മുന്നാം ടെസ്റ്റിലെ മുഹമ്മദ് സിറാജിന്റെ പുറത്താകൽ വേദനിപ്പിച്ചുവെന്ന് ചാൾസ് രാജാവ്

ലണ്ടൻ: മൂന്നാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തും. മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്ചവെച്ച പോരാട്ടവീര്യത്തെ ചാൾസ് രാജാവ് അഭിനന്ദിച്ചുവെന്ന് ഇരുവരും പറഞ്ഞു.

മുഹമ്മദ് സിറാജിന്റെ പുറത്താകൽ വേദനിപ്പിച്ചുവെന്ന് രാജാവ് പറഞ്ഞതായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു. മത്സരത്തിന്റെ പുനസംപ്രേഷണം രാജാവ് കണ്ടിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ അവസാന ബാറ്ററായ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് വീഴുന്ന രംഗം വേദനയുണ്ടാക്കിയെന്ന് രാജാവ് പറഞ്ഞു. ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശുഭ്മാൻ ഗിൽ പറഞ്ഞു.

മൂന്നാം മത്സരം നിരാശയുണ്ടാക്കുന്നതാണെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പ് നൽകിയെന്നും ശുഭ്മാൻ ഗിൽ പറഞ്ഞു. ഇന്ത്യൻ വനിത, പുരുഷ ക്രിക്കറ്റ് ടീമുകൾക്ക് ചാൾസ് രാജാവ് വിരുന്നൊരുക്കിയിരുന്നു. ഈ വിരുന്നിനിടെയാണ് അദ്ദേഹം ഗില്ലുമായും പന്തുമായും സംസാരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മൂന്നാം മത്സരത്തിനിടെ 193 റൺസ് പിന്തുടർന്ന ഇന്ത്യയെ 170 റൺസിന് ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു. ജയത്തോടെ ആതിഥേയർ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (2-1). ഒന്നാം ഇന്നിങ്സിൽ ഇരുടീമുകളുടെയും സ്കോർ ഒപ്പത്തിനൊപ്പമായിരുന്നു -387 റൺസ്. സ്കോർ: ഇംഗ്ലണ്ട് 387, 192, ഇന്ത്യ 387, 170. ജയിച്ച് പരമ്പരയിൽ മുന്നിലെത്താനുള്ള സുവർണാവസരമാണ് ശുഭ്മൻ ഗില്ലും സംഘവും നഷ്ടപ്പെടുത്തിയത്. ഒറ്റക്ക് പൊരുതിയ രവീന്ദ്ര ജദേജ 181 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. ജദേജയുടെയും വാലറ്റത്തിന്‍റെയും ചെറുത്തുനിൽപ്പ് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകിയിരുന്നു.

കെ.എൽ രാഹുൽ 58 പന്തിൽ ആറു ഫോറടക്കം 39 റൺസെടുത്തു. നാലിന് 58 എന്ന നിലയിൽ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് സ്കോർ ബോർഡിൽ 23 റൺസ് കൂട്ടി ചേർക്കുന്നതിനിടെ ഋഷഭ് പന്തിനെ നഷ്ടമായി. 12 പന്തിൽ ഒമ്പത് റൺസെടുത്ത പന്തിനെ ആർച്ചർ ബൗൾഡാക്കി. അധികം വൈകാതെ ഇന്ത്യക്ക് പ്രതീക്ഷ നൽകിയ രാഹുലും മടങ്ങി. സ്റ്റോക്സിന്‍റ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് രാഹുൽ പുറത്തായത്. ഇന്ത്യ 81 റൺസിന് ആറു വിക്കറ്റെന്ന നിലയിലേക്ക് തകർന്നു, വിജയ പ്രതീക്ഷയും മങ്ങി. ആർച്ചർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ റണ്ണൊന്നും എടുക്കാതെ വാഷിങ്ടൺ സുന്ദറും പുറത്ത്. അർച്ചർ തന്നെയാണ് ക്യാച്ചെടുത്ത് താരത്തെ പുറത്താക്കിയത്.

എട്ടാം വിക്കറ്റിൽ ജദേജയും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് ശ്രദ്ധയോടെ ബാറ്റുവീശി സ്കോർ ഉയർത്തി. 30 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ നിതീഷ് മടങ്ങി. 53 പന്തിൽ 13 റൺസായിരുന്നു സമ്പാദ്യം. ക്രിസ് വോക്സിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ സ്മിത്ത് ക്യാച്ചെടുത്താണ് താരം പുറത്തായത്. ഒമ്പതാം വിക്കറ്റിൽ ജദേജയും ബുംറയും പ്രതിരോധിച്ചു കളിച്ചു. 35 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. പിന്നാലെ 54 പന്തിൽ അഞ്ചു റൺസെടുത്ത ബുംറയെ സ്റ്റോക്സ് പുറത്താക്കി. ഇംഗ്ലണ്ട് വിജയം ഒരു വിക്കറ്റ് അകലെ. സിറാജിനെ കൂട്ടുപിടിച്ച് ജദേജ ചെറുത്തുനിൽപ്പ് തുടർന്നു.

ഇതിനിടെ താരം അർധ സെഞ്ച്വറി പിന്നിട്ടു. 150 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കമാണ് താരം 50ൽ എത്തിയത്. ഇംഗ്ലീഷ് ബൗളർമാർ മാറി മാറി പരീക്ഷിച്ചെങ്കിലും ഇരുവരും കീഴടങ്ങിയില്ല. രണ്ടാമത് സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 30ലേക്ക് ചുരുങ്ങി, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് അകലെയും. ശുഐബ് ബഷീറിന്‍റെ പന്തിൽ നാലു റൺസെടുത്ത് സിറാജ് പുറത്തായതോടെ ഇംഗ്ലീഷ് ജയം ഉറപ്പിച്ചു

Tags:    
News Summary - Unfortunate: When King Charles reacted to Mohammed Siraj's Lord's Test dismissal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.