കൊച്ചി: നല്ല ടീം ഉണ്ടാക്കിയാൽ ഏത് സാഹചര്യത്തിലും റിസൾട്ട് ഉണ്ടാക്കാനാവും എന്ന വാക്കുകൾ ശരിയാണെന്ന് സസ്പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്ത് ഐ.എ.എസ്. വലിയ സ്ഥാപനങ്ങളിൽ ചെറിയ ടീമുകൾ ഉണ്ടാക്കിയതായിരുന്നു തന്റെ വിജയമെന്നും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (IAS) 19ാം വർഷത്തിലേക്ക് കടക്കുന്ന അദ്ദേഹം പറഞ്ഞു. ‘സസ്പെൻഷൻ കാലഘട്ടം അർഹിക്കാത്തതായിരുന്നെങ്കിലും എന്റെ യാത്രയിലെ ഒരു നിർണായക അധ്യായമായി മാറി. മനോഹരവും. എന്നെ തളർത്താൻ വേണ്ടിയുള്ളതായിരുന്നു അതെങ്കിലും അതെന്നെ കൂടുതൽ ശക്തിപ്പെടുത്തി. ഒരു ശിക്ഷയായി രൂപകൽപ്പന ചെയ്തത് എനിക്കൊരു അനുഗ്രഹമായി. പല ധാരണകളെയും പുതുക്കി, ക്ഷമയെ പരീക്ഷിച്ചു, കൂടാതെ ക്ലാസ്സ് മുറികളിലോ പുസ്തകങ്ങളിലോ അല്ലാത്ത, യഥാർത്ഥ സിസ്റ്റത്തെ അതിന്റെ ഏറ്റവും മൂർച്ചയേറിയ രൂപത്തിൽ എനിക്ക് കാണിച്ചുതന്നു’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഓഗസ്റ്റ് 18, 2007
ഇന്നലെയെന്ന പോലെ ഓർക്കുന്നു - മുസൂറിയിലെ LBSNAA-യിൽ (ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ) സ്കൂൾ കുട്ടികളെപ്പോലെ നീണ്ട നിരയായി, കയ്യിൽ ഫയലുകളും രേഖകളുമായി നിൽക്കുകയായിരുന്നു ഞങ്ങൾ. 81-ആം ഫൗണ്ടേഷൻ ബാച്ചിന് വാർഷികാശംസകൾ! നാം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (IAS) പത്തൊൻപതാം വർഷത്തിലേക്ക് കടക്കുകയാണ്.
ഇക്കഴിഞ്ഞ 18 വർഷങ്ങളെന്നത് മനുഷ്യരെയും, അവരുടെ ആവശ്യങ്ങളെയും വികാരങ്ങളെയും, ദൗർബല്യങ്ങളെയും അതിജീവനശേഷിയെയും, അവരുടെ വിശ്വസ്തതയെയും സത്യസന്ധതയെയും ചിലപ്പോൾ വഞ്ചനയെയും പഠിക്കാൻ കിട്ടിയ ഒരു അപൂർവ്വ അവസരമായിരുന്നു. നമ്മുടെ വിശാലമായ രാജ്യത്തെയും ജനതയെയും മനസ്സിലാക്കുന്ന യാത്രയായിരുന്നു — ഒരു കുട്ടിയെപ്പോലെ, പഠിക്കാനും അതേസമയം അതിന്റെ ഭാഗമാകാനും.
തുടക്കത്തിലൊക്കെ, ടീമിന്റെ നിയമനത്തിലോ, തിരഞ്ഞെടുപ്പിലോ, നിയന്ത്രണത്തിലോ യാതൊരു പങ്കുമില്ലാതെ സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടിവരുന്നത് നീതികേടായി തോന്നിയിരുന്നു - ഉത്തരവാദിത്തം മാത്രം! പക്ഷെ അത് കളിയുടെ നിയമങ്ങളുടെ ഭാഗമായി അംഗീകരിച്ചുകഴിഞ്ഞാൽ, അത് മറ്റൊരു വെല്ലുവിളി മാത്രമായി മാറും. നമ്മുടെ സർവീസ് ഇത്തരം അന്യായങ്ങൾ കൊണ്ട് നിറഞ്ഞതാണ്, അതിൽ പലതും പൊതുജനങ്ങൾക്ക് അറിവില്ലാത്തതുമാണ്.
വിവേകമുള്ളവർ പറയാറുണ്ട്, ഒരു നല്ല ടീം ഉണ്ടാക്കിയാൽ ഏത് സാഹചര്യത്തിലും റിസൾട്ട് ഉണ്ടാക്കാനാവും എന്ന്. വലിയ സ്ഥാപനങ്ങളിൽ ചെറിയ ടീമുകൾ ഉണ്ടാക്കിയതായിരുന്നു എന്റെയും വിജയം. അത്തരം ടീമുകളിലെ സഹപ്രവർത്തകർ വളരെ നല്ല മനുഷ്യരുമായിരുന്നു! നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചു, വെല്ലുവിളികളെ നേരിട്ടു - പ്രശ്നങ്ങളെ നേരിടുമ്പോഴുള്ള ത്രില്ലാണ് മോനേ ശരിക്കുള്ള ത്രില്ല്! Aralam Farm, KTDC, KAMCO, BEVCO, KASE, KSINC, KIIDC- ഓരോന്നും ഓരോ തരത്തിലുള്ള ത്രില്ലിംഗ് problem solving അവസരങ്ങളായിരുന്നു. നഷടത്തിൽ നിന്ന് ലാഭത്തിലേക്കുള്ള കുതിപ്പായിരുന്നു ഓരോന്നും. മാനന്തവാടി സബ് കലക്ടറും കോഴിക്കോട് കലക്ടറുമായിരുന്ന ഫീൽഡ് അനുഭവങ്ങൾ വേറെ! പ്രിയദർശിനി എസ്റ്റേറ്റ്, ഏൻ ഊര്, ഉന്നതി, കമ്പാഷനേറ്റ് കോഴിക്കോട്, ഡിസ്ട്രിക്ട് കളക്ടേസ് ഇന്റേൺഷിപ് പ്രോഗ്രാം, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, വൃദ്ധസദനം, ചിൽഡ്രൻസ് ഹോം, ഓപ്പറേഷൻ സുലൈമാനി - എല്ലായിടത്തും ടീം ആയിരുന്നു മെയിൻ.
ഞാൻ മനസ്സിലാക്കിയ ഒരു ചെറിയ സത്യം: ഈ ജോലിയോടുള്ള എന്റെ ആവേശം കാലം കഴിയുംതോറും കൂടിക്കൊണ്ടേയിരിക്കുന്നു! കാര്യങ്ങൾ നടപ്പിലാക്കുന്ന തട്ടിൽ നിന്ന് നയരൂപീകരണ തലത്തിലേക്ക് മാറിയപ്പോൾ, സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചു — നിശ്ശബ്ദമായും, കഠിനാധ്വാനത്തിലൂടെയും, ഏറെ വിനയത്തോടെയും നമ്മുടെ ടീം പോളിസി തലത്തിൽ ഒട്ടനവധി ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവന്നു. കുട്ടികൾക്കുള്ള വിദേശ സ്കോളർഷിപ്പും, പുതുക്കിയ പ്രീ-പോസ്റ്റ് മെറ്റ്രിക് സ്കോളർഷിപ്പും, സ്കീമുകൾ ലഘൂകരിച്ചതും, കൃഷിയിൽ നവോധൻ, കേര, സഹകാരി SLA, തുടങ്ങിയ മാറ്റങ്ങളൊക്കെ ഒരു ജന്മത്തിന്റെ ചാരിതാർത്ഥയം നൽകി.
കഴിഞ്ഞ വർഷം ഏറെ പ്രത്യേകതയുള്ളതായിരുന്നു. സസ്പെൻഷൻ കാലഘട്ടം, അത് അർഹിക്കാത്തതായിരുന്നെങ്കിലും, എന്റെ യാത്രയിലെ ഒരു നിർണായക അധ്യായമായി മാറി. മനോഹരവും. എന്നെ തളർത്താൻ വേണ്ടിയുള്ളതായിരുന്നു അതെങ്കിലും അതെന്നെ കൂടുതൽ ശക്തിപ്പെടുത്തി. ഒരു ശിക്ഷയായി രൂപകൽപ്പന ചെയ്തത് എനിക്കൊരു അനുഗ്രഹമായി. പല ധാരണകളെയും പുതുക്കി, ക്ഷമയെ പരീക്ഷിച്ചു, കൂടാതെ ക്ലാസ്സ് മുറികളിലോ പുസ്തകങ്ങളിലോ അല്ലാത്ത, യഥാർത്ഥ സിസ്റ്റത്തെ അതിന്റെ ഏറ്റവും മൂർച്ചയേറിയ രൂപത്തിൽ എനിക്ക് കാണിച്ചുതന്നു.
സാധാരണക്കാർക്ക് വേണ്ടുന്ന പല പുതിയ ആശയങ്ങളും ഈ കാലയളവിൽ മൊട്ടിട്ടു. ഈ കാലഘട്ടം അപൂർവമായ ഒരു ശക്തി തന്നു എന്ന് വേണം പറയാൻ. പദവികളും സ്ഥാനങ്ങളും താത്കാലികമാണെന്നും, എന്നാൽ ധൈര്യവും ധർമ്മവും നിലനിൽക്കുമെന്നും അത് നമ്മെ ഓർമ്മിപ്പിച്ചു. പൊസിഷനിൽ നിന്നല്ല, സത്യസന്ധതയിൽ നിന്നാണ് ശക്തി ഉണ്ടാകേണ്ടതെന്ന് ഊട്ടി ഉറപ്പിച്ചു. സത്യത്തിന് അതിന്റേതായ ഒരു നിശ്ശബ്ദ ശക്തിയുണ്ടെന്നും, ആന്തരിക ശക്തിയെ ഒരിക്കലും സസ്പെൻഡ് ചെയ്യാൻ കഴിയില്ലെന്നുമുള്ള എന്റെ വിശ്വാസം കൂടുതൽ ആഴത്തിലാക്കി. എല്ലാത്തിനും ഉപരിയായി, അത് എന്റെ ക്ഷമയെ ശക്തിപ്പെടുത്തി — കാത്തിരിക്കാനും സഹിക്കാനും, കൂടാതെ ഏറ്റവും വലിയ വില്ലന്മാർക്ക് പോലും സ്വയം തിരുത്താനുള്ള സമയം നൽകാനും എനിക്കായി. ചുരുക്കത്തിൽ, നമ്മൾ ഒരു പദവി മാത്രമല്ല, മറിച്ച് ഒരു ആശയവും, ലക്ഷ്യവും, ഒരു ആത്മാവുമാണെന്നും, സാഹചര്യങ്ങൾക്ക് നമ്മളെ തളർത്താൻ കഴിയില്ലെന്നും അത് എന്നെ ബോധ്യപ്പെടുത്തി.
വിവരമുള്ളവർ പറയാറുള്ളതുപോലെ, IAS-ലെ ആദ്യത്തെ പത്തിരുപത് വർഷത്തെ കാലഘട്ടം ഒരു ഉദ്യോഗസ്ഥനിൽ രാജ്യം നടത്തുന്ന നിക്ഷേപമാണ്. ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഒരുപക്ഷേ ഏറ്റവും വലിയ തിരിച്ചറിവ് നമ്മളെല്ലാവരും ഒരു ചക്രത്തിലെ ചെറിയ പല്ലുകൾ മാത്രമാണെന്നും, ആ ചക്രം ശരിയായി തിരിയണമെങ്കിൽ ഓരോ പല്ലും കൃത്യമായി പ്രവർത്തിക്കണമെന്നുമാണ്.
ധർമ്മോ രക്ഷതി രക്ഷിതഃ
#IAS
#007
#UPSC
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.