടുത്തതും അടക്കേണ്ടതുണ്ട്. എം.എൽ.എ എന്ന നിലയിൽ ഓണറേറിയവും ചെത്തുതൊഴിലാളി സഹകരണ സംഘത്തിൽ അറ്റൻഡറായി ജോലിചെയ്ത വകയിൽ ലഭിക്കുന്ന ചെറിയ പെൻഷനുമാണ് വരുമാനം. മുൻ പഞ്ചായത്തംഗമായിരുന്ന ഭാര്യ രാധിക മുകുന്ദന് ജോലിയൊന്നുമില്ല. രണ്ടു പെൺമക്കളാണ്.
വീട്ടിനുള്ളിൽ കഴിഞ്ഞ ദിവസം വഴുതി വീണ് എം.എൽ.എക്ക് കാലിന് പരിക്കേൽക്കുകയും ചെയ്തു. ജപ്തിഭീഷണി നേരിടുന്ന തന്റെ വീടും അഞ്ചര സെൻറ് സ്ഥലവും വിറ്റശേഷം രണ്ടു സെൻറ് സ്ഥലം മറ്റെവിടെയെങ്കിലും വാങ്ങി അവിടെ ഒരു മാടം വെച്ചുകെട്ടി താമസിക്കാനാണ് സി.സി. മുകുന്ദൻ തീരുമാനിച്ചിട്ടുള്ളത്.
ജപ്തി ഭീഷണി വാർത്തയായതിന് പിന്നാലെ മന്ത്രി കെ. രാജനും മുൻ മന്ത്രി വി.എസ്. സുനിൽകുമാറും ഇന്നലെ സി.സി മുകുന്ദനെ വീട്ടിലെത്തി കണ്ടിരുന്നു. മുകുന്ദനോടൊപ്പം പാർട്ടിയുണ്ടെന്ന് കെ. രാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.