ലണ്ടൻ: ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റില്‍ ഏതൊരു ബൗളറും ഭയപ്പെട്ടിരുന്ന താരമാണ് വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. ടെസ്റ്റ് ക്രിക്കറ്റിൽ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാൻ താരത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. താരത്തിന്‍റെ വിക്കറ്റെടുക്കുക എന്നത് പേരുകേട്ട ബൗളർമാർക്കുപോലും ഏറെ പ്രയാസമുള്ള കാര്യമായിരുന്നു.
ചുവന്ന തുകല്‍ പന്തും ലാറയുടെ ബാറ്റും തമ്മിലുണ്ടായിരുന്ന കെമിസ്ട്രി അതായിരുന്നു. ലാറയുടെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ -400 റൺസ്. ആൻറിഗ്വയിലെ സെന്‍റ് ജോൺസ് മൈതാനത്ത് ഇംഗ്ലീഷ് ബൗളർമാരുടെ ആത്മവീര്യം തല്ലിക്കെടുത്തി ലാറ കുറിച്ച 400 റൺസ് റെക്കോഡ് വർഷങ്ങൾക്കിപ്പുറവും ആർക്കും മറികടക്കാനായിട്ടില്ല. 582 പന്തുകൾ നേരിട്ട ലാറ 43 ബൗണ്ടറികളും നാലുസിക്സറുകളുമടക്കമാണ് 400 റൺസ് നേടിയത്.
ലാറയെ ബൗളർമാർ ഭയപ്പെട്ടിരുന്നതുപോലെ, ലാറയും ചില ബൗളർമാരെ ഭയപ്പെട്ടിരുന്നു. ക്രിക്കറ്റ് കരിയറിൽ താൻ നേരിട്ടത്തിൽ ഏറ്റവും അപകടകാരിയായ ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ വിൻഡീസ് നായകൻ. ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൺ വോണിന്‍റെ പന്തുകളാണ് താരം ഭയന്നിരുന്നത്. ശ്രീലങ്കൻ മുൻ സ്പിന്നർ മുത്തയ്യ മുരളീധരന്‍റെ പന്തുകൾ ബാറ്റർമാരെ സമ്മർദത്തിലാക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമാണെന്നും ലാറ പറഞ്ഞു.
ഏതു സാഹചര്യങ്ങളിലും മാജിക് ഡെലിവറി എറിയാൻ ഓസീസ് താരത്തിന് പ്രത്യേക കഴിവുതന്നെയുണ്ടെന്നും ലാറ കൂട്ടിച്ചേർത്തു. 16 വർഷം നീണ്ടുനിന്ന ടെസ്റ്റ് കരിയറിൽ 131 മത്സരങ്ങളിൽനിന്നായി 11,953 റൺസാണ് താരം നേടിയത്. 52.9 ആണ് ശരാശരി. 34 സെഞ്ച്വറികളും 48 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. 229 ഏകദിനങ്ങളിൽനിന്നായി 10,405 റൺസും ലാറ നേടി.
ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് ഷെയിൻ വോൺ. ലാറയും വോണും പത്തുതവണ നേർക്കുനേർ വന്നിട്ടുണ്ട്. ടെസ്റ്റിൽ ഏഴു തവണയാണ് ലാറയെ ഓസീസ് സ്പിന്നർ പുറത്താക്കിയത്. ലാറയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ സ്പിന്നർ കൂടിയാണ് വോൺ. മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ ഒമ്പതു തവണ ലാറയെ പുറത്താക്കിയിട്ടുണ്ട്. ഇതിൽ അഞ്ചു തവണയും ടെസ്റ്റിലാണ്. നേരിട്ടതിൽ ഏറ്റവും അപകടകാരിയായ ടീം ഏതാണെന്ന ചോദ്യത്തിന് ആസ്ട്രേലിയ എന്നാണ് ലാറ മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.