‘ബുംറ കളിച്ച മത്സരങ്ങളിലാണ് ഇന്ത്യ കൂടുതൽ തോറ്റത്’; നാലാം ടെസ്റ്റിൽ പേസർ കളിക്കുമോ എന്ന സസ്പെൻസിനിടെ മുൻ ഇംഗ്ലണ്ട് താരം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ കളിക്കുമോ എന്നതിൽ സസ്പെൻസ് തുടരുകയാണ്. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ മാത്രമേ ബുംറയെ കളിപ്പിക്കൂവെന്ന് ടീം മാനേജ്മെന്‍റ് നേരത്തെ തന്നെ തീരുമാനിച്ചതാണ്. താരത്തിന്‍റെ ജോലി ഭാരം കുറക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇത്തരത്തിലൊരു തീരുമാനം.

ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരിക്കേറ്റ താരം വിശ്രമത്തിനുശേഷം ഏപ്രിലിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. അങ്ങനെയെങ്കിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ ഒന്നിൽ മാത്രമാകും ബുംറ കളിക്കുക. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ ആദ്യ ടെസ്റ്റ് തോറ്റിട്ടും ബെർമിങ്ഹാമിലെ രണ്ടാം ടെസ്റ്റിൽ ബുംറക്ക് വിശ്രമം നൽകിയിരുന്നു. മാഞ്ചസ്റ്ററിലും ഓവലിലുമായി രണ്ടു ടെസ്റ്റുകളാണ് ഇനി ബാക്കിയുള്ളത്. പരമ്പരയിലാണെങ്കിൽ ഇന്ത്യ 2-1ന് പിന്നിലും. പരമ്പര സ്വന്തമാക്കണമെങ്കിൽ ഇനിയുള്ള രണ്ടു ടെസ്റ്റുകളും ഇന്ത്യക്ക് ജയിക്കണം. ഈ സാഹചര്യത്തിൽ ഇതിനകം രണ്ടു ടെസ്റ്റുകൾ കളിച്ച ബുംറയുടെ കാര്യത്തിൽ ടീം മാനേജ്മെന്‍റ് തീരുമാനം മാറ്റുമോ അതല്ല, നേരത്തെയുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഈമാസം 24നാണ് നാലാം ടെസ്റ്റ്.

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ബുംറയെ കളിപ്പിക്കുന്നതായിരിക്കും ഇന്ത്യയുടെ പ്രതീക്ഷകൾക്ക് നല്ലതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഇന്ത്യ നാലാം ടെസ്റ്റ് ജയിക്കുകയും പരമ്പര സമനിലയിലാകുകയും ചെയ്താൽ അവസാന ടെസ്റ്റിലും ബുംറയെ കളിപ്പിക്കാൻ സന്ദർശകർക്ക് പ്രലോഭനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യൻ ടീമിന്റെ വാക്കു വിശ്വസിക്കാമെങ്കിൽ, ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ബുംറ കളിക്കുമെന്ന് കരുതാം. പക്ഷേ ഇന്ത്യൻ ടീം വാക്കു മാറ്റാനുള്ള സാധ്യതയുമുണ്ട്. ബുംറ നാലാം ടെസ്റ്റിൽ കളിക്കുകയും ഇന്ത്യ ജയിച്ച് പരമ്പരയിൽ 2–2ന് ഒപ്പമെത്തുകയും ചെയ്താൽ, ഓവലിലെ അഞ്ചാം ടെസ്റ്റിലും അദ്ദേഹത്തെ കളിപ്പിക്കാനാണ് സാധ്യത. എന്നാൽ, ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ജയിച്ച് 3–1ന് ലീഡെടുത്താൽ ബുംറ കളിക്കാനുള്ള സാധ്യതയില്ല. പരമ്പര സമനിലയിലായാലും ബുംറ കളിക്കാനാണ് സാധ്യത’ -ലോയ്ഡ് പറഞ്ഞു.

അതേസമയം, ബുംറ കളിച്ച മത്സരങ്ങളിലാണ് ഇന്ത്യ കൂടുതൽ തോറ്റതെന്നും അവതാരകന്റെ പരാമർശത്തിന് മറുപടിയായി ലോയ്ഡ് പറഞ്ഞു. ബുംറക്ക് വിശ്രമം നൽകിയ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചിരുന്നു. ബുംറക്ക് പകരക്കാരനായി ഇറങ്ങിയ ആകാശ്ദീപ് 10 വിക്കറ്റുമായി തിളങ്ങി. ബുംറയില്ലാതെയാണ് ഇന്ത്യ കൂടുതൽ മത്സരങ്ങൾ ജയിക്കുന്നത്. ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബോളറാണെങ്കിലും, അദ്ദേഹം ടീമിലുള്ളപ്പോഴാണ് ഇന്ത്യ കൂടുതൽ മത്സരങ്ങൾ തോൽക്കുന്നതെന്നും ലോയ്ഡ് കൂട്ടിച്ചേർത്തു.

2018ൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുംറ 47 ടെസ്റ്റുകളാണ് ഇതുവരെ കളിച്ചത്. ഇതിൽ 20 മത്സരങ്ങൾ ജയിച്ചപ്പോൾ, 23 മത്സരങ്ങളിൽ തോറ്റു. നാലെണ്ണം സമനിലയിൽ പിരിഞ്ഞു. ഈകാലയളവിൽ 27 ടെസ്റ്റുകളിൽ ബുംറ കളിച്ചിട്ടില്ല. അതിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. 19 ടെസ്റ്റുകൾ ജയിച്ചപ്പോൾ, മൂന്നെണ്ണം സമനിലയിൽ കലാശിച്ചു.

Tags:    
News Summary - India lose more when Jasprit Bumrah plays’ -David Lloyd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.